Photo: PTI
മഡ്ഗാവ്: സംഭവം ഫൈനലാണ്, ജയിക്കുന്ന ടീമിന് സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായി കിരീടം ലഭിക്കും. പോരാട്ടത്തിന് ചൂടും ചൂരുമൊക്കെ ഉണ്ടാകും. എന്നാൽ, കളിക്കളത്തിനു പുറത്ത് കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്.സി. കളി ഭായി-ഭായി മത്സരമാണ്. മുമ്പ് ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്നവരാണ് ഹൈദരാബാദ് ടീമിന് ചുക്കാൻപിടിക്കുന്നത്.
രണ്ടുവർഷംമുമ്പാണ് ഹൈദരാബാദ് ടീം പിറവിയെടുക്കുന്നത്. മുമ്പ് ലീഗിൽ കളിച്ച പുണെ സിറ്റിയെ പേരുമാറ്റിയെടുക്കുകയായിരുന്നു. ക്ലബ്ബ് ഉടമകളിൽ പ്രധാനിയായ വരുൺ ത്രിപുരനേനി മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ ടീം മാനേജർ മുതൽ സി.ഇ.ഒ.വരെയുള്ള നിലകളിൽ പ്രവർത്തിച്ചയാളാണ്. സഹപരിശീലകനും ടെക്നിക്കൽ ഡയറക്ടറുമായ താങ്ബോയ് സിങ്റ്റോക്കും ബ്ലാസ്റ്റേഴ്സ് ബന്ധമുണ്ട്. ഇതേ റോളിൽ രണ്ടുവർഷം താങ്ബോയ് കേരള ക്ലബ്ബിലുണ്ടായിരുന്നു.
ഹൈദരാബാദ് ടീമിന്റെ സൂപ്പർ താരം ബർത്തലോമ്യു ഒഗ്ബെച്ചെ 2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്നു. ക്ലബ്ബ് ചരിത്രത്തിലെ മികച്ച ഗോൾവേട്ടക്കാരനും നൈജീരിയൻ താരം തന്നെ. ടീമിലെ ഹോളിച്ചരൺ നർസാറി, സെയ്ത്യാസെൻ സിങ് എന്നിവർ ബ്ലാസ്റ്റേഴ്സിൽനിന്നു വന്നവരാണ്. ഇതിനെല്ലാം പുറമേ ബ്ലാസ്റ്റേഴ്സിന്റേതുപോലെ മഞ്ഞ ജേഴ്സിയാണ് ഹൈദരാബാദിനും.
മഞ്ഞക്കടലിൽ നീല ബ്ലാസ്റ്റേഴ്സ്
ഫൈനലിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെയും ഹൈദരാബാദിന്റെയും മുഖ്യജേഴ്സി മഞ്ഞയാണ്. എന്നാൽ, കിരീടപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി ലഭിക്കാനിടയില്ല. കാരണം ലീഗ് റൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. ഇതോടെ ചട്ടപ്രകാരം ഹൈദരാബാദിനാണ് മുഖ്യജേഴ്സിയായ മഞ്ഞനിറത്തിലുള്ളത് ധരിക്കാനുള്ള അവകാശം.
സ്റ്റേഡിയം ബ്ലാസ്റ്റേഴ്സ് ആരാധകർ മഞ്ഞക്കടലാക്കുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ടാമത്തെ ജേഴ്സിയായ നീലനിറത്തിലുള്ളത് ധരിച്ചാകും ഇറങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..