Photo: Print
അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാംദിവസവും പെയ്ത മഴയും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പോരാട്ടവീര്യം കെടുത്തിയില്ല. ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനലിനുചേര്‍ന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചെന്നൈ ചാമ്പ്യന്‍മാര്‍. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ അഞ്ചു വിക്കറ്റിന് വീഴ്ത്തി. അവസാന രണ്ടു പന്തില്‍ പത്തുറണ്‍ വേണ്ടിയിരിക്കേ മോഹിത് ശര്‍മയ്‌ക്കെതിരേ ഒരു സിക്‌സും ഒരു ഫോറും നേടിയ രവീന്ദ്ര ജഡേജ ഹീറോ ആയി. മഴമൂലം ചെന്നൈയുടെ ലക്ഷ്യം പുനര്‍നിര്‍ണയിച്ചതിനാല്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ജയം.
സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ നാലിന് 214, ചെന്നൈ 15 ഓവറില്‍ അഞ്ചിന് 171. ചെന്നൈയുടെ അഞ്ചാം കിരീടമാണിത്.
215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ മൂന്നു പന്തില്‍ നാല് റണ്‍ എടുത്തുനില്‍ക്കേ മഴയെത്തി. കളി രണ്ടുമണിക്കൂറോളം മുടങ്ങിയതിനാല്‍ അവരുടെ ലക്ഷ്യം 15 ഓവറില്‍ 171 ആയി പുനര്‍നിശ്ചയിച്ചു. ഓവറില്‍ 11 റണ്‍സിലേറെ ആവശ്യമായിരുന്ന ചെന്നൈക്കുവേണ്ടി, ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും (16 പന്തില്‍ 26), ഡെവന്‍ കോണ്‍വെയും (25 പന്തില്‍ 47) അതിനനുസരിച്ച് ബാറ്റുവീശി. ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സിലെത്തി. എന്നാല്‍ ഏഴാം ഓവറില്‍ ആറു റണ്‍ മാത്രം വഴങ്ങി നൂര്‍ അഹമ്മദ് രണ്ട് ഓപ്പണര്‍മാരെയും മടക്കിയത് വഴിത്തിരിവായി.
മൂന്നാമനായ ശിവം ദുബെയും നാലാമനായ അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 23 പന്തില്‍ 39 റണ്‍സ് ചേര്‍ത്ത് വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. 10 ഓവറില്‍ ചെന്നൈ രണ്ടിന് 112 റണ്‍സിലെത്തി. 13 പന്തില്‍ 27 റണ്‍സെടുത്ത രഹാനെ 11-ാം ഓവറിലെ അവസാന പന്തില്‍ മടങ്ങിയതോടെ വീണ്ടും ഗുജറാത്ത് പിടിമുറുക്കി.
അവസാന മൂന്ന് ഓവറില്‍ 39 റണ്‍സ് വേണം. മോഹിത് ശര്‍മ എറിഞ്ഞ 13-ാം ഓവറിലെ ആദ്യ മൂന്നുപന്തില്‍ രണ്ടു സിക്‌സും ഒരു ഫോറും അടിച്ച അമ്പാട്ടി റായുഡു (എട്ടു പന്തില്‍ 19) നാലാം പന്തില്‍ ഔട്ട്. പ്രമോട്ട് ചെയ്ത് ഇറങ്ങിയ എം.എസ്. ധോനി നേരിട്ട ആദ്യപന്തില്‍ ഗോള്‍ഡന്‍ ഡക്കായത് കണ്ട് സ്റ്റേഡിയം ഞെട്ടി. ഇതോടെ വീണ്ടും ഗുജറാത്തിന് അനുകൂലമായി. അവസാന രണ്ട് ഓവറില്‍ വേണ്ടത് 21റണ്‍സ്. 14-ാം ഓവറില്‍ മുഹമ്മദ് ഷമി വിട്ടുനല്‍കിയത് എട്ടു റണ്‍ മാത്രം. അവസാന ഓവറില്‍ 13 റണ്‍ വേണം. മോഹിത് ശര്‍മയുടെ ആ ഓവറിലെ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സ്. ചെന്നൈ വിജയം കൈവിട്ടു എന്നു കരുതിയ നിമിഷങ്ങള്‍. അഞ്ചാം പന്തില്‍ സിക്‌സുമായി ജഡേജ വീണ്ടും കളി തിരിച്ചു. അവസാന പന്തില്‍ നാലു റണ്‍ വേണ്ടിയിരിക്കേ, ബൗണ്ടറിയിലേക്ക് പായിച്ച് ജഡേജ ചെന്നൈക്ക് മറക്കാനാകാത്ത വിജയം സമ്മാനിച്ചു.
