ഉരുക്കുകോട്ട തകർത്ത ഇവാൻ


വാസ്കോയിൽനിന്ന് അനീഷ് പി. നായർ

Photo: twitter.com/KeralaBlasters

തന്ത്രങ്ങളുടെ ആശാനാണ് ജംഷേദ്പുർ പരിശീലകൻ ഓവൻ കോയിൽ. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സെമിഫൈനലിന്റെ ഇരുപാദങ്ങളിലും കോയിലിന്റെ തന്ത്രങ്ങൾ വിലപ്പോയില്ല. അവിടെ അവസാനത്തെ ചിരി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റേതായി.

ആദ്യപാദത്തിൽ ഗോളടിച്ച സഹൽ അബ്ദു സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഫോർമേഷൻ പതിവുപോലെ 4-4-2 തന്നെ. ജംഷേദ്പുരിനെതിരേ ഇരുപാദങ്ങളിലും ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർമാർ വൈഡായാണ് കളിച്ചത്. ജംഷേദ്പുർ സെൻട്രൽ ഡിഫൻസിനെ മറികടക്കാനായിരുന്നു ഈ നീക്കം ആദ്യപാദത്തിൽ സഹലിനെ മധ്യഭാഗത്തുകൂടി ആക്രമിക്കാൻ നിയോഗിച്ചെങ്കിൽ രണ്ടാംപാദത്തിൽ അഡ്രിയൻ ലൂണക്കായിരുന്നു ചുമതല. ശാരീരിക ഗെയിം പുറത്തെടുക്കുന്ന ജംഷേദ്പുരിനെതിരേ പാസിങ് ഗെയിം മാറ്റിവെച്ച് ലോങ് ബോൾ ഗെയിമാണ് കേരള ടീം പുറത്തെടുത്തത്. അതും നേരിട്ട് ഗോൾമുഖത്തേക്ക് കളിക്കുന്നതിനു പകരം വിങ്ങുകളിലെ ഒഴിഞ്ഞ ഭാഗത്തേക്ക് കളിച്ച് ആക്രമണമുണ്ടാക്കുന്ന രീതിയാണ് നടപ്പാക്കിയത്. ലൂണയുടെ ഗോൾ വന്നതും ഇത്തരമൊരു മുന്നേറ്റത്തിൽ നിന്നായിരുന്നു.

ജംഷേദ്പുരിന് സ്വന്തം ഹാഫിൽ സ്പേസ് അനുവദിക്കാതെ കളിക്കുകയെന്ന തന്ത്രം ബ്ലാസ്റ്റേഴ്‌സ് വിജയകരമാക്കി. പുടിയയും ആയുഷ് അധികാരിയും മധ്യഭാഗം വിട്ടുപോകാതെ, സെൻട്രൽ ഡിഫൻസിനോട് ചേർന്ന് കളിച്ചത് അപകടകാരികളായ ഗ്രെഗ് സ്റ്റുവർട്ടിനെയും ഡാനിയേൽ ചീമയെയും തടയാനായിരുന്നു. രണ്ടു മത്സരത്തിലും അത് വിജയമായി. ഇരുവരിലേക്കുമുള്ള പന്ത് വിതരണം കൃത്യമായി തടയപ്പെട്ടു.

ജംഷേദ്പുർ രണ്ടാംപാദത്തിൽ തന്ത്രം മാറ്റി. ഇഷാൻ പണ്ഡിതയെ ചീമയ്ക്കൊപ്പം ആക്രമണത്തിന് നിയോഗിച്ച് സ്റ്റുവർട്ടിനെ ഇറക്കി കളിപ്പിച്ചു. സ്റ്റുവർട്ട് ഭൂരിഭാഗവും മധ്യനിരയിലാണ് കളിച്ചത്. ടീമിന്റെ നീക്കങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞെങ്കിലും ഫൈനൽ തേർഡിൽ സമ്മർദമുണ്ടാക്കാൻ കഴിഞ്ഞില്ല. രണ്ടാംപകുതിയിൽ ജംഷേദ്പുർ ആക്രമണം ശക്തമാക്കിയപ്പോൾ ലൂണയ്ക്കും വാസ്‌ക്വസിനും കൃത്യമായ പ്രതിരോധച്ചുമതല നൽകിയാണ് ഇവാൻ ടീമിനെ രക്ഷപ്പെടുത്തിയത്.

Content Highlights: isl 2021-22 Kerala Blasters coach ivan Vukomanovic

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..