ISL trophy | Photo: Twitter|@IndSuperLeague
കൊച്ചി: കോവിഡ് കാലത്ത് ലോക്ഡൗണിലായ സ്വപ്നങ്ങൾ ‘അൺലോക്കാ’ക്കി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്. ഐ.എസ്.എൽ. ഫുട്‌ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തിൽ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് കിരീടമോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോൾ കഴിഞ്ഞതവണ ലീഗിൽ അവസാനസ്ഥാനക്കാരായതിന്റെ നിരാശമായ്ക്കാനാണ് ഈസ്റ്റ് ബംഗാൾ പോരാട്ടം തുടങ്ങുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എൽ. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.
വുകോയുടെ ബ്ലാസ്‌റ്റേഴ്‌സ്
സെർബിയക്കാരനായ ഇവാൻ വുകോമാനോവിച്ച് എന്ന മനുഷ്യൻ കേരളത്തിന് എത്രമേൽ പ്രിയപ്പെട്ടവനായി എന്നതിന്റെ അടയാളപ്പെടുത്തലാകും ഇത്തവണത്തെ ഐ.എസ്.എൽ. ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുതീർന്ന പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് വുകോ ഒരുക്കിയ കളിതന്ത്രങ്ങൾ കാണാനാണ്. ലഭ്യമായ കളിക്കാരെ അവരുടെ മികവിന്റെ പാരമ്യത്തിൽ ഉപയോഗിക്കാനുള്ള വുകോയുടെ കഴിവ് കഴിഞ്ഞ സീസണിൽ കണ്ടതാണ്. അന്നത്തെ ടീമിലുണ്ടായിരുന്ന അൽവാരോ വാസ്‌ക്വസിനെയും ഹോർഗെ ഡയസിനെയും പോലുള്ള താരങ്ങൾ ഇത്തവണ ടീമിലില്ല. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളതെന്നതും വുകോയുടെ ഗെയിം പ്ലാനിന്റെ സൂചനയാണ്.
ലൂണ ദി ഹീറോ
ഫൈനൽവരെയെത്തിയ കഴിഞ്ഞ സീസണിൽ ടീമിന്റെ ഹീറോ ആയിരുന്ന യുറഗ്വായ് താരം അഡ്രിയാൻ ലൂണ തന്നെയാകും ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ മേക്കർ. നാലു വിദേശതാരങ്ങളെ കളിപ്പിക്കാൻ കഴിയുമ്പോൾ ലൂണയ്ക്കൊപ്പം മധ്യനിരയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ അപ്പോസ്‌തോലോസ് ജിയാനുവും പ്രതിരോധത്തിൽ മാർക്കോ ലെസ്‌കോവിച്ചോ വിക്ടർ മോംഗിലോ വിദേശക്വാട്ടയിൽ അണിനിരക്കും. അവശേഷിക്കുന്ന ഒരു വിദേശിസ്ഥാനത്തേക്ക് മുന്നേറ്റനിരയിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസാകും എത്തുന്നത്. മലയാളി താരങ്ങളായ കെ.പി. രാഹുൽ മുന്നേറ്റത്തിലും സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത. പ്രതിരോധത്തിൽ ക്യാപ്റ്റൻ ജെസെൽ കാർനെയ്‌റോക്കൊപ്പം ഇന്ത്യൻ താരങ്ങളായ നിഷുകുമാറും ഹർമൻജോത് ഖബ്രയും അണിനിരക്കുന്നതും ബ്ലാസ്‌റ്റേഴ്‌സ് കോട്ടയ്ക്ക് കരുത്തുകൂട്ടും.
തിരിച്ചുവരാൻ ബംഗാൾ
മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ കീഴിൽ പുതിയ പ്രതീക്ഷകളുമായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് ഇത്തവണ മികച്ച താരങ്ങളുടെ കരുത്തുണ്ട്. കഴിഞ്ഞതവണത്തെ ടോപ് സ്‌കോറർ അന്റോണിയോ പെറോസെവിച്ച് ടീം വിട്ടെങ്കിലും പകരമെത്തിയ ബ്രസീലിയൻ താരം ക്ലെയ്ട്ടൺ സിൽവ ഗോളടിയിൽ അതിമികവുള്ള താരമാണ്. മറ്റൊരു ബ്രസീലിയൻ താരം എലിയാൻഡ്രോ സാന്റോസിനൊപ്പം മലയാളി താരം വി.പി. സുഹൈറും മുന്നേറ്റനിരയിൽ അണിനിരക്കുന്നതോടെ ഇത്തവണ ബംഗാൾ ആക്രമണങ്ങൾക്കു കരുത്തേറും. മധ്യനിരയിൽ സൗവിക് ചക്രബർത്തിയും അനികേത് ജാദവും പ്രതിരോധത്തിൽ ഇവാൻ ഗോൺസാലസും മുഹമ്മദ് റാകിപും പോലെയുള്ള പ്രതിഭകളും അണിനിരക്കുന്നതോടെ ഇത്തവണ കളി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാളിന്റെ പടയൊരുക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..