ഇറ്റാലിയൻ ഫുട്‍ബോളിൽ ചരിത്രമായി മലയാളി ക്ലബ്ബ്


ഇ.പി.രാജീവ്

അഡ്‌ലെഴ്‌സ് ലൊംബാർഡ് എഫ്.സി

മാള: കേരളത്തിൽ സെവൻസ് കളിച്ചുനടന്നവരാണ്. കടൽകടന്ന് ഇറ്റലിയിൽ അവർ ഫുട്‍ബോൾ ക്ലബ്ബുണ്ടാക്കി. വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരും അടങ്ങുന്നവർ മൈതാനത്ത് താരങ്ങളായി. മിലാനിൽ കേരള യൂറോപ്യൻ ഫുട്‍ബോൾ ഫെഡറേഷനുണ്ടാക്കി അതിനുകീഴിൽ അഡ്‌ലെഴ്‌സ് ലൊംബാർഡ് എഫ്.സി. എന്നപേരിൽ ക്ലബ്ബും രജിസ്റ്റർചെയ്തു. അടുത്തമാസം ഇറ്റാലിയൻ ഫുട്ബോളിൽ കളിക്കാനിറങ്ങുകയാണ് ടീം.

ഫെഡറേഷൻ പ്രസിഡന്റ് മലപ്പുറം സ്വദേശി പി.ടി. മുഹമ്മദ് ആബിറാണ് ടീമിന്റെ ക്യാപ്റ്റൻ. ഇരുപതംഗ ടീമിൽ 16 പേരും മലയാളികളാണ്. ടീമിന്റെ മാനേജ്‌മെന്റ് പൂർണമായി മലയാളികളാണ്. 2010 മുതൽ മിലാനിൽ ഓയിൽ പ്രൊഡക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദ് ആബിറിന്റേതായിരുന്നു ആശയം. മലയാളികളായ ഫുട്‍ബോൾ കളിക്കാരുടെ കൂട്ടായ്മയാണ് ക്ലബ്ബായിമാറിയത്. യൂറോപ്യൻ ഫുട്‍ബോളിലെ മുൻനിര ടീമുകളായ എ.സി. മിലാൻ, ഇന്റർ മിലാൻ, അറ്റലാന്റ തുടങ്ങിയ ക്ളബ്ബുകളുടെ യൂത്ത് ടീമുകൾ മത്സരിക്കുന്ന ലീഗിൽ മലയാളികളുടെ സ്വന്തം അഡ്‌ലെഴ്‌സ് ലൊംബാർഡ് കളത്തിലിറങ്ങും.

ഒക്ടോബറിൽ പത്തുമാസത്തെ പുതിയ സീസൺ തുടങ്ങും. ഇറ്റാലിയൻ ലീഗിൽ ഏറെ ആരാധകരുള്ള ക്ലബ്ബായി അഡ്‌ലെഴ്‌സ് ലൊംബാർഡ് മാറി. കഴിഞ്ഞ മാസം ബെർലിനിൽനടന്ന ഓൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അടക്കം അഞ്ചുരാജ്യങ്ങളിൽനടന്ന മത്സരത്തിൽ ചാമ്പ്യന്മാരായിട്ടുണ്ട്. ലീഗ് 7 ഗ്രൂപ് ഡി വിഭാഗത്തിലാണ് ക്ലബ്ബ് ഉൾപ്പെട്ടിരിക്കുന്നത്.

പി.ടി. മുഹമ്മദ് ആബിറിനെ കൂടാതെ തിരുവനന്തപുരം സ്വദേശി ഷാരോൺ മാർക്കോസ്, മലപ്പുറം സ്വദേശികളായ പി.ടി. മുഹമ്മദ് ആസിഫ്, ഹഫീസ് ഹുസൈൻ, സയീദ് മെഹ്‌സും, സി.പി. മുഹമ്മദ് നസീഫ്, കെ.കെ. അഭിലാഷ്, തൃശ്ശൂർ സ്വദേശികളായ മുബീൻ പോനിശ്ശേരി, ജിതിൻ ജോൺസൺ, എൽജോ വിൻസെന്റ്, വി.എസ്. കല്പജ്, എറണാകുളം സ്വദേശികളായ റെജീഷ് റഫീഖ് അറക്കൽ, ആഷിഖ് വിതയത്തിൽ, കോട്ടയം സ്വദേശി ആദിദേവ് സന്തോഷ്, പത്തനംതിട്ട സ്വദേശി ആദിത്യൻ, അങ്കമാലി സ്വദേശി സ്മെന്റോ ജോസഫ് എന്നിവരാണ് താരങ്ങൾ.

അങ്കമാലി സ്വദേശി സ്മെന്റോ ജോസഫ് (പ്രസിഡന്റ്), സിജോ സജീവൻ (ജനറൽ സെക്രട്ടറി), വിശ്വനാഥ് മേനോൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ക്ലബ്ബ്.

Content Highlights: Adlers Lombard FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..