താളംതേടി


2 min read
Read later
Print
Share

* രണ്ടാം ട്വന്റി 20-യിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും * മത്സരം നാഗ്പുരിൽ രാത്രി 7.00 മുതൽ * പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

rohit sharma

നാഗ്പുർ: ഓസ്‌ട്രേലിയക്കെതിരായ നിർണായക ട്വന്റി 20 മത്സരത്തിന് വെള്ളിയാഴ്ച നാഗ്പുരിൽ അരങ്ങൊരുങ്ങുമ്പോൾ, ഇന്ത്യക്കുമുന്നിലുള്ള വലിയ ചോദ്യം ജസ്‌പ്രീത് ബുംറ കളിക്കുമോ എന്നതാണ്. പുറത്തെ പരിക്കുമൂലം ബുംറ ഏഷ്യാകപ്പിൽ കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിൽ മടങ്ങിയെത്തിയെങ്കിലും ആദ്യമത്സരത്തിൽ പുറത്തിരുന്നു. ബുംറ പരിക്കിൽനിന്ന് പൂർണമായും മോചിതനായില്ലെന്ന സൂചനയായിരിക്കാം ഇത്. ആദ്യമത്സരം തോറ്റ ഇന്ത്യ വെള്ളിയാഴ്ചയും കീഴടങ്ങിയാൽ പരമ്പര നഷ്ടമാകും. ലോകകപ്പ് അടുത്തെത്തിനിൽക്കെ അതത്ര സുഖകരമല്ല.

അലങ്കോലമായ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേതെന്ന് ആദ്യമത്സരത്തിൽ തെളിഞ്ഞു. മൂന്നര ഫാസ്റ്റ് ബൗളർമാർ (ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ് എന്നിവരും ഹാർദിക് പാണ്ഡ്യയും) ചേർന്ന് 14 ഓവറിൽ വിട്ടുകൊടുത്തത് 150 റൺസാണ്. വിശ്വസ്തനായ ഭുവേനശ്വർ ഫോമിലല്ലാത്തതാണ് ഇന്ത്യയുടെ സമീപകാല തോൽവികൾക്ക് ഒരു പ്രധാന കാരണം. ഇന്ത്യ തോറ്റ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 19-ാം ഓവറുകൾ എറിഞ്ഞ ഭുവി ആകെ വിട്ടുകൊടുത്തത് 49 റൺസാണ്. ഈ സാഹചര്യത്തിൽ ബുംറ തിരിച്ചെത്തേണ്ടത് അത്രയും അനിവാര്യമാണ്.

ഏതു സാഹചര്യത്തിലും ഗംഭീരമായി പന്തെറിയുന്ന യുസ്‌വേന്ദ്ര ചാഹലിന് ഇപ്പോൾ മൂർച്ച നഷ്ടപ്പെട്ടിരിക്കുന്നു. കുറെ മത്സരങ്ങളിലായി ധാരാളം റൺസ് വിട്ടുകൊടുക്കുന്നു. നിർണായക വിക്കറ്റുകളും വീഴ്ത്തുന്നില്ല. പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായെത്തിയ അക്‌സർ പട്ടേൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയതാണ് ഇന്ത്യക്ക് ആശ്വാസം.

ഫീൽഡിങ്ങിലും ഇന്ത്യ ധാരാളം പിഴവുകൾ വരുത്തി. മൂന്ന് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ട്വന്റി 20 പോലൊരു മത്സരത്തിൽ വിജയം തടയാൻ ഇത് ധാരാളംമതി.

ബാറ്റിങ്ങിൽ ഇന്ത്യ ആക്രമണോത്സുകത തുടരുന്നു. ആദ്യമത്സരത്തിൽ രോഹിത് ശർമയും വിരാട് കോലിയും നേരത്തേ പുറത്തായിട്ടും 200-നുമുകളിൽ സ്‌കോർ ചെയ്യാൻ കഴിഞ്ഞു. മെല്ലെപ്പോക്കിന് പഴികേട്ട കെ.എൽ. രാഹുൽ അതിന് പ്രായശ്ചിത്തം ചെയ്തു. ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്‌സുകൾ സ്‌കോർ കുതിപ്പിച്ചു. ഫിനിഷർ ദിനേഷ് കാർത്തിക് അത്രയ്ക്കങ്ങ് ക്ലിക്കാവാത്തത് പ്രശ്നമാണ്.

മറുവശത്ത് ഓസ്‌ട്രേലിയ എണ്ണയിട്ട യന്ത്രംപോലെയാണ്. ഡേവിഡ് വാർണർ, മിച്ചെൽ സ്റ്റാർക്, മാർക്കസ് സ്‌റ്റോയിനിസ്, മിച്ചെൽ മാർഷ് എന്നീ പ്രമുഖരില്ലെങ്കിലും യുവതലമുറ വരവറിയിച്ചുകഴിഞ്ഞു. കാമറൂൺ ഗ്രീനും ടിം ഡേവിഡും മികച്ചുനിന്നു.

വേഗംകുറഞ്ഞ പിച്ച്

മൊഹാലിയിലേതിൽനിന്ന് വ്യത്യസ്തമായി വേഗംകുറഞ്ഞ പിച്ചായിരിക്കും നാഗ്പുരിലേത്. ബൗളർമാർക്ക് ആനുകൂല്യം ലഭിക്കും. ടോസ് കിട്ടുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Content Highlights: India vs Australia, Australia in India 2022, 2nd T20I

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..