Neeraj Chopra
യൂജിൻ (അമേരിക്ക): സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി വർഷത്തിൽ ലോകവേദിയിൽ ഇന്ത്യൻ ത്രിവർണപതാക പാറിച്ച് സൂപ്പർതാരം നീരജ് ചോപ്ര. അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ നീരജ് വെള്ളിമെഡൽ സ്വന്തമാക്കി. 88.13 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച്, ഒളിമ്പിക് ചാമ്പ്യനായ നീരജ് ഒരിക്കൽക്കൂടി ഇന്ത്യൻ കായികലോകത്തെ പുളകമണിയിച്ചു.
ലോക അത്‌ലറ്റിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജിനുശേഷം ലോക മീറ്റിൽ മെഡൽ നേടുന്ന ആദ്യതാരവും. 2003-ൽ പാരീസിൽ അഞ്ജു ലോങ് ജമ്പിൽ വെങ്കലം നേടിയിരുന്നു. ഒളിമ്പിക്സിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും എന്ന അപൂർവ റെക്കോഡാണ് നീരജ് സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ നീരജ് സ്വർണം നേടിയിരുന്നു.
24-കാരനായ നീരജ് ഹരിയാണയിലെ ഖാദ്ര സ്വദേശിയാണ്. ഇന്ത്യൻ സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
നിലവിലെ ചാമ്പ്യനായ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സൺ 90.54 മീറ്ററുമായി ഈയിനത്തിൽ സ്വർണം നിലനിർത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാഡ്‌ലെക്കിനാണ് വെങ്കലം (88.09). ഇന്ത്യയുടെ രോഹിത് യാദവ് (78.72) പത്താംസ്ഥാനത്തായി. ട്രിപ്പിൾ ജമ്പിൽ ഫൈനലിൽ എത്തിയ മലയാളിതാരം എൽദോസ് പോളിന് ഒമ്പതാംസ്ഥാനം (16.79) നേടാനേ കഴിഞ്ഞുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..