ഇംഗ്ലണ്ടോ പാകിസ്താനോ? ട്വന്റി 20 ലോകകപ്പിലെ ആവേശകരമായ ഫൈനലിന് വേദിയായി മെല്‍ബണ്‍


* ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് പാകിസ്താൻ-ഇംഗ്ലണ്ട് ഫൈനൽ * മത്സരം ഉച്ചയ്ക്ക് 1.30 മുതൽ മെൽബണിൽ * ഫൈനലിന് മഴഭീഷണി

ബാബർ അസം, ജോസ് ബട്‍ലർ

മെൽബൺ: 30 വർഷംമുമ്പ്, ഇതേ വേദി, ഇതേ എതിരാളികൾ. അന്ന് ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് വീഴ്ത്തി ഇമ്രാൻഖാൻ നയിച്ച പാകിസ്താൻ ചാമ്പ്യന്മാരായി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇമ്രാൻ ഖാന് അരികിൽ ഒരു ഇരിപ്പിടം -പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ സ്വപ്നമാണത്.

കുട്ടിയായിരിക്കെ സഹോദരങ്ങളുമൊത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ, രാജ്യത്തെ ലോകകിരീടത്തിലേക്ക് നയിക്കുന്നത് ജോസ് ബട്‌ലർ ഭാവനയിൽ കാണുമായിരുന്നു. ആ സ്വപ്നത്തിനരികിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ.ഫൈനൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ.

മെൽബണിൽ ഞായറാഴ്ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്ചയും ഇതേ സാധ്യത. രണ്ടു ദിവസവും കളി നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. സൂപ്പർ 12-ൽ മെൽബണിലെ മൂന്ന് മത്സരങ്ങൾ മഴമുടക്കിയിരുന്നു.

സെമിയിൽ ഇന്ത്യയുടെ ഹൃദയം ഭേദിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. സെമിയിൽ പാകിസ്താൻ അതിജീവിച്ചത് ന്യൂസീലൻഡിനെ. ഫോം വെച്ച് നോക്കിയാൽ ഇംഗ്ലണ്ടിനാണ് സാധ്യത. പക്ഷേ, ചരിത്രം പാകിസ്താന് ഒപ്പമാണ്. 1992 ഏകദിന ലോകകപ്പുമായി പാകിസ്താന്റെ ഇപ്പോഴത്തെ കുതിപ്പിന് സാമ്യമുണ്ട്. അന്നും പുറത്താകലിന് അരികിൽനിന്ന് കഷ്ടിച്ച് കടന്നുകൂടി ഫൈനലിൽ എത്തിയാണ് പാകിസ്താൻ ചാമ്പ്യന്മാരായത്. ഇക്കുറി, ഗ്രൂപ്പുഘട്ടത്തിലെ ആദ്യമത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്‌വേയോടും തോറ്റ് പുറത്താകുന്നതിന്റെ വക്കിലായിരുന്നു പാകിസ്താൻ. എന്നാൽ, ഹോളണ്ടിനോടുള്ള ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവി പാകിസ്താന് സെമിയിലേക്കുള്ള വഴിതുറന്നു.

ഇംഗ്ലണ്ടും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. രണ്ടു വിജയങ്ങളുള്ള ഏക ടീം വെസ്റ്റ് ഇൻഡീസാണ്. ഞായറാഴ്ചത്തെ വിജയികൾ വിൻഡീസിനൊപ്പം ചേരും.

ബാബർ അസം-മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ട് ഫോമിൽ തിരിച്ചെത്തിയതാണ് പാകിസ്താന്റെ ആശ്വാസം. സെമി ജയിപ്പിച്ചത് ഈ സഖ്യമാണ്. ഷദാബ് ഖാന്റെ ഓൾറൗണ്ട് മികവും ടീമിന് ഊർജംനൽകുന്നു. ഷഹീൻഷാ അഫ്രിഡിയുടെ തീപ്പന്തുകൾ പവർപ്ലേയിൽ അതിജീവിക്കുക ഇംഗ്ലണ്ടിന് ശ്രമകരമാകും.

സെമിയിൽ ഇന്ത്യക്കെതിരേ ജോസ് ബട്‌ലർ-അലക്‌സ് ഹെയ്ൽസ് ഓപ്പണിങ് സഖ്യമാണ് ഇംഗ്ലണ്ടിന് തകർപ്പൻ ജയം നേടിക്കൊടുത്തത്. ഫോമിലെത്തിയാൽ പിടിച്ചാൽകിട്ടാത്തയാളാണ് ബട്‌ലർ. പരിക്കേറ്റ ഡേവിഡ് മാലനും മാർക് വുഡും സെമിയിൽ കളിച്ചിരുന്നില്ല. അവർ ഫൈനലിനുണ്ടാകുമോ എന്ന് വ്യക്തമല്ല.

പിച്ച്

ബാറ്റിങ് ദുഷ്‌കരമാവാൻ സാധ്യത. 160-നടുത്തുള്ള സ്‌കോർ പിന്തുടരുക ശ്രമകരമാകും. പവർപ്ലേയിൽ വിക്കറ്റുകൾ പൊഴിയുമെന്ന് ഇന്ത്യ-പാകിസ്താൻ മത്സരം തെളിയിച്ചതാണ്.

Content Highlights: england vs pakistan icc t20 world cup 2022 final at melbourne

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..