ക്ലബ്ബ് ഫുട്‌ബോളിലെ ‘ഡോൺ കാർലോ’


അനീഷ് പി. നായര്‍

1 min read
Read later
Print
Share

Photo: AP

കിരീടമില്ലാത്ത സീസണിൽനിന്ന് വിജയാഘോഷങ്ങളുടെ നടുവിലേക്ക് റയൽ മഡ്രിഡ് സഞ്ചരിക്കുമ്പോൾ അവർക്കുമുന്നിൽ തലയുയർത്തി ഒരാളുണ്ട്; ആരാധകരുടെ ഡോൺ കാർലോ. ഫുട്‌ബോൾപ്രേമികളുടെ കാർലോ ആൻസലോട്ടി.

നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെന്ന നേട്ടം ശിരസ്സിലേക്കണിയുമ്പോൾ ആൻസലോട്ടിക്ക് മതിമറന്ന ആഹ്ളാദങ്ങളുണ്ടാകില്ല. അടുത്തമത്സരത്തിൽ ടീമിനെ എങ്ങനെ ഇറക്കണമെന്ന ചിന്തയാകും തലപുകയ്ക്കുന്നത്. അതാണ് നാല് ചാമ്പ്യൻസ് ലീഗ് വിജയങ്ങളും യൂറോപ്പിലെ അഞ്ച് പ്രധാനലീഗുകളിൽ കിരീടനേട്ടവുമൊക്കെ കൈവരിക്കുന്ന ആദ്യപരിശീലകനാക്കി കാർലോയെ മാറ്റുന്നത്.

ചാമ്പ്യൻസ് ലീഗിൽ എ.സി. മിലാനൊപ്പം രണ്ടുതവണ കപ്പുയർത്തിയ ആൻസലോട്ടി റയലിനൊപ്പവും രണ്ടുതവണ കിരീടം നേടി. മിലാനൊപ്പവും റയലിനൊപ്പവും ലിവർപൂളിനെ ഫൈനലിൽ തോൽപ്പിച്ചതിന്റെ ആനന്ദവുമുണ്ട്. കാരണം, ‘മിറക്കിൾ ഇൗസ്താംബുൾ’ എന്ന് ഫുട്‌ബോൾലോകം ഓമനപ്പേരിട്ട് വിളിക്കുന്ന 2005-ലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ, തലകുനിഞ്ഞുപോയത് അന്ന് ഫൈനലിൽ തോറ്റ എ.സി. മിലാന്റെ പരിശീലകനായിരുന്ന ആൻസലോട്ടിയുടേതായിരുന്നു.

2007-ൽ ഏതൻസിൽവെച്ച് ലിവർപൂളിനെ കീഴടക്കി മിലാൻ കപ്പുയർത്തുമ്പോൾ ആൻസലോട്ടിക്ക് മധുരപ്രതികാരമായിരുന്നു. ഒരിക്കൽക്കൂടി ലിവർപൂളിനെ കീഴടക്കുമ്പോൾ പരിശീലകന് വിജയം ഇരട്ടിമധുരമാകും.

കഴിഞ്ഞ സീസണിൽ കിരീടങ്ങളില്ലാതെ സിനദിൻ സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് മുൻപരിശീലകൻകൂടിയായ ആൻസലോട്ടിയെ തിരികെ റയൽ കൊണ്ടുവരുന്നത്. 2013-’14 സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തത് മാനേജ്‌മെന്റ് ഓർത്തുകാണും. എന്തായാലും രണ്ടാംവരവിൽ ആൻസലോട്ടി ഒറ്റസീസണിൽ മൂന്നുകിരീടങ്ങളാണ് ക്ലബ്ബിലേക്ക് എത്തിച്ചത്. കിട്ടാക്കനിയായ ലാലിഗയും ഒപ്പം ചാമ്പ്യൻസ് ലീഗും സ്പാനിഷ് സൂപ്പർ കപ്പും.

കരിയറിൽ പത്തുടീമുകളെ ആൻസലോട്ടി പരിശീലിപ്പിച്ചിട്ടുണ്ട്. 22 കിരീടങ്ങളും ക്രെഡിറ്റിലുണ്ട്. മിലാനൊപ്പം സീരി എയും ബയേണിനൊപ്പം ബുണ്ടസ് ലീഗിയും ചെൽസിക്കൊപ്പം പ്രീമിയർ ലീഗും പി.എസ്.ജി.ക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്ണും നേടിയാണ് ആൻസലോട്ടി അഞ്ച് പ്രമുഖ ലീഗ് നേടുന്ന പരിശീലകനായി റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.

കളത്തിൽ തന്ത്രങ്ങളുടെ ആചാര്യനൊന്നുമല്ല ആൻസലോട്ടി. എന്നാൽ, കൈയിലുള്ള കളിക്കാരെ തുറുപ്പുചീട്ടാക്കാനുള്ള മാജിക്കുണ്ട്. വെട്ടിയും വെട്ടിപ്പിടിച്ചും അയാൾ അങ്ങനെയൊക്കെയാണ് ‘ഡോൺ കാർലോ’യാകുന്നത്.

Content Highlights: don Carlo the Carlo Ancelotti wins his fourth Champions League

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..