യശസ്വി ജയ്സ്വാൾ കളിയിലെ താരം; പക്ഷേ ഫീൽഡിൽനിന്ന് ഔട്ട്


എതിർ ബാറ്ററെ അധിക്ഷേപിച്ച യശസ്വി ജയ്‌സ്വാളിനെ ക്യാപ്റ്റൻ രഹാനെ ഫീൽഡിൽനിന്ന് തിരിച്ചയച്ചു

കോയമ്പത്തൂർ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ദക്ഷിണമേഖല-പശ്ചിമ മേഖല ഫൈനലിന്റെ അവസാനദിനം ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. ദക്ഷിണമേഖലയെ 294 റൺസിന് തോൽപ്പിച്ച് പശ്ചിമമേഖല കിരീടം നേടി. എന്നാൽ, കിരീടവിജയത്തിൽ പ്രധാന പങ്കുവഹിച്ച പശ്ചിമമേഖലയുടെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ, ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ അല്പനേരം ഫീൽഡിൽനിന്ന് പുറത്തുനിർത്തിയത് ക്രിക്കറ്റിലെ അപൂർവസംഭവമായി. എതിർ ടീമിലെ ബാറ്ററെ അധിക്ഷേപിച്ചതിനെത്തുടർന്നാണ് യശസ്വി നടപടിനേരിട്ടത്.

ഞായറാഴ്ച ബാറ്റിങ്ങിനിറങ്ങുമ്പോൾ ദക്ഷിണമേഖലയ്ക്ക് ജയിക്കാൻ 375 റൺസുകൂടി വേണമായിരുന്നു. ബാറ്റിങ് ക്രീസിന് സമീപം ഫീൽഡ് ചെയ്തിരുന്ന യശസ്വി ദക്ഷിണമേഖലയുടെ ബാറ്റർ രവി തേജയെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതിനെതിരേ രവി അമ്പയറോട് പരാതിപറഞ്ഞു. അധിക്ഷേപം തുടർന്നതോടെ അമ്പയർ രഹാനെക്ക്‌ മുന്നറിയിപ്പുനൽകി. ഇതോടെ രഹാനെ യശസ്വിയോട് ഫീൽഡ് വിടാൻ ആവശ്യപ്പെട്ടു. കുറച്ചുനേരം പശ്ചിമമേഖലയ്ക്കുവേണ്ടി ഫീൽഡ് ചെയ്യാൻ പത്തുപേർ മാത്രം. ഏഴ് ഓവറിനുശേഷം യശസ്വി തിരിച്ചെത്തി.ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയ പശ്ചിമമേഖല രണ്ടാം ഇന്നിങ്‌സിൽ യശസ്വിയുടെ ഇരട്ടസെഞ്ചുറിയിലൂടെ (265) തിരിച്ചുവരുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 266 റൺസുമായി ഇരുപതുകാരൻ ഫൈനലിലെ താരവുമായി.

‘‘എതിരാളിയെയും മാച്ച് ഒഫീഷ്യലിനെയും എപ്പോഴും ബഹുമാനിക്കണം. ചില പ്രത്യേക സംഭവങ്ങൾ കൈകാര്യംചെയ്യാൻ പ്രത്യേകമായ രീതികൾ വേണ്ടിവരും’’ -മത്സരശേഷം രഹാനെ പറഞ്ഞു.

ആറിന് 154 എന്നനിലയിൽ ഞായറാഴ്ച ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണമേഖല 234 റൺസിന് പുറത്തായി. സ്‌കോർ: പശ്ചിമമേഖല 270, നാലിന് 585 ഡിക്ല., ദക്ഷിണമേഖല 327, 234. പശ്ചിമമേഖലയുടെ ജയദേവ് ഉനദ്കട്ട് 13 വിക്കറ്റും 50 റൺസുമായി ടൂർണമെന്റിലെ താരമായി.

കളിക്കളത്തിൽ മാന്യതയുടെ ആൾരൂപമായ രഹാനെ നേരത്തേയും ഇത്തരം നിലപാടുകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ഓസ്‌ട്രേലിയയിൽനടന്ന ടെസ്റ്റ് പരമ്പരയിൽ രഹാനെ ഇന്ത്യയെ നയിച്ചപ്പോഴാണ് ഓസ്‌ട്രേലിയൻ ആരാധകർ മുഹമ്മദ് സിറാജിനെ വംശീയമായി അധിക്ഷേപിച്ചത്. അന്ന് അമ്പയറോട് പരാതിപറഞ്ഞശേഷം, കാണികളോട് ഒരുതരത്തിലും നമ്മൾ മോശമായി പെരുമാറരുതെന്ന് രഹാനെ ടീം അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..