ആറു പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 15 റണ്‍സുമായി ജഡേജയും 21 പന്തില്‍ 32 റണ്‍സുമായി ശിവം ദുബെയും പുറത്താകാതെനിന്നു. മോഹിത് ശര്‍മ 36 റണ്‍സിന് മൂന്നുവിക്കറ്റും നൂര്‍ അഹമ്മദ് 17 റണ്‍സിന് രണ്ടുവിക്കറ്റും നേടി.
47 പന്തില്‍ 96 റണ്‍സെടുത്ത സായ് സുദര്‍ശന്റെ കരുത്തിലാണ് ഗുജറാത്ത് 214 റണ്‍സിലെത്തിയത്. വൃദ്ധിമാന്‍ സാഹ (39 പന്തില്‍ 54), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 39), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 21*) എന്നിവരും തിളങ്ങി.
ഗില്ലിനെ കൈവിട്ടു
ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ, രണ്ടാം ഓവറിലെ നാലാംപന്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് ദീപക് ചഹാര്‍ കൈവിട്ടു. അപ്പോള്‍ ഗില്‍ മൂന്നു റണ്‍സില്‍ എത്തിയതേയുള്ളൂ. അഞ്ചാം ഓവറില്‍ സ്വന്തംപന്തില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കാനുള്ള നേരിയ അവസരവും ചഹാര്‍ പാഴാക്കി.
പവര്‍ പ്ലേയിലെ ആറ് ഓവറില്‍ ഗുജറാത്ത് 62 റണ്‍സ് നേടി. ഐ.പി.എല്‍. ഏഴാം ഓവറില്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ബൗളിങ്ങിനെത്തി. തന്റെ രണ്ടാം പന്തില്‍ ഗില്ലിനെ റണ്‍ ഔട്ടാക്കാനുള്ള അവസരം ജഡേജയ്ക്ക് മുതലാക്കാനായില്ലെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ ധോനി സ്റ്റമ്പ് ചെയ്തു. ഏഴു ഫോര്‍ ഉള്‍പ്പെടെയാണ് ഗില്‍ 39 റണ്‍സിലെത്തിയത്.
പകരമെത്തിയ സായ് സുദര്‍ശനും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 പന്തില്‍ 64 റണ്‍സ് ചേര്‍ത്തു. ദീപക് ചഹാറിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച സാഹയ്ക്ക് കണക്കുകൂട്ടല്‍ പിഴച്ചതോടെ ധോനി ക്യാച്ചെടുത്തു. അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സാഹ 54 റണ്‍സിലെത്തിയത്. സായ് സുദര്‍ശന് അടിക്കാന്‍ അവസരം ഒരുക്കിനല്‍കുകയിരുന്നു ഹാര്‍ദിക്. സഖ്യം 23 പന്തില്‍ 50 തികച്ചപ്പോള്‍ ഹാര്‍ദിക്കിന്റെ സംഭാവന ഒമ്പതുറണ്‍ മാത്രമായിരുന്നു.
58 പന്തില്‍, എട്ടു ഫോറും ആറു സിക്‌സും ഉള്‍പ്പെടെ 96 റണ്‍സടിച്ച സുദര്‍ശന്‍ സെഞ്ചുറിഭാഗ്യമില്ലാതെ മടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..