തിരുവനന്തപുരത്ത് 28-ന് ട്വന്റി 20


ദക്ഷിണാഫ്രിക്ക എത്തി; ഇന്ത്യന്‍ ടീം ഇന്നു വരും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 28-ന് ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റിനായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ക്യാപ്റ്റൻ തെംബ ബാവുമ, പരിശീലകന്‍ മാര്‍ക്ക് ബൗച്ചർ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം ഞായറാഴ്ച പുലര്‍ച്ചെയാണ് എത്തിയത്. കോവളം ലീലാ ഹോട്ടലില്‍ തങ്ങുന്ന ടീം തിങ്കളാഴ്ച ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലത്തിനിറങ്ങും. ഹൈദരാബാദില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് 4.30-ന് തലസ്ഥാനത്തെത്തും.

28-ന് വൈകീട്ട് ഏഴുമണിക്കാണ് മത്സരം. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നത് മൂന്നുവര്‍ഷത്തിനുശേഷം.റണ്ണൊഴുകും പിച്ച്

ഗ്രീന്‍ഫീല്‍ഡില്‍ അന്താരാഷ്ട്ര നിലവാരമുള്ള മൂന്നു പിച്ചുണ്ട്. 2016-ല്‍ കെ.സി.എ.യുടെ ക്യൂറേറ്റര്‍ എ.എം. ബിജുവിന്റെ നേതൃത്വത്തില്‍ നിർമിച്ച പിച്ചിലാണ് ഇക്കുറി മത്സരം.

ബി.സി.സി.ഐ. ക്യൂറേറ്റര്‍ പ്രശാന്ത് റാവു പിച്ച് പരിശോധിച്ച് തൃപ്തിരേഖപ്പെടുത്തി. റണ്ണൊഴുകുന്ന പിച്ചാണിത്. കനത്ത മഴ പെയ്താലും അരമണിക്കൂറിനകം കളി പുനരാരംഭിക്കാനാകും. മഴവെള്ളത്തിന്റെ 90 ശതമാനവും മിനിറ്റുകള്‍ക്കുള്ളില്‍ പൂർണമായും വാര്‍ന്നുപോകുന്നതരത്തിലാണ് ഔട്ട്ഫീല്‍ഡ്.

കഴിഞ്ഞമത്സരത്തിന് 40,000-ത്തിലേറെ കാണികളെത്തിയ സ്റ്റേഡിയത്തില്‍ ഇക്കുറി പ്രവേശനം 38,000 പേര്‍ക്ക് മാത്രമാകും. 50,000 പേര്‍ക്കിരിക്കാമെങ്കിലും കുറെ സീറ്റുകള്‍ തകരുകയും കേടുപാട്‌ വരുകയും ചെയ്തതുകൊണ്ടാണിത്. സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതിബന്ധം മത്സരത്തിന് ദിവസങ്ങള്‍ക്കുമുമ്പ്‌ കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. വിവാദമായതോടെ ഇത് പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി.യെ ആശ്രയിക്കാതെ പൂർണമായും ജനറേറ്ററിന്റെ സഹായത്തോടെയാണ് മത്സരം നടത്തുകയെന്ന് കെ.സി.എ. അറിയിച്ചു.

www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 70 ശതമാനം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാം.

ക്യാപ്റ്റന്‍ ബാവുമ

തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. മുന്‍ താരം മാര്‍ക്ക് ബൗച്ചറാണ് പരിശീലകന്‍. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആൻറിച്ച് നോർദ്യെ, മാര്‍ക്കോ ജാന്‍സണ്‍, ഹെന്‍‌റിച്ച് ക്ലാസണ്‍, കേശവ് മഹാരാജ്, ടബ്രിസ് ഷംസി, എയ്ഡന്‍ മര്‍ക്രം, കാഗിസോ റബാഡ, വെയ്ന്‍ പാര്‍ണെല്‍, ബ്യോണ്‍ ഫോര്‍ട്ടീന്‍, റീസാ ഹെൻറിക്‌സ്, ആന്‍ഡില്‍ പെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, റിലീ റൂസോ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..