Dinesh Karthik | PTI
: കായികതാരങ്ങളുടെ കരിയറിൽ കയറ്റിറക്കങ്ങളൊക്കെ സ്വാഭാവികമാണ്. പക്ഷേ, ദിനേഷ് കാർത്തിക്കിന്റെ തിരിച്ചുവരവ് ഒന്നൊന്നര വരവായി. അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച് മൂന്നുവർഷത്തിനുശേഷം, 37-ാം വയസ്സിൽ ടീമിൽ തിരിച്ചെത്തുക. ശേഷം ടീമിന്റെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവാകുക, പുതിയ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കുക. അദ്ഭുതകരയ രണ്ടാം ഇന്നിങ്സാണിത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര ഈവർഷം അവസാനം ഒാസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസ് കൂടിയായിരുന്നു. പരമ്പര സമാപിച്ചപ്പോൾ, അദ്ഭുതം സംഭവിച്ചില്ലെങ്കിൽ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്നുറപ്പുള്ള ഒരേയൊരാൾ ദിനേഷ് കാർത്തിക്കാണ്. ‘‘എന്താണോ ദിനേഷിൽനിന്ന് ടീം പ്രതീക്ഷിക്കുന്നത്, അതേ അളവിൽ അത് നൽകാൻ കഴിയുന്നു എന്നത് സന്തോഷകരമാണ്. ദിനേഷ് തന്റെ റോൾ ഭംഗിയാക്കിയതോടെ ടീമിന്റെമുന്നിൽ ഒട്ടേറെ സാധ്യതതുറന്നിരിക്കുന്നു’’ -ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കഴിഞ്ഞപ്പോൾ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഫിനിഷർ റോളിലേക്കാണ് ദിനേഷിനെ കണ്ടുവെച്ചിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20-യിൽ ദിനേഷ് രണ്ടു പന്തിൽ ഒരു റൺസുമായി പുറത്താകാതെനിന്നു. രണ്ടാം മത്സരത്തിൽ 30 നോട്ടൗട്ട്. തുടർന്ന് എട്ടുപന്തിൽ ആറ്. നിർണായകമായ നാലാം ട്വന്റി 20-യിൽ ഇന്ത്യ നാലു വിക്കറ്റിന് 81 എന്നനിലയിൽനിൽക്കെ, ക്രീസിലെത്തിയ ദിനേഷ് 27 പന്തിൽ 55 റൺസുമായി കളിയുടെ ഗതിയും വിധിയും മാറ്റി. 16 വർഷം നീണ്ട അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ ആദ്യ അർധസെഞ്ചുറികൂടിയാണിത്.
2019 ഏകദിന ലോകകപ്പിലാണ് ദിനേഷ് അവസാനമായി കളിച്ചത്. അവസാനമായി ട്വന്റി 20 കളിച്ചത് 2019 ഫെബ്രുവരിയിൽ. ഇനിയൊരു തിരിച്ചുവരവില്ല എന്നുകരുതി കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ കമന്റേറ്ററുടെ റോളിലായിരുന്നു.
ഐ.പി.എലിൽ ഏറെക്കാലം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നയിച്ചു. 2020 സീസണിന്റെ പകുതിയിൽവെച്ച് നായകസ്ഥാനം നഷ്ടമായി. 2021 സീസണിൽ വേണ്ടത്ര തിളങ്ങാനുമായില്ല. ഇക്കുറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെയാണ് കളി മാറിയത്. ടീമിനുവേണ്ടി 16 കളിയിൽ 183 സ്ട്രൈക്ക് റേറ്റിൽ 330 റൺസ്. എല്ലാം ഫിനിഷർ റോളിൽ. അതോടെ ദിനേഷ് പുനർജനിക്കുകയായിരുന്നു. തുടർന്ന് വീണ്ടും ഇന്ത്യൻ ടീമിലേക്ക്.
ഹാർദിക്കിനും പ്രതീക്ഷ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ അവസരത്തിനൊത്തുയർന്ന മറ്റൊരു താരം ഹാർദിക് പാണ്ഡ്യയാണ്. ബിഗ് ഹിറ്റർ, പേസ് ഓൾറൗണ്ടർ എന്നീ റോളിൽ ഹാർദിക്കിനു പകരംനിൽക്കാൻ നിലവിൽ മറ്റൊരാളില്ല. അടുത്തയാഴ്ച നടക്കുന്ന അയർലൻഡിനെതിരായ പരമ്പരയിൽ ക്യാപ്റ്റൻസ്ഥാനംകൂടി നൽകി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ഹാർദിക്കിൽ വിശ്വാസമർപ്പിച്ചു. ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ഹാർദിക്കിന് ഇനിയും അവസരങ്ങളുണ്ട്.
പരമ്പരയിൽ രണ്ട് അർധസെഞ്ചുറിയുമായി ഓപ്പണിങ് ബാറ്റർ ഇഷാൻ കിഷനും സാധ്യത നിലനിർത്തി. കെ.എൽ. രാഹുൽ-രോഹിത് ശർമ എന്നീ ഓപ്പണർമാർ വരാനുണ്ടെങ്കിലും റിസർവ് ഓപ്പണർ എന്നനിലയ്ക്ക് ഇഷാന്റെ പേര് പരിഗണിക്കേണ്ടിവരും. അതേസമയം, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് ലോകകപ്പ് ടീമിലേക്ക് ഏറെ ദൂരമുണ്ട്. വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ തുടങ്ങിയവർ വരുംമത്സരങ്ങളിൽ ഇറങ്ങാനുണ്ട്. എന്തിനധികം, വിക്കറ്റ് കീപ്പർ ബാറ്ററും പരമ്പരയിൽ ക്യാപ്റ്റനുമായ ഋഷഭ് പന്തിന്റെ കാര്യംപോലും ഉറപ്പിക്കാനായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..