അഹമ്മദാബാദ്: മാർച്ച് 31-ന് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തോടെയാണ് 16-ാം ഐ.പി.എൽ. ക്രിക്കറ്റ് തുടങ്ങിയത്. അന്ന് ഗുജറാത്ത് അഞ്ചുവിക്കറ്റിന് ജയിച്ചു. തിങ്കളാഴ്ച രാത്രി അതേ ഗുജറാത്തിനെ അതേ സ്റ്റേഡിയത്തിൽ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ കിരീടവുമായി മടങ്ങി. അന്ന് ഗുജറാത്തിന്റെ ജയംപോലെ എളുപ്പമായിരുന്നില്ല ഇക്കുറി. അവസാന രണ്ടുപന്തിൽ 10 റൺസ് വേണ്ടിയിരിക്കേ, മോഹിത് ശർമയുടെ പന്തിൽ രവീന്ദ്ര ജഡേജ പായിച്ച സിക്സും ഫോറും ചെന്നൈക്ക് സ്വപ്നതുല്യമായ വിജയം നൽകി.
215-റൺസ് ലക്ഷ്യവുമായി ചെന്നൈ ബാറ്റിങ് തുടങ്ങിയ ഉടൻ മഴപെയ്ത് രണ്ടു മണിക്കൂറോളം കളി മുടങ്ങിയതിനാൽ അവരുടെ ലക്ഷ്യം 15 ഒാവറിൽ അഞ്ചിന് 171 ആയി പുനർനിശ്ചയിച്ചിരുന്നു. ഡെക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ജയം. െഎ.പി.എലിൽ ചെന്നൈ ടീമിന്റെ അഞ്ചാം കിരീടമാണിത്. ഇതോടെ, കിരീടനേട്ടത്തിൽ മുംബൈയുടെ റെക്കോഡിനൊപ്പമെത്തി.
രവീന്ദ്രജാലം
:ഒാപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദും (16 പന്തിൽ 26), ഡെവൻ കോൺവെയും (25 പന്തിൽ 47) ചെന്നൈക്ക് നല്ല തുടക്കം നൽകി. ഏഴാം ഒാവറിൽ ആറു റൺ മാത്രം വഴങ്ങി നൂർ അഹമ്മദ് രണ്ട് ഒാപ്പണർമാരെയും മടക്കിയതോടെയാണ് ഗുജറാത്ത് പിടിമുറുക്കിയത്. പിന്നീട് ശിവം ദുബെ (21 പന്തിൽ 32), അജിൻക്യ രഹാനെ (13 പന്തിൽ 27) എന്നിവർ ചേർന്ന് 23 പന്തിൽ 39 റൺസ് ചേർത്ത് വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. 11-ാം ഒാവറിൽ രഹാനെ ഒൗട്ടായതോടെ വീണ്ടും ഗുജറാത്തിന് മേൽക്കൈ.
മോഹിത് ശർമ എറിഞ്ഞ 13-ാം ഒാവറിലെ ആദ്യ മൂന്നുപന്തിൽ രണ്ട് സിക്സും ഒരു ഫോറും അടിച്ച അമ്പാട്ടി റായുഡു (എട്ടു പന്തിൽ 19) നാലാം പന്തിൽ ഒൗട്ട്. പ്രൊമോട്ട് ചെയ്ത് ആറാമനായെത്തിയ എം.എസ്. ധോനി ആദ്യ പന്തിൽ ഡക്ക്. ഇതോടെ ചെന്നൈ ഞെട്ടി. അവസാന രണ്ടോവറിൽ വേണ്ടത് 21 റൺസ്, 14-ാം ഒാവറിൽ മുഹമ്മദ് ഷമി നൽകിയത് എട്ടു റൺ മാത്രം. അവസാന ഒാവറിൽ വേണ്ടത് 13 റൺ. മോഹിത് ശർമയുടെ ആ ഒാവറിലെ ആദ്യ പന്തിൽ റൺ ഇല്ല. തുടർന്ന് മൂന്ന് സിംഗിൾ. ഗുജറാത്ത് ജയം ഉറപ്പിച്ച നിമിഷം. അഞ്ചാം പന്തിൽ സിക്സുമായി ജഡേജ വീണ്ടും ഗതി മാറ്റി. അവസാന പന്തിൽ നാലു റൺ വേണ്ടിയിരിക്കേ, ബൗണ്ടറിയിലേക്ക് പായിച്ച് മിന്നും വിജയവും സമ്മാനിച്ചു.
ധോനിയുടെ 11-ാം ഫൈനൽ
: 2008 മുതൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോനി ടീമിനൊപ്പം കളിച്ച 14 സീസണിൽ പത്തുതവണ ഫൈനലിലെത്തി. അതിൽ അഞ്ചാം കിരീടമാണിത്.
ഒട്ടേറെ യുവതാരങ്ങളും യുവ ക്യാപ്റ്റൻമാരും അണിനിരന്ന ടൂർണമെന്റിൽ, 42-കാരനായ ധോനി കിരീടവുമായി മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനും ക്യാപ്റ്റൻസിക്കും കിട്ടുന്ന പ്രതിഫലം കൂടിയാണ് ഈ വിജയം.
ധോനി, അജിൻക്യ രഹാനെ, അമ്പാട്ടി റായുഡു, മോയിൻ അലി, രവീന്ദ്ര ജഡേജ തുടങ്ങിയവരുൾപ്പെട്ട ടീം ‘വയസ്സൻമാരുടെ സംഘം’ എന്ന പഴി കേട്ടെങ്കിലും കിരീടവിജയത്തെ അതൊന്നും തളർത്തിയില്ല.
പരിചയസമ്പത്തിനൊപ്പം ഒരു സംഘം പുതുമുഖങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് ഇക്കുറി ടീം വിന്നിങ് ഫോർമുല രൂപപ്പെടുത്തിയത്.
ഋതുരാജ് ഗെയ്‌ക്‌വാദും ഡെവൻ കോൺവെയും ചേർന്ന അവരുടെ ഓപ്പണിങ് സീസണിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടായി. അജിൻക്യ രഹാനെ ബിഗ് ഹിറ്ററായി മാറി. ശിവം ദുബെ മാരക ഫോമിലെത്തി.
ബൗളിങ്ങിനെ നയിക്കേണ്ടിയിരുന്ന ദീപക് ചഹാർ തുടക്കത്തിൽ പരിക്കുകാരണം പുറത്തായപ്പോൾ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത തുഷാർ ദേശ്പാണ്ഡെ, ശ്രീലങ്കൻ ബൗളർമാരായ മഹീഷ് തീക്ഷ്ണ, മതീഷ പതിരണ എന്നിവരെ ഉപയോഗിച്ച് ധോനി മത്സരം ജയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..