നീരജ് ചോപ്ര
1932-ലാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യമത്സരം. എന്നാൽ, ആദ്യജയത്തിനായി 20 വർഷം കാത്തിരിക്കേണ്ടിവന്നു. 1952-ൽ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലാണ് ഇന്ത്യ ക്രിക്കറ്റിലെ ആദ്യവിജയം നേടിയത്. വിജയ് ഹസാരെയുടെ നേതൃത്വത്തിലുള്ള ടീം ഇന്നിങ്‌സിനും എട്ടു റൺസിനും ജയിച്ചു.
ആദ്യ ഒളിന്പിക് മെഡൽ (1952)
സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സിൽ വ്യക്തിഗതമെഡൽ നേടുന്ന ആദ്യത്തെയാളാണ് കെ.ഡി. ജാദവ്. മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലം നേടി.
പ്രകാശം പരത്തിയ പദുക്കോൺ (1980)
ലോക ബാഡ്മിന്റണൽ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരനാണ് പ്രകാശ് പദുക്കോൺ. 1980-ൽ പുരുഷ സിംഗിൾസിൽ ഒന്നാംസ്ഥാനത്തെത്തുമ്പോൾ പ്രകാശിന് 25 വയസ്സ്. അതേവർഷം ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിലും പ്രകാശ് കിരീടം നേടി.
ക്രിക്കറ്റ് ലോകകപ്പ് വിജയം (1983)
ഇന്ത്യൻ കായികചരിത്രത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു 1983 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കപിൽദേവും കൂട്ടരും നേടിയ വിജയം.
പ്രുഡെൻഷ്യൽ കപ്പ് എന്നറിയപ്പെടുന്ന 1983 ലോകകപ്പ് ഫൈനലിൽ ‘കപിലിന്റെ ചെകുത്താൻമാർ’ വെസ്റ്റിൻഡീസിനെ 43 റൺസിന് കീഴടക്കി കിരീടം നേടി. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ൽ മറ്റൊരു ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചു.
ഉഷയുടെ നഷ്ടം, കേരളത്തിന്റെയും 1984
: അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ ഒരു മലയാളിയിലൂടെ ലഭിക്കേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അതു സംഭവിച്ചില്ല. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി അത്‌ലറ്റ് പി.ടി. ഉഷ മികച്ച സമയത്തോടെ ഫൈനലിലെത്തിയെങ്കിലും സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് വെങ്കലമെഡൽ നഷ്ടമായി. തൊട്ടടുത്തവർഷം ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ അഞ്ചു സ്വർണം നേടി ഉഷ ചരിത്രം സൃഷ്ടിച്ചു.
ആനന്ദ്, ലോകചാമ്പ്യൻ (2000)
ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് വിശ്വനാഥൻ ആനന്ദ്. 2000-ത്തിലെ ഫിഡെ ലോക ചാമ്പ്യൻഷിപ്പിൽ സ്പെയിൻകാരനായ അലക്സി ഷിറോവിനെ തോൽപ്പിച്ചാണ് ആനന്ദ് ലോകചാമ്പ്യനായത്. തുടർന്ന് 2007, 2008, 2010, 2012 വർഷങ്ങളിലും ചാമ്പ്യനായി. ചെന്നൈ സ്വദേശിയായ ആനന്ദ് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരൻ (1988)കൂടിയാണ്.
ലോക അത്‌ലറ്റിക്‌സിലെ മലയാളി -2003
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യമെഡൽ മലയാളിയായ അഞ്ജു ബി. ജോർജിന്റെ പേരിലാണ്. 2003 പാരിസ് ലോക ചാമ്പ്യൻഷിപ്പിൽ 6.83 മീറ്റർ ചാടി അഞ്ജു വെങ്കലം നേടി. ഇന്നും ദേശീയ റെക്കോഡാണിത്. കോട്ടയം ചങ്ങനാശ്ശേരിയിൽ ജനിച്ച അഞ്ജു 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണവും 2002 മാഞ്ചെസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
അഭിനവ് ബിന്ദ്രയുടെ സ്വർണം (2008)
ഒളിമ്പിക്സിൽ വ്യക്തിഗതസ്വർണത്തിനായി ഇന്ത്യക്ക് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയാണ് ആദ്യമായി വ്യക്തിഗതസ്വർണം നേടിയത്.
ലോകചാമ്പ്യൻഷിപ്പിലെ സിന്ധു (2019)
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻവനിതയാണ് പി.വി. സിന്ധു. 2019-ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോൽപ്പിച്ച് സ്വർണം നേടി. 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും 2021 ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടിയ സിന്ധു, രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻവനിതയുമായി.
നീരജിന്റെ സ്വർണം (2021)
ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിൽ ഇന്ത്യയുടെ സ്വർണം നീരജ് ചോപ്രയിലൂടെ. 2021 ടോക്യോ ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് അത്‌ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യമെഡൽ നീരജ് സ്വന്തമാക്കിയത്. ഹരിയാണ സ്വദേശിയായ നീരജ്, 2022-ൽ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (88.13 മീറ്റർ) വെള്ളിയും നേടി.
ഇതോടൊപ്പം ചരിത്രത്തിൽ ഇടംപിടിച്ച ഒട്ടേറെ നേട്ടങ്ങളുണ്ട്. 1956 മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യ ഫുട്ബോൾ സെമിയിലെത്തിയിരുന്നു. പ്രാഥമികറൗണ്ടിൽ എതിരാളിയായിരുന്ന ഹംഗറി പിൻമാറിയതിനെത്തുടർന്ന് ക്വാർട്ടറിൽ എത്തി. അവിടെ ഓസ്‌ട്രേലിയയെ (4-2) തോൽപ്പിച്ച് സെമിഫൈനലിലെത്തി. അവിടെ യുഗോസ്ലാവിയയോട് തോറ്റു (4-1). വെങ്കലമെഡൽ പോരാട്ടത്തിൽ ബൾഗേറിയയോടും (3-0) തോറ്റു.
ഒരു വിജയം മാത്രമേയുള്ളൂവെങ്കിലും ഒളിമ്പിക്സിൽ സെമിഫൈനലിസ്റ്റുകളായി.
അന്താരാഷ്ട്ര ടെന്നീസിലെ ഏറ്റവും പ്രധാന ടൂർണമെന്റായ വിംബിൾഡണിൽ (1960) മദ്രാസ് സ്വദേശി രാമനാഥൻ കൃഷ്ണൻ സിംഗിൾസ് സെമിഫൈനലിലെത്തിയതും പ്രധാനമാണ്. തൊട്ടടുത്തവർഷവും സെമിയിലെത്തിയ രാമനാഥൻ ഈ രംഗത്ത് ഒട്ടേറെ യുവതാരങ്ങൾക്ക് വഴികാട്ടിയായി.
2008 ബെയ്ജിങ് ഒളിമ്പിക്സിലെ ഗുസ്തിയിൽ വെള്ളിയും 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലവും നേടിയ സുശീൽകുമാർ ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗതമെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ താരമായി.
Content Highlights: india's achievements in sports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..