ഏഴഴകിൽ കേരളം; ബംഗാളിനെ തോൽപ്പിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിൽ


കേരളം സന്തോഷ് ട്രോഫി ജേതാക്കളായതിന്റെ സന്തോഷത്തിൽ കോച്ച് ബിനോ ജോർജും താരങ്ങളും | Photo: twitter.com/IndianFootball

മഞ്ചേരി: കാറ്റുനിറച്ച പന്തിനെ ഇടനെഞ്ചിൽ ഏറ്റുവാങ്ങിയ മണ്ണിൽ കേരളത്തിന്റെ ആനന്ദനടനം. എഴുപത്തഞ്ചാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ബദ്ധവൈരികളായ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ച് കേരളം കിരീടം നേടിയപ്പോൾ ചെറിയപെരുന്നാൾ ദിനത്തിൽ മലയാളക്കരയ്ക്ക് ഇരട്ടി സന്തോഷം. കേരളത്തിന്റെ ഏഴാം കിരീടമാണിത്.

16 ദിനരാത്രങ്ങൾ മലപ്പുറത്തുകാരുടെ ജീവിതതാളം ഒരു പന്തിന്റെ സഞ്ചാരപഥത്തിനൊപ്പമായിരുന്നു. ആർത്തും ആർപ്പുവിളിച്ചും അവർ ഗാലറികളെ സമ്പന്നമാക്കി. കേരളം കളത്തിലിറങ്ങിയപ്പോഴെല്ലാം വുവുസേലകളും കുഴലൂത്തുമായി അവർ ടീമിനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. ഓരോ ദിവസവും ആൾക്കൂട്ടം പുതിയ റെക്കോഡുകൾ തീർത്തു. ഈ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും കപ്പുയർത്തി ടീം നന്ദിയർപ്പിച്ചു.

തിങ്കളാഴ്ച കലാശപ്പോരാട്ടം നിശ്ചിതസമയം ഗോൾരഹിതമായിരുന്നു. 96-ാം മിനിറ്റിൽ ദിലിപ് ഓറൻ കേരളത്തിന്റെ നെഞ്ചുപിളർന്ന് വലകുലുക്കി. കളി തീരാൻ മൂന്നുമിനിറ്റ് മാത്രം ബാക്കിനിൽക്കേ മുഹമ്മദ് സഫ്‌നാദിലൂടെ കേരളം സമനില ഗോൾ കണ്ടെത്തിയതോടെ പയ്യനാട് സ്റ്റേഡിയം അക്ഷരാർഥത്തിൽ ‘പൊട്ടിത്തെറിച്ചു’. ഷൂട്ടൗട്ടിൽ കേരളം അഞ്ചു കിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാളിന്റെ ഒരു കിക്ക് ബാറിനു മുകളിലൂടെ പറന്നുപോയി.

1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ മുൻ കിരീടങ്ങൾ. 1973-ലും 1993-ലും കൊച്ചിയിൽ നടന്ന ഫൈനലുകളിലാണ് ഇതിനുമുമ്പ് നാട്ടിൽ കിരീടം നേടിയത്.

Content Highlights: santhosh trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..