Photo: twitter.com/ChennaiIPL
അഹമ്മദാബാദ്: നാലുദിവസംമുമ്പ് ചെന്നൈ സൂപ്പർ കിങ്‌സ് തോൽപ്പിച്ചുവിട്ട ഗുജറാത്ത് ടൈറ്റൻസ് ടീം ഇതാ വീണ്ടും മുന്നിൽ. കളിക്കാർ അതുതന്നെയാണെങ്കിലും ഒരൊറ്റ ദിവസംകൊണ്ട് ഗുജറാത്ത് ടീം ഒന്നാകെ മാറിയിരിക്കുന്നു. ശുഭ്മാൻ ഗിൽ എന്ന പുതിയ സൂപ്പർ സ്റ്റാറിന്റെ ഒരൊറ്റ ഇന്നിങ്‌സിലൂടെ അവരുടെ വീര്യം ഇരട്ടിച്ചിരിക്കുന്നു.
16-ാമത് ഐ.പി.എൽ. ഫൈനലിൽ ചെന്നൈ x ഗുജറാത്ത് ഫൈനൽ ഞായറാഴ്ച രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യ ട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എം.എസ്. ധോനിയാണ് ചെന്നൈയെ നയിക്കുന്നതെങ്കിൽ ഇപ്പോഴത്തെ ഇന്ത്യൻ ടി 20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. ധോനിയുടെയും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെയും ആരാധകനാണ് ഹാർദിക്. പക്ഷേ, നേർക്കുനേർ പോരാട്ടത്തിൽ ആ ആരാധനയുണ്ടാകില്ല.
ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിനെത്തുന്നത്. അതുകൊണ്ടുതന്നെ തുല്യശക്തികളുടെ പോരാട്ടമാകും ഫൈനൽ.
1,30,000-ത്തോളം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഐ.പി.എൽ. ഫൈനലിനനുവദിച്ച ടിക്കറ്റുകളെല്ലാം വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. ഹോംഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം എന്നത് ഗുജറാത്തിന് മാനസികമായി ചെറിയ ആധിപത്യം നൽകുന്നു.
നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത്. കഴിഞ്ഞവർഷം ടൂർണമെന്റിൽ കളിച്ചുതുടങ്ങിയ ടീം ആദ്യ സീസണിൽത്തന്നെ ചാമ്പ്യന്മാരായി. ഇക്കുറിയും തുടക്കംതൊട്ട് സ്ഥിരതയാർന്ന പ്രകടനമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈയോട് തോറ്റത് ഒഴിച്ചുനിർത്തിയാൽ ഗുജറാത്തിന് വലിയ വെല്ലുവിളിയുണ്ടായില്ല.
അഞ്ചാം കിരീടം തേടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഞായറാഴ്ച ഇറങ്ങുന്നത്. 2008-ലെ ആദ്യ സീസൺതൊട്ട് ചെന്നൈയെ നയിക്കുന്ന എം.എസ്. ധോനിക്ക് 42 വയസ്സ് തികയാറായി. അടുത്തസീസണിൽ അദ്ദേഹം കളിക്കുമോ എന്ന ചോദ്യം സജീവമായുണ്ട്. കിരീടം നേടിയാൽ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.
ഓൾറൗണ്ട് മികവിലാണ് ഗുജറാത്തിന്റെ മുന്നേറ്റം. ഇക്കുറി വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ആദ്യമൂന്നുപേരും ഗുജറാത്ത് താരങ്ങളാണ്. മുഹമ്മദ് ഷമി (28 വിക്കറ്റ്), റാഷിദ് ഖാൻ (27), മോഹിത് ശർമ (24) എന്നിവർ. ബാറ്റിങ്ങിൽ മുന്നിലുള്ള ശുഭ്മാൻ ഗില്ലും (851) അവരുടെ ടീമിലാണ്. ഇതിൽ മൂന്നു സെഞ്ചുറിയുമുണ്ട്.
ടീമിന്റെ ശക്തി വെളിപ്പെടുത്താൻ വേറെ ഉദാഹരണം വേണ്ടാ. ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ തുടങ്ങി അവരുടെ ബാറ്റിങ് നിരയ്ക്ക് ഏറെ ആഴമുണ്ട്. വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരേ 20 ഓവറിൽ 233 റൺസാണ് അടിച്ചുകൂട്ടിയത്.
ഷമി, ഹാർദിക്, റാഷിദ് ഖാൻ, മോഹിത് ശർമ, ജോഷ് ലിറ്റിൽ എന്നിവരടങ്ങിയ ബൗളിങ് നിരയും സന്തുലിതമാണ്.
ചെന്നൈയുടെ കരുത്തും ബാറ്റിങ്ങിലാണ്. ഋതുരാജ് ഗെയ്ക്‌വാദും ഡെവൻ കോൺവെയും ചേർന്ന അവരുടെ ഓപ്പണിങ് ഈ ഐ.പി.എലിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടാണ്. ശിവം ദുബെ, അജിൻക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം.എസ്. ധോനി തുടങ്ങിയവരാണ് പിന്നീട് വരുന്നത്.
ബൗളിങ്ങിൽ, ദീപക് ചഹാർ, മോയിൻ അലി, രവീന്ദ്ര ജഡേജ എന്നിവരെ മാറ്റിനിർത്തിയാൽ ഒരുസംഘം പുതുമുഖക്കാരുമായാണ് ചെന്നൈ കളിച്ചത്. തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷ്ണ എന്നീ ബൗളർമാർ ചെന്നൈയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു. എല്ലാറ്റിനെയും ഒരുമിപ്പിച്ച ധോനി എന്ന ക്യാപ്റ്റന്റെ സാന്നിധ്യവും അവർക്ക് ബലംനൽകുന്നു.
Content Highlights: IPL 2023 Final CSK vs GT
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..