പരിശീലകരെ അവഗണിച്ചെന്ന് പരാതി


2 min read
Read later
Print
Share

ദേശീയ സ്‌കൂൾ കായികമേള

കോഴിക്കോട്: ദേശീയ സ്കൂൾ കായികമേളയ്ക്കുള്ള അത്‌ലറ്റിക്സ് പരിശീലകരെ തിരഞ്ഞെടുത്തപ്പോൾ പരിചയസമ്പന്നരെ തഴഞ്ഞെന്ന് പരാതി. സാധാരണ എല്ലാ വർഷവും ദേശീയ മേളയ്ക്ക് തിരഞ്ഞെടുത്ത താരങ്ങളോടൊപ്പം പരിശീലകരെ കേരള ക്യാമ്പിലേക്ക് ക്ഷണിക്കാറുണ്ട്. ഡി.പി.ഐ. (ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ) സ്പോർട്‌സ് ഓർഗനൈസർക്കാണ് ഇതിന്റെ ചുമതല. എന്നാൽ, കോവിഡിനു ശേഷം പുനരാരംഭിക്കുന്ന ദേശീയ സ്കൂൾ കായികമേളയ്ക്ക് പരിശീലകരെ ക്ഷണിച്ചില്ലെന്നാണ് പരാതി. ഈ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ളവരെ, എൻ.ഐ.എസ്. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സ്) ഡിപ്ലോമ സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് മാറ്റിനിർത്തി എന്നാണ് പരാതി.

ജൂൺ ആറുമുതൽ 12 വരെ ന്യൂഡൽഹി, ഭോപാൽ, ഗ്വാളിയോർ എന്നിവിടങ്ങളിലാണ് ദേശീയ സ്കൂൾ കായികമേള നടക്കുക. അത്‌ലറ്റിക്സ് മത്സരങ്ങൾ ആറുമുതൽ ഒമ്പതു വരെ ഭോപാലിൽ നടക്കും. ഇതിനായി കേരള ടീമിന്റെ ത്രിദിന ക്യാമ്പ് തിരുവനന്തപുരം കേരള സർവകലാശാലാ സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടങ്ങി. 71 അംഗ കേരള അത്‌ലറ്റിക്സ് ടീം 31-ന് ഭോപാലിലേക്ക് തിരിക്കും. ഇവരോടൊപ്പം ആറ് പരിശീലകരും ഡോക്ടർ, ഫിസിയോ തുടങ്ങി അഞ്ച് ഒഫീഷ്യൽസുമുണ്ടാകും. ഗെയിംസ് ഇനങ്ങളിലുൾപ്പെടെ ആകെ 499 കേരളതാരങ്ങൾ പങ്കെടുക്കും. ഇവരെ നയിക്കാൻ 88 ഒഫീഷ്യൽസുമുണ്ട്.

അവഗണനയെന്ന് പരിശീലകർ

: ഒട്ടേറെ അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ച പറളി ഹയർസെക്കൻഡറി സ്കൂളിലെ പി.ജി. മനോജ്, മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്. സിജിൻ, കോതമംഗലം മാർബേസിലിലെ ഷിബി മാത്യു, അബ്ദുള്ള അബൂബക്കറിന്റെ പരിശീലകൻ കല്ലടി ഹയർസെക്കൻഡറിയിലെ ജാഫർ ബാബു തുടങ്ങിയവർക്ക് ക്യാമ്പിലേക്ക് ക്ഷണമില്ല.

ക്യാമ്പിലുള്ള കുട്ടികൾ ഫോണിലൂടെ വിളിച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നതെന്ന് മാർബേസിൽ സ്കൂളിലെ ഷിബി മാത്യു പറഞ്ഞു.

ഈ അവഗണന അപമാനകരം

: വർഷങ്ങളായി ഈ രംഗത്തുള്ളവരെ ദേശീയ കായികമേളയിൽ പരിശീലിപ്പിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണ്. എൻ.ഐ.എസ്. എടുത്തവർ കായികമേഖലയ്ക്ക് നേടിക്കൊടുത്ത സംഭാവന പരിശോധിക്കണം. കേവലം സർട്ടിഫിക്കറ്റിനപ്പുറത്തുനിന്നാണ് ഞങ്ങൾ രാജ്യത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയത്. ഈ അവഗണന അപമാനകരമാണ് -പി.ജി. മനോജ് (പരിശീലകൻ, പറളി സ്കൂൾ)

അവഗണിച്ചില്ല, പരാതിയുമില്ല

: അത്‌ലറ്റിക്സ് സംഘത്തെ പരിപാലിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. ഇവരിൽ എൻ.ഐ.എസ്. ഉള്ളവരും ഇല്ലാത്തവരുമുണ്ട്. സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കിയിട്ടില്ല. പരിശീലകരെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല.

-ഹരീഷ് ശങ്കർ (സ്പോർട്‌സ് ഓർഗനൈസർ)

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..