കണക്കൂകൂട്ടി സ്വപ്നഫൈനൽ


സിറാജ് കാസിം

ബ്രസീൽ-അർജന്റീന സെമിക്കു സാധ്യത. ഹോളണ്ട്-അർജന്റീന, ജർമനി-ബ്രസീൽ ക്വാർട്ടർ പോരാട്ടത്തിനും സാധ്യത

Photo: AP

സ്വപ്നഫൈനൽ... ഓരോ ലോകകപ്പ് വിരുന്നെത്തുമ്പോഴും ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്നപോരാട്ടം ഖത്തറിൽ നേരത്തേ എത്തിയേക്കും. ലോകകപ്പിനുള്ള ഗ്രൂപ്പ് നിർണയം പൂർത്തിയായതോടെ അട്ടിമറികളില്ലാതെ ഇരുടീമുകളും മുന്നേറിയാൽ ബ്രസീലും അർജന്റീനയും സെമിയിൽ മുഖാമുഖംവരും. അട്ടിമറികളില്ലാതെപോയാൽ മറുവശത്ത് മറ്റൊരു സെമിയിൽ യൂറോപ്യൻ പോരാട്ടമാകും അരങ്ങേറുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകളിൽ ഒരെണ്ണവും ബെൽജിയം, പോർച്ചുഗൽ ടീമുകളിൽ ഒരെണ്ണവുമാകാം സെമിയിലെത്തുന്നത്. അങ്ങനെവന്നാൽ യൂറോപ്പും ലാറ്റിനമേരിക്കയും ലോകകിരീടത്തിനായുള്ള ഏറ്റുമുട്ടലിനും സാധ്യതയുണ്ട്.

മരണഗ്രൂപ്പില്ല

ഗ്രൂപ്പ് നിർണയം പൂർത്തിയായപ്പോൾ ഇത്തവണ ‘മരണഗ്രൂപ്പ്’ എന്ന വിശേഷണത്തിനു സാധ്യതയില്ലാതെയാണ് വലിയ ടീമുകളെല്ലാം ഓരോ ഗ്രൂപ്പിലും ഉൾപ്പെട്ടത്. മുൻ ലോകചാമ്പ്യന്മാരായ ജർമനിയും സ്പെയിനും ഒരേ ഗ്രൂപ്പിൽവന്നെങ്കിലും ഇവരുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ ജപ്പാനും പ്ലേ ഓഫ് ടീമുമായതിനാൽ വലിയ അപകടങ്ങൾക്കു സാധ്യതയില്ല. അർജന്റീന കളിക്കുന്ന ഗ്രൂപ്പ് സി-യിൽ സൂപ്പർ താരം ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും ലോകകപ്പിൽ എന്നും കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുള്ള മെക്‌സിക്കോയും ഉൾപ്പെട്ടത് അല്പം കടുപ്പമാണെന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ഒരേഗ്രൂപ്പിലാണ് വന്നതെങ്കിലും അവിടത്തെ മറ്റു ടീമുകൾ അത്ര ശക്തരല്ലാത്തതിനാൽ വലിയ അട്ടിമറികൾക്കു സാധ്യതയില്ല.

അട്ടിമറികളില്ലാതെ മുന്നേറിയാൽ ഇത്തവണ ഹോളണ്ടും അർജന്റീനയും തമ്മിലാകും ആദ്യത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടം. ജർമനിയും ബ്രസീലും രണ്ടാമത്തെ ക്വാർട്ടറിൽ കളിക്കുമ്പോൾ മൂന്നാം ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസുമാകും മുഖാമുഖം വരുന്നത്. നാലാം ക്വാർട്ടറിൽ ബെൽജിയം പോർച്ചുഗൽ കളി വരാനാണ് സാധ്യതയേറെ. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ ജർമനി ഒന്നാമതായും സ്‌പെയിൻ രണ്ടാമതായും പ്രീക്വാർട്ടറിൽ കടന്നാലാണ് ഇത്തരമൊരു ക്വാർട്ടർ പോരാട്ടങ്ങൾക്കു സാധ്യത. മറിച്ചായാൽ സ്‌പെയിനും ബ്രസീലും തമ്മിലാകാം ഒരു ക്വാർട്ടർ. ജർമനി രണ്ടാം സ്ഥാനത്തേക്കുപോയാൽ പ്രീ ക്വാർട്ടറിൽ അവർക്ക്‌ ബെൽജിയത്തെ നേരിടണം. എങ്ങനെയായാലും പ്രീക്വാർട്ടറിൽ ജർമനിയോ സ്‌പെയിനോ എതിരാളിയായിവരുന്നത് കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തിന്‌ കനത്ത വെല്ലുവിളിയാകും.

അർജന്റീന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്കു വീണുപോയാൽ കാര്യങ്ങൾ കടുപ്പമാകും. അതോടെ പ്രീക്വാർട്ടറിൽ ഫ്രാൻസിനെ നേരിടേണ്ടിവരുന്ന അർജന്റീനയ്ക്ക്‌ അവിടെനിന്നു മുന്നേറാനായാൽ ക്വാർട്ടറിൽ ഇംഗ്ലണ്ടാകും എതിരാളി. അങ്ങനെ സംഭവിച്ചാൽ ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന മറ്റൊരു വലിയ സാധ്യതയുടെ വാതിൽ തുറക്കുന്നുണ്ട് -സ്വപ്നഫൈനൽ. ഇംഗ്ലണ്ടിനെ വീഴ്ത്തി സെമിയിലെത്തിയാൽ അവിടെ ബെൽജിയം, പോർച്ചുഗൽ, സ്‌പെയിൻ, ജർമനി എന്നിവയിൽ ഒന്നാകാം അർജന്റീനയുടെ എതിരാളി. അവിടെയും ജയത്തോടെ മുന്നേറിയാൽ, ആരാധർ പ്രതീക്ഷിച്ചപോലെ നടന്നാൽ ഫൈനലിൽ കാത്തിരിക്കുന്നത് ബ്രസീലാകും.

Content Highlights: fifa world cup 2022 group draw chance for Brazil Argentina final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..