കെ.പി.എൽ. നേരിട്ട് കളിക്കാൻ ചെലവേറും


കോർപ്പറേറ്റ് എൻട്രി ഫീസ് പത്തുലക്ഷം രൂപയായി വർധിപ്പിച്ചു

കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കളിക്കാനുള്ള കോർപ്പറേറ്റ് എൻട്രി ഫീസ് കുത്തനെ കൂട്ടി. രണ്ടരലക്ഷം രൂപയാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ വർധിപ്പിച്ചത്. ഇതോടെ നേരിട്ട് ലീഗിലേക്കെത്താൻ ടീമുകൾ പത്തുലക്ഷം രൂപ നൽകേണ്ടിവരും.

കഴിഞ്ഞ സീസണിൽ കോർപ്പറേറ്റ് എൻട്രി വഴി വരുന്ന ടീമുകൾക്ക് ഏഴരലക്ഷമായിരുന്നു ഫീസ്. ഇത്തവണ പത്തുലക്ഷത്തിനൊപ്പം ജി.എസ്.ടി. നിരക്കുകൂടി അടയ്ക്കണം.

കേരള പ്രീമിയർ ലീഗിൽ നേരിട്ട് കളിക്കാനുള്ള മാർഗമാണ് കോർപ്പറേറ്റ് എൻട്രി. അല്ലെങ്കിൽ ജില്ലാ ഡിവിഷനിൽ ചാമ്പ്യന്മാരായി തുടർന്നുള്ള യോഗ്യതാറൗണ്ടിൽ കളിച്ച് യോഗ്യതനേടണം.

22 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ഇതിൽ 18 ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചവയാണ്. 14 ജില്ലാ ചാമ്പ്യന്മാരും കഴിഞ്ഞവർഷം തരംതാഴ്ത്തപ്പെട്ട നാലു ടീമുകളുമാണ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നത്. ഇവിടെനിന്ന് രണ്ടു ടീമുകൾക്ക് യോഗ്യതലഭിക്കും. രണ്ടു ടീമുകൾക്ക് കോർപ്പറേറ്റ് എൻട്രി നൽകും. ഇതിൽ ഒരു ടീമാണ് ഇതുവരെ കോർപ്പറേറ്റ് എൻട്രി വഴി വരാൻ സന്നദ്ധമായിട്ടുള്ളത്.

ജില്ലാ ചാമ്പ്യന്മാർക്ക് യോഗ്യതാറൗണ്ടിൽ കളിക്കാൻ 10,000 രൂപയാണ് ഫീസ്. നിലവിൽ ലീഗിൽ കളിക്കുന്ന ക്ലബ്ബുകൾ 25,000 രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകണം.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാകും മത്സരം. രണ്ടു വേദികളിലായി രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ നടത്താനാണ് പദ്ധതി. ഓരോ ടീമിന്റെയും അഞ്ച് കളികൾ ഹോം മത്സരമായിമാറ്റും. ഈ ഹോം മത്സരങ്ങളുടെ നടത്തിപ്പിന് നിശ്ചിതതുക അതത് ക്ലബ്ബുകൾ അസോസിയേഷന് നൽകേണ്ടിവരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..