ദേശീയ ക്ലാസിക് ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്: കേരളത്തിന് രണ്ട് റെക്കോഡ്


ആറ് ദേശീയ റെക്കോഡുകൾ

കാസർകോട്: ദേശീയ ക്ലാസിക് ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് രണ്ടാം ദിനം പിന്നിട്ടപ്പോൾ കേരളത്തിന് രണ്ട് റെക്കോഡ്. 57 കിലോഗ്രാം സബ്ജൂനിയർ വിഭാഗത്തിൽ ഡെഡ് ലിഫ്റ്റിൽ 140 കിലോ ഉയർത്തി എ. അനൂജയും 47 കിലോ ജൂനിയർ വിഭാഗത്തിൽ സ്‌ക്വാട്ടിൽ 110 കിലോ ഉയർത്തി ഷാലു ഷാജിയുമാണ് റെക്കോഡിട്ടത്.

കേരളത്തിന്റെതന്നെ താരമായ ആശംസയുടെ പേരിലുള്ള 137.5 കിലോയുടെ റെക്കോഡാണ് അനൂജ ഭേദിച്ചത്. ഒഡിഷയുടെ ലക്ഷ്മി മണിയുടെ പേരിലുണ്ടായിരുന്ന 105 കിലോയുടെ റെക്കോഡാണ് ഷാലു ഷാജി തകർത്തത്.

വെള്ളിയാഴ്ചത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളത്തിന്റെതുൾപ്പെടെ ആറ് ദേശീയ റെക്കോഡുകൾ പിറന്നു. 59 കിലോ സബ്ജൂനിയർ വിഭാഗം സ്‌ക്വാട്ടിൽ ഗുജറാത്തിന്റെ സുജൽ ജെയ്‌സ്വാലിന്റെ 200 കിലോയുടെ റെക്കോഡ് തമിഴ്‌നാടിന്റെ ജയമാരുതി 207.5 കിലോ ഉയർത്തി ഭേദിച്ചു. ഡെഡ് ലിഫ്റ്റിൽ സുജൽ ജെയ്‌സ്വാലിന്റെ പേരിൽതന്നെയുള്ള 252.5 കിലോയുടെ റെക്കോഡ് 253 കിലോ ഉയർത്തി ജയമാരുതി രണ്ട് റെക്കോഡുകൾ സ്ഥാപിച്ചു.

59 കിലോ സബ് ജൂനിയർ വിഭാഗത്തിൽ സ്‌ക്വാട്ടിൽ സ്വന്തം പേരിലുള്ള 160 കിലോയുടെ റെക്കോഡ് 165 കിലോ ഉയർത്തി തമിഴ്‌നാടിന്റെ ശാമുവൽ വസന്ത് പുതിയ റെക്കോഡ് സ്ഥാപിച്ചു.

74 കിലോയുടെ ജൂനിയർ വിഭാഗത്തിൽ ബെഞ്ച്പ്രസിൽ ഒഡിഷയുടെ ശക്തിരഞ്ജന്റെ പേരിലുള്ള 150 കിലോയുടെ റെക്കോഡ് അസമിന്റെ ഷാൻ പുക്കാൻ തകർത്തു. 160 കിലോ ഉയർത്തിയാണ് പുതിയ റെക്കോഡിട്ടത്.

വനിതാവിഭാഗത്തിൽ കേരളത്തിന് മൂന്ന് സ്വർണം

വനിതകളുടെ നാല് ശരീരഭാരവിഭാഗങ്ങളിലെ മത്സരങ്ങൾ സമാപിച്ചപ്പോൾ ടീം ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ പുതുച്ചേരി 43 പോയിന്റുമായി മുന്നിലെത്തി. 42 പോയിന്റുമായി കേരളം രണ്ടാം സ്ഥാനവും 27 പോയിന്റുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ 39 പോയിന്റുകളുമായി കേരളം ഒന്നാമതെത്തി. 29 പോയിന്റുമായി പുതുച്ചേരി രണ്ടാം സ്ഥാനവും 28 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാം സ്ഥാനവും നേടി.

കേരളത്തെ പ്രതിനിധാനം ചെയ്ത് വനിതകളുടെ 52 കിലോഗ്രാം സബ്ജൂനിയർ വിഭാഗത്തിൽ വയനാട് സ്വദേശിനി ഡാനിയ ആന്റണി സ്വർണം നേടി.

57 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി എ. അനൂജയും 57 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എൽ. ജ്വാലാ ജോസും സ്വർണം കരസ്ഥമാക്കി.

പുരുഷ സബ്ജൂനിയർ വിഭാഗം ടീം ചാമ്പ്യൻഷിപ്പിൽ തമിഴ്‌നാട് 50 പോയിന്റുമായി ഒന്നാമതെത്തി. 30 പോയിന്റുമായി കേരളം രണ്ടാം സ്ഥാനവും 23 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിൽ 34 പോയിന്റുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനം നേടി. 25 പോയിന്റ് നേടി ചത്തീസ്ഗഢും മധ്യപ്രദേശും രണ്ടും മൂന്നും സ്ഥാനം നേടി. പുരുഷന്മാരുടെ നാല് വിഭാഗങ്ങളാണ് വെള്ളിയാഴ്ച സമാപിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..