Photo: AP
പാരീസ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ അലക്‌സാണ്ടർ സ്വരേവ് അടിതെറ്റിവീണു. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റാഫേൽ നഡാലിനെതിരായ സെമിഫൈനലിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണ സ്വരേവ് മത്സരത്തിൽനിന്ന് പിന്മാറി. ഇതോടെ, നഡാൽ ഫൈനലിന് യോഗ്യതനേടി. സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്നത് ഇത് പതിന്നാലാം തവണ.
വെള്ളിയാഴ്ച രാത്രിനടന്ന സെമിയിൽ, ടൈബ്രേക്കറിലേക്കുനീണ്ട ആദ്യസെറ്റ് നഡാൽ നേടിയിരുന്നു 7-6 (10/8). രണ്ടാം സെറ്റിൽ 6-6 എന്നനിലയിൽനിൽക്കെ നഡാലിന്റെ ഷോട്ട് റിട്ടേൺ ചെയ്യുന്നതിനിടെയാണ് ജർമൻതാരം പരിക്കേറ്റ് ഗ്രൗണ്ടിൽ വീണത്. വേദനകൊണ്ട് പുളഞ്ഞ സ്വരേവ് വീൽച്ചെയറിലാണ് കളംവിട്ടത്. അല്പസമയത്തിനകം ഊന്നുവടികളുടെ സഹായത്തോടെ ഗ്രൗണ്ടിലെത്തിയശേഷം മത്സരത്തിൽനിന്ന് പിന്മാറുന്നതായി അറിയിച്ച് മടങ്ങി.
നഡാലിന്റെ 36-ാം പിറന്നാളായിരുന്നു വെള്ളിയാഴ്ച. പിറന്നാളിന് വിജയമധുരം പകരാൻ ഗ്രൗണ്ടിലെത്തിയ നഡാലും സ്വരേവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
ആദ്യസെറ്റിലെ ആദ്യ രണ്ടു ഗെയിമുകളും നേടിക്കൊണ്ട് സ്വരേവ് ഗംഭീരമായി തുടങ്ങി. പിന്നീട് 4-2 ലീഡിലേക്ക് കയറിയെങ്കിലും പിന്നിൽനിന്ന് കയറിവന്ന നഡാൽ 4-4 എന്നനിലയിലാക്കി. പിന്നീട് ഒപ്പത്തിനൊപ്പമായിരുന്നു. ടൈബ്രേക്കറിലും 2-6ന് പിന്നിലായശേഷം നഡാൽ കയറിവന്നു. ഒടുവിൽ 10-8ന് ആദ്യസെറ്റ് പിടിച്ചെടുത്തു. ആദ്യസെറ്റ് 98 മിനിറ്റ് നീണ്ടുനിന്നു.
രണ്ടാം സെറ്റിലും 5-3ന് പിന്നിൽനിന്നശേഷം നഡാൽ തിരിച്ചുവന്നു. സ്വരേവ് 6-5ന് മുന്നിലെത്തിയെങ്കിലും വീണ്ടും നഡാൽ ഒപ്പമെത്തി. ആ ഗെയിമിനൊടുവിലാണ് സ്വരേവ് വീണത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വിജയിച്ചാൽ നഡാലിന് 22-ാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാകും.
Content Highlights: French Open 2022 Rafael Nadal reaches final


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..