പ്രോ കബഡി സീസണിന്റെ എട്ടാം സീസണിൽ പ്ലേ ഓഫിൽ കയറിയ ടീമുകളിൽ കരുത്തു കാട്ടിയത് മൂന്നുതവണ ചാമ്പ്യൻമാരായ പട്ന പൈറേറ്റ്‌സ്. പ്രാഥമിക റൗണ്ടിലെ 22 മത്സരങ്ങളിൽ 16 എണ്ണവും ജയിച്ചാണ് ടീം ഒന്നാം സ്ഥാനവും സെമിഫൈനലും സ്വന്തമാക്കിയത്. രണ്ടാം സ്ഥാനക്കാരായി ദബാങ് ഡൽഹി കെ.സിയും സെമിഫൈനലിൽ കടന്നു. മൂന്നുമുതൽ ആറുവരെ സ്ഥാനക്കാരായി യു.പി. യോദ്ധാ, ഗുജറാത്ത് ജയന്റ്‌സ്, ബെംഗളൂരു ബുൾസ്, പുണേരി പൾട്ടൻ ടീമുകൾ പ്ലേ ഓഫിലെത്തി.
തിങ്കളാഴ്ച ബെംഗളൂരുവിൽ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിൽ യു.പി. യോദ്ധ, പുണെരി പൾട്ടനുമായും (എലിമിനേറ്റർ ഒന്ന്- രാത്രി 7.30) ബെംഗളൂരു ബുൾസ്, ഗുജറാത്ത് ജയന്റ്‌സുമായും (എലിമിനേറ്റർ രണ്ട്- രാത്രി 8.30) ഏറ്റുമുട്ടും. 23-ന് സെമിയിൽ പട്ന പൈറേറ്റ്‌സ്, എലിമിനേറ്റർ ഒന്നിലെ വിജയിയെയും ദബാങ് ഡൽഹി, എലിമിനേറ്റർ രണ്ടിലെ വിജയിയെയും നേരിടും. 25-നാണ് ഫൈനൽ.
തലപ്പൊക്കമുള്ള അധികം താരങ്ങളില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും പൈറേറ്റ്‌സ് കരുത്തുകാട്ടി. റെയ്ഡിങ് ഡിപ്പാർട്‌മെന്റിൽ സച്ചിന്റെയും യുവതാരം ഗുമൻസിങിന്റെയും പ്രകടനം ടീമിന് നേട്ടമായി. പ്രതിരോധത്തിൽ ഇറാൻകാരനായ യുവതാരം മൊഹമ്മദ് റെസാ ചിയാനെ സൂപ്പർ പ്രകടനമാണ് നടത്തിയത്. പ്രോ കബഡിയിൽ 21-കാരനായ ചിയാനെയുടെ ആദ്യ സീസണാണ് ഇത്. പ്രാഥമികഘട്ടം കഴിയുമ്പോൾ 81 ടാക്ലിങ് പോയന്റുമായി രണ്ടാംസ്ഥാനത്താണ് താരം. രണ്ടാംസ്ഥാനത്തുള്ള ദബാങ് ഡൽഹിയും (75 പോയന്റ്) ആധിപത്യത്തോടെയാണ് മുന്നേറിയത്.
ബാക്കിയുള്ള നാല് പ്ലേ ഓഫ് സ്ഥാനങ്ങൾക്കായി പൊരിഞ്ഞ മത്സരമാണ് നടന്നത്. യു.പി. യോദ്ധാ (68 പോയന്റ്), ഗുജറാത്ത് ജയന്റ്‌സ് (67 പോയന്റ്), ബെംഗളുരു ബുൾസ് (66 പോയന്റ്), പുണെരി പൾട്ടൻ (66 പോയന്റ്) എന്നിവർ യോഗ്യത നേടിയപ്പോൾ ഹരിയാണ സ്റ്റീലേഴ്‌സിനും (64 പോയന്റ്) ആദ്യ സീസണിലെ ചാമ്പ്യൻമാരായ ജയ്‌പുർ പിങ്ക്പാന്തേഴ്‌സിനും (63 പോയന്റ്) അവസാന കടമ്പയിൽ കാലിടറി. നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാറിയേഴ്‌സ് (57 പോയന്റ്), മുൻചാമ്പ്യൻമാരായ യു മുംബ (55 പോയന്റ് ) എന്നിവരും നിരാശപ്പെടുത്തി. ആറ് മത്സരങ്ങളിൽ ടൈ വഴങ്ങിയത് തമിഴ് തലൈവാസിനും (47 പോയന്റ്) തിരിച്ചടിയായി. 22 മത്സരങ്ങളിൽ ഒരു ജയവുമായി തെലുഗു ടൈറ്റൻസ് (27 പോയന്റ്) അവസാന സ്ഥാനക്കാരായി.
റെയ്ഡർമാരിൽ 274 പോയന്റുമായി ബെംഗളൂരു ബുൾസിന്റെ സൂപ്പർ താരം പവൻ ഷരാവത്താണ് മുന്നിൽ.
പൈറേറ്റ്‌സിനാണ് കിരീടപ്പോരാട്ടത്തിൽ മുൻതൂക്കമെന്ന് മുൻ ഇന്ത്യൻ കോച്ചും യു.മുംബൈയെ പ്രോ കബഡി ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലകനുമായ ഇ.ഭാസ്കരൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..