: രണ്ടുമിനിറ്റ്, രണ്ടേ രണ്ടു പന്തുകൾ. ജയിച്ചെന്നു കരുതിയ ഗുജറാത്ത് ടൈറ്റൻസ് തോൽവിയിലേക്കു വീണത് ആ രണ്ടുപന്തുകളിലാണ്. ഒരുപക്ഷേ, ആ രണ്ടു പന്തുകളും യോർക്കറുകളായിരുന്നെങ്കിൽ മോഹിത് ശർമയെന്ന ഹരിയാണക്കാരൻ തലക്കെട്ടുകളിൽ നിറഞ്ഞേനെ. അയാളുടെ വിധി മറ്റൊന്നായേനെ.
തിങ്കളാഴ്ച െഎ.പി.എൽ. ക്രിക്കറ്റ് ഫൈനലിൽ എല്ലാം തീർന്നു എന്ന നിമിഷത്തിൽനിന്നാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചത്. ഇതിനു സമാനമാണ്, കരിയർ അവസാനിച്ചെന്നു കരുതിയ മോഹിത് ശർമയെന്ന 34-കാരന്റെ തിരിച്ചുവരവും.
ഫൈനലിലെ അവസാന ഓവറിൽ എവിടെയാണ് മോഹിതിനും ഗുജറാത്തിനും പിഴച്ചത്...? ആദ്യ മൂന്നു പന്തിനുശേഷം പല കാര്യങ്ങൾ സംഭവിച്ചു. മോഹിത് ശർമയുടെ ആദ്യ രണ്ടു പന്തുകളും യോർക്കറുകൾ. മൂന്നാം പന്ത് യോർക്കറിന് തുല്യമായ ലോ ഫുൾടോസ്. ജഡേജ നേടിയത് ഒരു റൺ. ചെന്നൈ നായകൻ ധോനി, പ്രതീക്ഷ അസ്തമിച്ചപോലെ പാഡുകൾ അഴിച്ചുവെക്കുന്നു. നാലാം പന്തും ലോ ഫുൾടോസ്. ശിവം ദുബെ ഒരു റണ്ണെടുത്തു...
ബൗണ്ടറി ലൈനിൽനിന്ന ഗുജറാത്ത് കോച്ച് ആശിഷ് നെഹ്റ ടീമിലെ പന്ത്രണ്ടാമനെ വിളിച്ച് ചെവിയിലെന്തോ പറയുന്നു. അയാൾ ഒരു കുപ്പി വെള്ളവുമായി മോഹിതിനടുത്തേക്കോടുന്നു. ഹാർദിക്കിനും മോഹിതിനും നെഹ്റയുടെ സന്ദേശം കൈമാറുന്നു. മോഹിത് നിഷേധാർഥത്തിൽ തലയാട്ടുന്നു. അതായിരുന്നു കളിയിലെ വഴിത്തിരിവ്. മോഹിതിന്റെ താളം തെറ്റി. അടുത്ത പന്തിന്റെ ലെങ്ത് അല്പം പിഴച്ചു, ജഡേജ സിക്സടിച്ചു. അടുത്ത പന്തിൽ ലോ ഫുൾടോസിന്റെ ലൈൻ പിഴയ്ക്കുന്നു, പന്ത് ഫൈൻലെഗ് ബൗണ്ടറിയിലേക്ക് പോകുന്നു. കൃത്യതയോടെ എറിഞ്ഞിരുന്ന ബൗളറുടെ മനസ്സിൽ ആശയക്കുഴപ്പത്തിന്റെ വിത്തെറിഞ്ഞതിന്റെ ഫലം.
സിക്സറടിച്ച് ഓടിവന്ന ജഡേജയെ ധോനി എടുത്തുയർത്തുമ്പോൾ, നിറകണ്ണുകളോടെനിന്ന മോഹിതിനെ ഹാർദിക് കെട്ടിപ്പുണർന്ന് ആശ്വസിപ്പിക്കുകയായിരുന്നു.
