ലണ്ടൻ: പുതിയ പരിശീലകനായി മൗറീഷ്യോ പൊച്ചെറ്റിനോ ചുതമലയേറ്റതോടെ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് ചെൽസിയിൽനിന്ന് പത്തിലധികം താരങ്ങൾ പുറത്തുപോകുമെന്ന് സൂചന. അടുത്തസീസണിലേക്ക് മികച്ച ടീമിനെ വാർത്തെടുക്കാൻ ടീമിൽ വലിയ അഴിച്ചുപണി ആവശ്യമാണെന്ന നിലപാടിലാണ് പൊച്ചെറ്റിനോയും മാനേജ്‌മെന്റും.
അർജന്റീനാ പരിശീലകന് ആവശ്യമുള്ള താരങ്ങളെ എത്തിക്കുന്നതിനൊപ്പം താത്‌പര്യമില്ലാത്തവരെ ഒഴിവാക്കും. അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് വായ്പയടിസ്ഥാനത്തിലെത്തിയ ജാവോ ഫെലിക്‌സ് മടങ്ങുമെന്നുറപ്പായി. പിയറെ എംറിക് ഔബമെയങ്, ക്രിസ്റ്റ്യൻ പുലിസിച്ച്, ഹക്കീം സിയെച്ച്, എഡ്വാർഡ് മെൻഡി, കലും ഹഡ്‌സൻ ഒഡോയ് എന്നിവർ പുറത്തുപോകാൻ സാധ്യത കൂടുതലാണ്. ഖാലിദു കൗലിബാലി, സെസാർ ആസ്പിലിക്യൂട്ട, എൻഗോളെ കാന്റെ എന്നിവരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുത്ത പുതിയ മാനേജ്‌മെന്റിന് അടുത്തസീസണിൽ മികച്ച പ്രകടനം അനിവാര്യമാണ്. അതിനനുസരിച്ചുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.
മുന്നേറ്റത്തിലേക്ക് ലെയ്പ്‌സിഗ് താരം ക്രിസ്റ്റഫർ എൻകുങ്കു, നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ, ഇന്റർമിലാന്റെ ലൗട്ടാറോ മാർട്ടിനെസ്, യുവന്റസിന്റെ ദുസാൻ വ്‌ളാഹോവിച്ച് എന്നിവരെ ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..