അക്രമോവ് വിടവാങ്ങി


ന്യൂഡൽഹി: ബൈച്ചുങ് ബൂട്ടിയയെ വളർത്തിയെടുക്കുകയും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെ എക്കാലത്തെയും മികച്ച സ്ഥാനത്ത് എത്തിക്കുകയും ചെയ്ത ഉസ്‌ബെക്കിസ്താൻ കോച്ച് റുസ്തം അക്രമോവ് (73) അന്തരിച്ചു. ഈമാസം 15 നായിരുന്നു മരണമെന്ന് ഉസ്‌ബെക്കിസ്താൻ ഒളിമ്പിക് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

1995 മുതൽ 1997 വരെയാണ് അക്രമോവ് ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകനായിരുന്നത്. പ്രധാന ട്രോഫികളൊന്നും നേടിയിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിന് മറക്കാനാവാത്ത നിമിഷങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സിക്കിം സ്വദേശിയായ ബൈച്ചുങ് ബൂട്ടിയ എന്ന കൗമാരക്കാരന് അന്താരാഷ്ട്ര അരങ്ങേറ്റം നൽകിയത് അക്രമോവാണ്. 1995-ൽ തായ്‌ലാൻഡിനെതിരായ നെഹ്രു കപ്പ് മത്സരത്തിലായിരുന്നു അത്. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ ബൂട്ടിയയെ അദ്ദേഹം പാകപ്പെടുത്തിയെടുത്തു. ഐ.എം. വിജയൻ, കാൾട്ടൻ ചാപ്മാൻ, ബ്രൂണോ കുട്ടീന്യോ, ബൂട്ടിയ തുടങ്ങിയ പ്രതിഭാസമ്പന്നർ നിറഞ്ഞ ടീമിനെയാണ് അക്രമോവ് പരിശീലിപ്പിച്ചത്. 1996-ൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 94-ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടം.

സ്വതന്ത്ര ഉസ്‌ബെക്കിസ്താന്റെ ആദ്യ കോച്ചാണ് അക്രമോവ്. ഹിരോഷിമ ഏഷ്യൻ ഗെയിംസിലും സെൻട്രൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഉസ്‌ബെക്കിസ്താനെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..