ഋഷഭ് പന്ത്| Photo: ANI
രാജ്കോട്ട്: പരമ്പരയിലെ മൂന്നുമത്സരങ്ങൾ കഴിഞ്ഞപ്പോഴും ഇന്ത്യയുടെയും ഋഷഭ് പന്തിന്റെയും അവസ്ഥയിൽ മാറ്റമൊന്നുമില്ല. അടുത്തമത്സരം ജയിക്കണം, ഇല്ലെങ്കിൽ പണി പാളും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റിന് വെള്ളിയാഴ്ച രാജ്കോട്ടിലെ പിച്ചിൽ ഇറങ്ങുമ്പോൾ ജയമല്ലാതെ മറ്റൊരു സാധ്യതയും ഇന്ത്യയുടെ മുന്നിലില്ല. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക. വെള്ളിയാഴ്ച ജയിച്ചാൽ അവർ പരമ്പര സ്വന്തമാക്കും. അഞ്ചാംമത്സരത്തിന്റെ ആവേശം ചോരും. മത്സരം വൈകീട്ട് ഏഴുമുതൽ.
ആദ്യ രണ്ടുകളികൾ തോറ്റെങ്കിലും മൂന്നാമത്തെ മത്സരത്തിൽ 48 റൺസിന്റെ കൂറ്റൻവിജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഋതുരാജ് ഗെയ്ക്വാദ്- ഇഷാൻ കിഷൻ ഓപ്പണിങ് സഖ്യം 10 ഓവറിൽ 97 റൺസടിച്ച് മിന്നുന്ന തുടക്കംനൽകിയത് വിജയത്തിൽ നിർണായകമായി. പക്ഷേ, പരമ്പരയിലാകെ മധ്യനിര ബാറ്റിങ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ക്യാപ്റ്റൻ ഋഷഭ് പന്ത് മൂന്നുമത്സരങ്ങളിലുമായി നേടിയത് (29, 5, 6) 40 റൺസ്. ശ്രേയസ് അയ്യർ മോശമായില്ലെങ്കിലും (36, 40, 14) വൺഡൗണായി സ്ഥാനമുറപ്പിക്കാൻ പറ്റുന്ന ഇന്നിങ്സ് വന്നില്ല. ഋതുരാജ്, ശ്രേയസ്, ഇഷാൻ എന്നിവർക്കെല്ലാം ട്വന്റി 20 ലോകകപ്പിനുള്ള സാധ്യതാടീമിൽ ഇടംപിടിക്കാൻ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും നിർണായകമാണ്.
ആദ്യ രണ്ടുമത്സരത്തിലും നിറംമങ്ങിയ ബൗളർമാർ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. പ്രത്യേകിച്ച്, പ്രധാന സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. കഴിഞ്ഞ മത്സരത്തിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി ചാഹൽ മൂന്നുവിക്കറ്റ് നേടി. പരമ്പരയിൽ ഇന്ത്യ ഇതുവരെ ടീമിൽ മാറ്റംവരുത്തിയിട്ടില്ല. ജയം നിർണായകമായിരിക്കേ, വെള്ളിയാഴ്ചയും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. പേസർമാരായ അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക് എന്നിവരുടെ കാത്തിരിപ്പ് നീളാനാണ് സാധ്യത.
തെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം ജയത്തോടെ പരമ്പര ഉറപ്പിക്കാനാകും വെള്ളിയാഴ്ച ഇറങ്ങുന്നത്. പരിക്കിനെത്തുടർന്ന് മാറിനിൽക്കുന്ന ഓപ്പണർ ക്വിന്റൺ ഡി കോക്ക് തിരിച്ചെത്തിയേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..