ഷാർജ: ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്താനെതിരേ അയൽക്കാരായ അഫ്ഗാനിസ്താന് ജയം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20-യിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ ആറുവിക്കറ്റിനാണ് അഫ്ഗാൻ തോൽപ്പിച്ചത്. ഇതാദ്യമായാണ് പാകിസ്താനെതിരേ അഫ്ഗാൻ ട്വന്റി 20 ക്രിക്കറ്റിൽ ജയിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ മുഹമ്മദ് നബിയാണ് കളിയിലെ താരം. 38 റൺസും രണ്ടുവിക്കറ്റുകളുമാണ് കളിയിൽ താരത്തിന്റെ നേട്ടം. സ്കോർ: പാകിസ്താൻ- 20 ഓവറിൽ ഒമ്പതിന് 92. അഫ്ഗാനിസ്താൻ- 17.5 ഓവറിൽ നാലിന് 98.
പാകിസ്താനുവേണ്ടി ഇമാദ് വസിം (18), സായിം അയുബ് (17), തയ്യിബ് താഹിർ (16), ഷദാബ് ഖാൻ (12) എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അഫ്ഗാനുവേണ്ടി മുഹമ്മദ് നബിക്ക് പുറമെ ഫസൽഹഖ് ഫാറൂഖി, മുജീബുറഹ്മാൻ എന്നിവരും ഇരട്ട വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനുവേണ്ടി 38 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് നബി 38 റൺസെടുത്തത്. നജീബുള്ള സർദാൻ (17), റഹ്മാനുള്ള ഗുർബസ് (16) എന്നിവരും തിളങ്ങി. പാകിസ്താനായി ഇഹ്‌സാനുള്ള രണ്ടുവിക്കറ്റെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..