സന്തോഷ് ട്രോഫി കിരീടം നേടിയശേഷം മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിയ വി.മിഥുന് അച്ഛൻ വി.മുരളി മധുരം നൽകുന്നു. അമ്മ കെ.പി.മഹിജ, ഭാര്യ ജോബിന, സഹോദരൻ വി.ഷിനോയ് എന്നിവർ സമീപം
മുഴപ്പിലങ്ങാട്: സന്തോഷ് ട്രോഫി ഫൈനലിൽ മിന്നുംപ്രകടനം കാഴ്ചവെച്ച് പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ത്രസിപ്പിക്കുന്ന വിജയം കേരളം സ്വന്തമാക്കിയപ്പോൾ ഇങ്ങ് മുഴപ്പിലങ്ങാട്ടും ആഹ്ലാദപ്പെരുമഴ. ഗോൾവലയം കാത്ത് കേരളത്തിന്റെ അഭിമാനതാരമായി നിൽക്കുന്ന വി.മിഥുന്റെ മുഴപ്പിലങ്ങാട്ടെ വീട്ടിലും നാട്ടിലും വിജയാഘോഷം നിറഞ്ഞുനിന്നു.
മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രത്തിനടുത്താണ് മിഥുന്റെ വീട്. ചൊവ്വാഴ്ച പുലർച്ചെയോടെ മിഥുൻ വീട്ടിലെത്തി. അച്ഛൻ റിട്ട. എസ്.ഐ.യും പോലീസ് ഫുട്‌ബോൾ താരവുമായ വി.മുരളി, അമ്മ അധ്യാപിക കെ.പി.മഹിജ, ഭാര്യ ടി.ജോബിന, മകൾ യത്വിയ, സഹോദരൻ വി.ഷിനോയ് എന്നിവർ ചേർന്ന് മിഥുനെ സ്വീകരിച്ചു. മധുരവും നൽകി.
മിഥുൻറെ നാട്ടിലെ കൂട്ടുകാരും വീട്ടിലെത്തി സന്തോഷത്തിൽ പങ്കുചേർന്നു. രാവിലെ വീട്ടിനടുത്ത മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രത്തിൽ തൊഴുതശേഷം മിഥുനും കുടുംബവും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലുംചെന്ന് പ്രാർഥിച്ചു. വൈകിട്ട് എറണാകുളത്തേക്ക് സ്വീകരണപരിപാടിയിൽ പങ്കെടുക്കാനായി പോയി.
ഇത്തവണത്തെ സന്തോഷ് ട്രോഫി ടീമിൽ സ്ഥാനംപിടിച്ച കണ്ണൂർ ജില്ലയിൽനിന്നുള്ള ഏക താരമാണ് മിഥുൻ. ഏഴാംവർഷമാണ് ടീമിൽ ഇടംപിടിച്ചത്. ഹൈസ്കൂൾ പഠനകാലത്ത് സ്കൂൾ ജില്ലാടീമിലും തുടർന്ന് കണ്ണർ എസ്.എൻ. കോളേജ് ഫുട്ബോൾ ടീമിലും കളിച്ചു. കണ്ണൂർ സർവകലാശാലാടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
2014 മുതൽ എസ്.ബി.ടി.ക്കുവേണ്ടിയും കളിക്കുന്നു. 2018-ൽ കേരളം 4-2 ന് സന്തോഷ് ട്രോഫി ജേതാക്കളായപ്പോൾ ഗോൾവലയം കാത്തതും മിഥുനായിരുന്നു.
ഇത്രയധികം കാണികൾ ഇതാദ്യമെന്ന് മിഥുൻ
ഏഴുവർഷമായി സന്തോഷ് ട്രോഫിയിൽ കളിക്കുന്നുണ്ടെങ്കിലും ഇത്രയധികം കാണികളെ സാക്ഷിനിർത്തി കളിക്കുന്നത് ആദ്യമാണെന്ന് മിഥുൻ ‘മാതൃഭൂമി’യോടെ പറഞ്ഞു. കാണികളുടെ പിന്തുണ വളരെയധികമായിരുന്നു. 2018-ലെ പോലെതന്നെ ബംഗാളിനെ ഇത്തവണയും പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്താനായതിൽ വലിയ സന്തോഷമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണൽ ബിസിനസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് മിഥുൻ.
Content Highlights: santhosh trophy 2022 midhun v kerala's goal keeper


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..