ഗോവയിൽ നടന്ന ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ജംഷേദ്പുരിനെ മറികടന്ന് ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ലാദം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
ഫൈനലിന് ടിക്കറ്റെടുത്തുവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മാർച്ച് 20ന് ഫത്തോർദയിലേക്ക് വണ്ടികയറാം. അവിടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഫൈനലിൽ അവരുടെ പ്രിയ ടീം കളിക്കാനുണ്ട്. ലീഗ് വിന്നേഴ്‌സ് ഷീൽഡിന്റെ പെരുമയുമായി വന്ന ജംഷേദ്പുർ എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടത്തിന് അർഹത നേടി. മൂന്നാം തവണയാണ് കേരള ക്ലബ്ബ് ഫൈനലിൽ കടക്കുന്നത്.സെമി രണ്ടാം പാദത്തിൽ ബ്ലാസ്‌റ്റേഴ്‌സും ജംഷേദ്പുരും 1-1ന് തുല്യത പാലിച്ചു. ഇതോടെ ആദ്യപാദത്തിൽ നേടിയ ജയത്തിന്റെ (1-0) പിൻബലത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ ഉറപ്പിച്ചു. ആകെ 2-1ന്റെ ജയം. ബ്ലാസ്റ്റേഴ്‌സിനായി നായകൻ അഡ്രിയൻ ലൂണയും (18) ജംഷേദ്പുരിനായി പ്രണോയ് ഹാൽദാറും (50) ഗോൾ നേടി. അഡ്രിയൻ ലൂണയാണ് കളിയിലെ താരം.
2014ലും 2016ലുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. രണ്ട് തവണയും റണ്ണപ്പായി. ആറ്് വർഷത്തിന് ശേഷമാണ് കേരള ടീം ഫൈനലിലെത്തുന്നത്. ആദ്യപാദത്തിൽ ഗോളടിച്ച സഹൽ അബ്ദു സമദിനേയും വിദേശ സ്‌ട്രൈക്കർ ചെഞ്ചോയേയും പരിക്ക് മൂലം നഷ്ടപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ വീര്യം ചോർന്നില്ല. പ്രതിരോധത്തിന് ഉപകാരപ്പെടുത്തും വിധം നിഷുകുമാറിനെയാണ് സഹലിന് പകരം കളിപ്പിച്ചത്. 4-4-2 സ്ഥിരം ശൈലിയിൽ ടീം കളിച്ചു. മറുവശത്ത് ഗ്രെഗ് സ്റ്റ്യുവർട്ടിനും ഡാനിയേൽ ചീമക്കുമൊപ്പം ഇഷാൻ പണ്ഡിതയെ കൂടി ആദ്യഇലവനിൽ ഉൾപ്പെടുത്തിയാണ് ജംഷേദ്പുർ ഇറങ്ങിയത്.
ആദ്യപകുതിയിൽ പ്രതിരോധമനസ്സോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എതിരാളിക്ക് പഴുതനുവദിക്കാതെ കളിച്ച ടീം ലോങ് ബോളിലൂടെ പ്രത്യാക്രമണം നടത്തി. ജംഷേദ്പുർ പന്ത് കൈവശം വെക്കുന്നതിൽ വിജയിച്ചെങ്കിലും എതിർഗോൾമുഖത്ത് ഭീതിപടർത്തുന്ന നീക്കങ്ങൾ നടത്താൻ കഴിഞ്ഞില്ല. മുന്നേറ്റത്തിലെ അപകടകാരികളായ ഗ്രെഗ് സ്റ്റ്യുവർട്ടും ഡാനിയേൽ ചീമയും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ കെണിയിലായി.
ആദ്യമിനിറ്റിൽ തന്നെ ലഭിച്ച സുവർണാവസരം ബ്ലാസ്‌റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് പാഴാക്കി. ഗോളി മാത്രം മുന്നിൽനിൽക്കെ വാസ്‌ക്വസ് ചിപ്പ് ചെയ്ത പന്ത് പുറത്തേക്ക് പോയി. 18-ാം മിനിറ്റിൽ യോർഗെ ഡയസിന്റെ ദേഹത്ത് തട്ടി തെറിച്ച പന്ത് ബാറിലിടിച്ച് മടങ്ങി. ഇടക്ക് ജംഷേദ്പുർ ഒരുതവണ ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം ലഭിച്ചു. ജംഷേദ്പുർ ഹാഫിലേക്ക് ഉയർന്നുവന്ന പന്തിനെ ഗോളിലേക്ക് തിരിച്ചുവിടാനുളള വാസ്‌ക്വസിന്റെ ശ്രമം ജംഷേ്ദ്പുർ ഗോൾകീപ്പർ രഹ്‌നേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂടുതൽ ഗോളടിക്കാൻ ജംഷേദ്പുർ ആഞ്ഞുപിടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തിപ്പെടുത്തി പിടച്ചു നിന്നു. ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശനം ഉറപ്പാക്കി റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി.
18-ാം മിനിറ്റിൽ വാസ്‌ക്വസ് ഇടതുഭാഗത്ത് നിന്ന് തളളികൊടുത്ത പന്തുമായി കയറിയ അഡ്രിയൻ ലൂണ തടയാൻ വന്ന രൻതലേയിയെ കബളിപ്പിച്ച് മുന്നോട്ടുകയറി വലയിലേക്ക് മനോഹരമായ പ്ലേസ് ചെയ്തു. 50- ാം മിനിറ്റിൽ കോർണർകിക്കിൽ നിന്ന് വന്ന പന്ത് ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. അവസരം മുതലെടുത്ത പ്രണോയ് ഹാൽദാർ ലക്ഷ്യം കണ്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..