സന്തോഷ് ട്രോഫി;കേരളം-കര്‍ണാടക സെമി ഫൈനല്‍ ഇന്ന്‌


രാത്രി 8.30-ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍

എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ കേരള താരങ്ങൾ കോച്ച് ബിനോ ജോർജിനൊപ്പം.ഫോട്ടോ:അജിത് ശങ്കരൻ

മഞ്ചേരി: അയൽസംസ്ഥാനങ്ങളുടെ പോരിന് അമരത്തിരുന്ന് തന്ത്രം മെനയുന്നത് ഒരേ ജില്ലക്കാർ. അടുത്തസുഹൃത്തുക്കൾ. പല പൂരങ്ങൾകണ്ട തൃശ്ശൂരുകാർ. സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ വ്യാഴാഴ്ച കേരളവും കർണാടകയും പോരിനിറങ്ങുമ്പോൾ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ പൂരങ്ങളുടെ പൂരമായിരിക്കും. കേരള പരിശീലകന്‍ ബിനോ ജോര്‍ജും കര്‍ണാടക കോച്ച് ബിബി തോമസും ഒരുക്കുന്ന തന്ത്രങ്ങളുടെ കുടമാറ്റം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തും. വ്യാഴാഴ്ച രാത്രി 8.30 മുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം.

ബംഗാളും പഞ്ചാബും മേഘാലയയും രാജസ്ഥാനും അടങ്ങിയ എ ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു സമനിലയും നേടി ഒന്നാംസ്ഥാനക്കാരായാണ് കേരളം സെമി ഉറപ്പിച്ചത്. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് കര്‍ണാടക. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തകർത്തുവിട്ട ആത്മവിശ്വാസവുമായാണ് അവരുടെ വരവ്.

ടീം ഫിറ്റ്

ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴുദിവസത്തിനകം നാല് മത്സരം കളിച്ചത് കേരളത്തിന്റെ പല താരങ്ങളെയും തളര്‍ത്തി. പലരും പരിക്കിലുമായി. തുടര്‍ച്ചയായ മത്സരങ്ങള്‍ മറ്റൊരുതരത്തില്‍ ടീമിന് ഗുണമായി. സെമിക്കുമുമ്പ് ആവശ്യത്തിന് വിശ്രമം ലഭിച്ചു. അതുവഴി ഫിറ്റ്‌നസ് വീണ്ടെടുത്തു. എല്ലാവരും സെമിക്ക്‌ തയ്യാറായി.

ഗ്രൂപ്പ് റൗണ്ട് കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാവും കേരളം സെമിഫൈനലിൽ ഇറങ്ങുക. പോസ്റ്റില്‍ വി. മിഥുന്‍ ഇറങ്ങും. അജയ് അലെക്‌സ്, മുഹമ്മദ് സഹീഫ്, ജി. സഞ്ജു, സോയല്‍ ജോഷി എന്നിവരാകും പ്രതിരോധത്തിലുണ്ടാകുക. ക്യാപ്റ്റന്‍ ജിജോ ജോസഫ് നയിക്കുന്ന മധ്യനിരയില്‍ പരിചയസമ്പന്നര്‍ അണിനിരക്കും. അര്‍ജുന്‍ ജയരാജ്, കെ. മുഹമ്മദ് റാഷിദ്, സല്‍മാന്‍ കള്ളിയത്ത് എന്നിവര്‍ക്കൊപ്പം യുവതാരം എന്‍.എസ്. ഷിഖിലും ഇറങ്ങും. മുന്നേറ്റത്തില്‍ വിഘ്‌നേഷിന് ഒരു അവസരംകൂടി നല്‍കുമെന്നാണ് സൂചന.

പി.എന്‍. നൗഫലിനെയും ടി.കെ. ജെസിനെയും വീണ്ടും സൂപ്പര്‍ സബ്ബായി ഉപയോഗപ്പെടുത്താനാണ് സാധ്യത. ഇരുവരുടെയും വേഗവും വിങ്ങുകളിലൂടെയുള്ള അറ്റാക്കും രണ്ടാം പകുതിയില്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാകും.

മറുഭാഗത്ത് ഗുജറാത്തിനെതിരേ കളിച്ച അതേ ഇലവനെയാവും കര്‍ണാടക ഇറക്കുക. മുന്നേറ്റത്തില്‍ സുധീര്‍ കൊട്ടിക്കേലയും മഘേഷ് സെല്‍വയും ഇറങ്ങും. ഗുജറാത്തിനെതിരേ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സുധീര്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. അരുണ്‍ കുമാര്‍, ബാവു നിഷാദ്, പി. കമലേഷ്, സോളൈമലൈ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ചതാണ്. എസ്. സിജു, എം. സുനില്‍കുമാര്‍, എല്‍. ദര്‍ശന്‍ എന്നിവരാകും പ്രതിരോധത്തില്‍. കാവല്‍ച്ചുമതല കെവിന്‍ കോശിക്ക് നല്‍കും.

വന്ന വഴി

കര്‍ണാടക

ഒഡിഷ 3-3

സര്‍വീസസ് 1-0

മണിപ്പുര്‍ 0-3

ഗുജറാത്ത് 4-0

-ഗ്രൂപ്പ് റൗണ്ടില്‍ ഒരു തോല്‍വി (മണിപ്പുരിനെതിരേ)

- ടോപ്‌ സ്‌കോറര്‍: സുധീര്‍ കൊട്ടിക്കേല (നാല് ഗോൾ)

-എട്ട് ഗോളടിച്ചു, ആറുഗോൾ വഴങ്ങി

കേരളം

രാജസ്ഥാന്‍ 5-0

ബംഗാള്‍ 2-0

മേഘാലയ 2-2

പഞ്ചാബ് 2-1

-പ്രാഥമികറൗണ്ടില്‍ മൂന്ന് ജയവും ഒരു സമനിലയും

- ടോപ്‌ സ്‌കോറര്‍: ക്യാപ്റ്റന്‍ ജിജോ ജോസഫ് (അഞ്ച് ഗോൾ)

-11 ഗോളടിച്ചു, മൂന്നു ഗോള്‍ വഴങ്ങി. ലീഗ് റൗണ്ടില്‍ കൂടുതല്‍ ഗോളടിച്ച ടീം.

കേരളവും കര്‍ണാടകയും

- കര്‍ണാടക അവസാനമായി സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചത് 1975-76 സീസണിൽ. കോഴിക്കോട്ടുനടന്ന ടൂര്‍ണമെന്റിലെ സെമിയില്‍ കേരളത്തെ തോല്‍പ്പിച്ചാണ് ഫൈനലിൽ എത്തിയത്.

Content Highlights: Santhosh Trophy Semi Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..