Photo: Print
: അനേകായിരങ്ങളുടെ ആരാധനകൊണ്ട് കനംവെച്ച ആ ‘തല’ അല്പനേരം താണുകിടന്നു. മുഖം അപ്പോഴും ശാന്തമായിരുന്നു. അവസാന പന്തിൽ ഫോറടിച്ച് അസാധ്യമെന്ന് തോന്നിയ വിജയം എത്തിപ്പിടിച്ചശേഷം രവീന്ദ്ര ജഡേജ ഓടിയെത്തിയതും ആരാധകർ തല എന്നുവിളിക്കുന്ന നായകന്റെ അടുത്തേക്കാണ്. കൈവിട്ടെന്ന് കരുതിയ കിരീടം കൈവെള്ളയിൽ വെച്ചുതന്ന സൈന്യാധിപനായ ജഡേജയെ അണച്ചുപിടിച്ചപ്പോൾ ഒന്നു വിതുമ്പിയോ?
ഒരുപക്ഷേ, കരിയറിലെ അവസാന പ്രൊഫഷണൽ മത്സരത്തിൽ, വിജയ റൺ കുറിക്കാൻ സ്വയം തീരുമാനിച്ച് ഇറങ്ങിത്തിരിച്ച് പൂജ്യത്തിന് പുറത്തായതിന്റെ സങ്കടം, കൈയിലെത്തിയെന്നു കരുതിയ വിജയം തട്ടിമറിഞ്ഞുപോകുന്നതിലെ നിരാശ, ഒടുവിൽ അസാധ്യമെന്ന് തോന്നിയ വിജയം അരികിലെത്തിയതിന്റെ ആവേശം... എല്ലാം ധോനിയുടെ മുഖത്ത് തെളിഞ്ഞത് നിത്യമായ ശാന്തതയിലൂടെയാണ്. കളി ജയിച്ചശേഷം ടീമംഗങ്ങൾ തുള്ളിച്ചാടുമ്പോഴും ആ മുഖത്ത് ഭാവവ്യത്യാസമുണ്ടായില്ല.
ഐ.പി.എൽ. ഫൈനലിൽ അവസാന രണ്ടു പന്തിൽ ചെന്നൈക്ക് ജയിക്കാൻ പത്തുറൺ വേണ്ടിയിരിക്കേ, മുഖംതാഴ്ത്തിയിരിക്കുകയായിരുന്ന ധോനിയിലേക്ക് ക്യാമറ സൂം ചെയ്തു.
കളി ജയിച്ചതോടെ, ഗുജറാത്തിന്റെ അവസാന ഓവർ എറിഞ്ഞ മോഹിത് ശർമയുടെ അടുത്തെത്തി ധോനി ആശ്വസിപ്പിച്ചു. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കെട്ടിപ്പിടിക്കുമ്പോഴും അവരുടെ കുട്ടിയെ ലാളിക്കുമ്പോഴും ഒരു വല്യേട്ടന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്.
കളിക്കാർ പ്രായമേറുന്തോറും പ്രകടനത്തിൽ പിന്നാക്കംപോകുന്നതും പിടിച്ചുനിൽക്കാനാകാതെ കളമൊഴിയുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ധോനിയുടെ കാര്യത്തിൽ അതെല്ലാം മാറിമറിയുകയാണ്. ഓരോ സീസൺ കഴിയുന്തോറും ധോനിയുടെ ആരാധകപ്രപഞ്ചം വിപുലമാകുന്നു.
ഏത് ഗ്രൗണ്ടിലായാലും ടോസ് ഇടാൻവേണ്ടി ധോനി ഗ്രൗണ്ടിലിറങ്ങുമ്പോൾ കേൾക്കുന്ന കൈയടി സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു.
ഈ ഐ.പി.എലോടെ വിരമിക്കുമോ എന്ന ചോദ്യം പലതവണ നേരിട്ടു. നേർത്ത പുഞ്ചിരിയോടെ, ഉടൻ വിരമിക്കില്ല എന്ന അദ്ദേഹത്തിന്റെ സൂചനപോലും കൈയടിയായി പ്രതിധ്വനിച്ചു.
തിങ്കളാഴ്ച ഗുജറാത്തിന്റെ സ്വന്തം ഗ്രൗണ്ടിൽ, കൊന്നപൂത്തപോലെയായിരുന്നു ചെന്നൈ ആരാധകരുടെ നിര.
മറ്റൊരു ക്രിക്കറ്ററും 42-ാം വയസ്സിൽ ഇതുപോലെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടാകില്ല. എല്ലാ വികാരങ്ങളെയും ശാന്തതയായി പ്രകടിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണോ ധോനിയെ ആരാധകർ ഇങ്ങനെ ഇഷ്ടപ്പെടുന്നത്?
അതിനുകാരണം ബാറ്റിങ് മാത്രമല്ലെന്ന് തീർച്ച. ഇക്കുറി 12 ഇന്നിങ്‌സിൽ 26 ശരാശരിയിൽ 104 റൺസ് മാത്രമാണ് ധോനിയുടെ സംഭാവന.
‘എന്റെ കളി കാണുമ്പോൾ ഇതുപോലെ കളിക്കാൻ അവർക്കും കഴിയുമെന്ന് തോന്നുന്നുണ്ടാകും. ഞാൻ കാര്യങ്ങളെ ലളിതമായി കാണുന്നയാളാണ്’ -എന്ന് ധോനിയുടെ മറുപടി.
ലോകത്തെ ഏറ്റവും മൂല്യമേറിയ പ്രൊഫഷണൽ ലീഗിൽ 42-ാം വയസ്സിൽ നായകനായി കിരീടം. തിരുത്താൻ ഏറെ ബുദ്ധിമുട്ടുള്ള റെക്കോഡ്. അടുത്ത ഐ.പി.എലിൽ ധോനി കളിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ആയിരങ്ങളുണ്ട് എന്നത് യാഥാർഥ്യമാണ്. അത് അദ്ദേഹത്തിനുമറിയാം.
‘‘വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് എനിക്കറിയാം. എല്ലാവർക്കും നന്ദിപറഞ്ഞ് കളംവിടുകയാണ് മുന്നിലുള്ള എളുപ്പവഴി. വരുന്ന ഒമ്പതുമാസം കഠിനമായി അധ്വാനിച്ച് അടുത്ത ഐ.പി.എലിൽക്കൂടി കളിക്കുക എന്നത് വെല്ലുവിളിയും. പക്ഷേ, ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ എനിക്ക് നൽകുന്ന സ്നേഹം കാണുമ്പോൾ, ഒരു സീസൺകൂടി കളിക്കുകയാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം എന്നു തോന്നുന്നു’’ -മത്സരശേഷം ധോനി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..