കൊച്ചി: കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മൂന്ന് വിദേശതാരങ്ങൾ ക്ലബ്ബുവിടുന്നകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്തസീസണിലേക്ക് കൂടുതൽ മികച്ച ടീമിനെ ഇറക്കുന്നതിന്റെകൂടി ഭാഗമായിട്ടാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് അഴിച്ചുപണിക്കൊരുങ്ങുന്നത്.
മുന്നേറ്റനിരതാരം അപ്പോസ്തലസ് ജിയാനു, മധ്യനിരതാരം ഇവാൻ കലിയൂഷ്‌നി, പ്രതിരോധനിരതാരം വിക്ടർ മോംഗിൽ എന്നിവരാണ് ടീം വിടുന്നത്. മധ്യനിരതാരം അഡ്രിയൻ ലൂണ, പ്രതിരോധനിരതാരം മാർക്കോ ലെസ്‌കോവിച്ച്, മുന്നേറ്റനിരതാരം ദിമിത്രിയോസ് ഡയമെന്റാകോസ് എന്നിവർ ക്ലബ്ബിൽ തുടരും. ഇതിൽ ഡയമെന്റാകോസുമായി പുതിയ കരാറിലെത്തിയതാണ്. ഓസ്‌ട്രേലിയൻ താരം ജോഷ്വോ സോറ്റിരിയോയെ പുതുതായി ടീമിലെത്തിച്ചു.
ഇന്ത്യൻ താരങ്ങളായ ഹർമൻജ്യോത് ഖബ്ര, ടീം നായകൻ ജെസൽ കാർനെയ്‌റോ, ഗോൾ കീപ്പർ മൂഹീത് ഖാൻ എന്നിവരും ക്ലബ്ബ് വിട്ടു. കലിയൂഷ്‌നി ഒഴികെയുള്ള താരങ്ങൾക്ക് കഴിഞ്ഞ സീസണിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. കലിയൂഷ്‌നി മധ്യനിരയിൽ ചലനംസൃഷ്ടിച്ച താരമാണ്.
പ്രതിരോധനിരതാരം ഹോർമിപാമുമായുള്ള കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളായ നിഹാൽ സുധീഷ്, ഐമൻ, അസ്‌കർ, ഷഫീഫ് എന്നിവർക്ക് 2026 വരെ കരാർ നൽകിയിട്ടുണ്ട്. ഇതിനുപുറമേ ബെംഗളൂരു എഫ്.സി.യിൽനിന്ന് വിങ്ബാക്ക് പ്രബീർ ദാസിനെ ടീമിലെത്തിച്ചതായും സൂചനയുണ്ട്. മികച്ച വിദേശതാരങ്ങളുമായി ക്ലബ്ബ് ചർച്ചയിലാണ്. ഇതിനുപുറമേ പ്രതിരോധത്തിലെ പരിചയസമ്പന്നനായ ഇന്ത്യൻ താരത്തെയും നോട്ടമിട്ടിട്ടുണ്ട്. പുതിയ സീസണിലും ടീമിനെ ഇവാൻ വുകോമാനോവിച്ച് തന്നെ പരിശീലിപ്പിക്കും. സഹപരിശീലകൻ ഫ്രാങ്ക് ഡോവനുമായുള്ള കരാർ 2025 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യക്കാരനായ സഹപരിശീലകന്റെ ഒഴിവ് ക്ലബ്ബ് നികത്തിയിട്ടില്ല. ഇഷ്ഫാഖ് അഹമ്മദ് സീസണിനൊടുവിൽ ക്ലബ്ബ് വിട്ടിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..