പാരീസ്: റെക്കോഡ് ഭേദിച്ച ലയണൽ മെസ്സിയുടെ ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗ് വൺ കിരീടത്തിൽ പി.എസ്.ജി. 11-ാം തവണയും മുത്തമിട്ടു. ലീഗിൽ ഒരുകളി ശേഷിക്കെ സ്ട്രാസ്ബർഗിനെ സമനിലയിൽ തളച്ചാണ് (1-1) പി.എസ്.ജി. ലീഗ് വൺ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവുമധികം ലീഗ് വൺ ജേതാക്കളാകുന്ന ക്ലബ്ബായി പി.എസ്.ജി. മാറി. 59-ാം മിനിറ്റിലാണ് മെസ്സി പി.എസ്.ജി.യെ മുന്നിലെത്തിച്ചത്. കെവിൻ ഗമെയ്‌റോ (79) സ്‌ട്രോസ്ബർഗിനെ സമനിലയിലെത്തിച്ചു.
11-ാം കിരീടത്തോടെ സെയ്ന്റ് എറ്റിയനയെ മറികടന്നാണ് പി.എസ്.ജി. റെക്കോഡ് നേട്ടത്തിലെത്തിയത്. ഒമ്പതുതവണ രണ്ടാംസ്ഥാനക്കാരുമായിട്ടുണ്ട്. തുടർച്ചയായ രണ്ടാം കിരീടമാണിത്. 2010-നുശേഷം പി.എസ്.ജി. ഒമ്പതുതവണ ജേതാക്കളായി.
ഗോളിലും കപ്പിലും ഒന്നാമനായി മെസ്സി
യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരമായി മെസ്സി. 496 ഗോളാണ് അർജന്റീനാ ഇതിഹാസത്തിന്റെ സമ്പാദ്യം. 495 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു. സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കുവേണ്ടി 520 മത്സരങ്ങളിൽ 474 ഗോളും ലീഗ് വണിൽ പി.എസ്.ജി.ക്കുവേണ്ടി 57 കളിയിൽ 22 ഗോളുമാണ് മെസ്സി നേടിയത്.
ക്ലബ്ബുകൾക്കുവേണ്ടി ആകെ 715 ഗോളെന്ന നേട്ടത്തിലും ഇടംപിടിച്ചു. ബാഴ്‌സലോണയ്ക്കുവേണ്ടി 778 കളിയിൽ 672, പി.എസി.ജി.ക്കായി 74 മത്സരത്തിൽ 32 ഗോളും ബാഴ്‌സ സി, ബി ടീമുകൾക്കുവേണ്ടി 11 ഗോളും നേടി. ക്ലബ്ബ് കരിയറിൽ ക്രിസ്റ്റ്യാനോയും ഇതേ ഗോളുമായി തുല്യതപാലിക്കുന്നു.
സ്‌പോർട്ടിങ് ലിസ്ബണിനുവേണ്ടി അഞ്ച്, മാഞ്ചെസ്റ്റർ യുണൈറ്റഡിൽ 145, റയൽ മഡ്രിഡിനൊപ്പം 450, യുവന്റസിനുവേണ്ടി 101, അൽ നസ്‌റിനൊപ്പം 14 ഗോളുമാണ് നേടിയത്.
ലോകഫുട്‌ബോളിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന നേട്ടത്തിലും മെസ്സിയെത്തി. ഇതുവരെ 43 ട്രോഫികളാണ് ഉയർത്തിയത്. മുൻ സഹതാരം ഡാനി ആൽവസിനൊപ്പം റെക്കോഡ് പങ്കിടുന്നു. പത്ത് ലാലിഗ, നാല് ചാമ്പ്യൻസ് ലീഗ്, ഏഴ് കോപ്പ ഡെൽറേ, എട്ട് സൂപ്പർ കോപ്പ, മൂന്നുവീതം ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് ലീഗ് വൺ, ഓരോന്നുവീതം ഫിഫ ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സിമ, ഒളിമ്പിക്‌സ് സ്വർണം, അണ്ടർ 20 ലോകകപ്പ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവയാണ് മെസ്സി നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..