ഹരിയാണ രഞ്ജി ടീമിനായി 2012-13 സീസണിൽ നടത്തിയ വിക്കറ്റ് നേട്ടങ്ങളോടെയാണ് മോഹിത് ശർമയെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. 2013 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായപ്പോൾ ധോനിയെന്ന ക്യാപ്റ്റൻ ആ ബൗളറുടെ മികവ് പൂർണമായി പുറത്തെടുത്തു. 2014-ൽ വിക്കറ്റ് നേട്ടത്തിൽ ഒന്നാമനായി.
2014-ൽ ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിലും 2015 ഏകദിന ലോകകപ്പ് ടീമിലും ഇടംകിട്ടി. പക്ഷേ, 2015 ലോകകപ്പ് സെമി ഫൈനൽ കളിച്ചശേഷം മോഹിത് നിറംമങ്ങി. പിന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയില്ല. ചെന്നൈ സൂപ്പർ കിങ്സിൽനിന്നും പുറത്തായി. 2016-17ൽ പഞ്ചാബിനുവേണ്ടി കളിച്ചശേഷം 2019-ൽ ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും പഴയ വരവേൽപ്പുണ്ടായില്ല. 2020-ൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.
ഇതിനിടെ കോവിഡ് മഹാമാരിയിൽ അച്ഛനെ നഷ്ടപ്പെട്ടതോടെ മോഹിത് തളർന്നു. നടുവിന് പരിക്കേറ്റതോടെ കളിക്കളത്തിലേക്കുള്ള വഴിയടഞ്ഞു. 2021, 2022 സീസണുകളിൽ ഒരു ഐ.പി.എൽ. ടീമിലും ഇടംകിട്ടിയില്ല.
അതിനിടയിലാണ് ഗുജറാത്തിന്റെ കോച്ച് ആശിഷ് നെഹ്റ മോഹിതിനെ വിളിച്ചത്. ചോദ്യമിതായിരുന്നു ‘‘ടീമിന്റെ നെറ്റ് ബൗളറായി വരാമോ...’’ ആലോചനയ്ക്കുശേഷം മോഹിത് പറഞ്ഞു: ‘‘ഞാൻ വരാം...’’ ഇന്ത്യയുടെ ലോകകപ്പ് ടീമുകളിലിടംപിടിച്ച ബൗളർ, ഇന്ത്യൻ ടീമിന്റെ പടികാണാത്തവർക്ക് നെറ്റിൽ പന്തെറിഞ്ഞു കൊടുക്കുക... പലരും അദ്‌ഭുതപ്പെട്ടു. മോഹിതിന് അതല്ലാതെ മാർഗമില്ലായിരുന്നു.
2023 സീസണിൽ നെഹ്റയുടെയും ഹാർദിക്കിന്റെയും നിർബന്ധത്തിന് വഴങ്ങി ടീം മാനേജ്മെന്റ് മോഹിതുമായി കരാറൊപ്പിട്ടു, അടിസ്ഥാനവിലയായ 50 ലക്ഷത്തിന്. ആദ്യ മൂന്നു മത്സരത്തിലും കളിക്കാൻ അവസരം കിട്ടിയില്ല. എന്നാൽ, പഞ്ചാബ് കിങ്സിനെതിരേ കിട്ടിയ അവസരം മോഹിത് മുതലാക്കി. നാലോവറിൽ 18 റൺസിന് രണ്ടുവിക്കറ്റും മാൻ ഓഫ് ദി മാച്ചും.
ഗുജറാത്ത്-ലഖ്നൗ മത്സരത്തിൽ അവസാന ഓവറിൽ ലഖ്‌നൗവിന് വേണ്ടത് 12 റൺസ്. ഹാർദിക് പന്തുനൽകിയത് മോഹിതിന്. 68 റണ്ണടിച്ച് ഫോമിൽനിന്ന കെ.എൽ. രാഹുൽ, മാർക്കസ് സ്റ്റോയ്നസ് എന്നിവരെ ഔട്ടാക്കി ഗുജറാത്തിന് ഏഴുവിക്കറ്റിന്റെ ജയം സമ്മാനിച്ച മോഹിത് കളിയിലെ താരമായി. 2023 സീസണിൽ 14 മത്സരങ്ങളിൽ 27 വിക്കറ്റ് നേടി. 28 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഒന്നാമത്. ഓരോ വിക്കറ്റെടുക്കുമ്പോഴും മോഹിത് ആകാശത്തേക്ക് നോക്കി തൊഴുകൈകളോടെ നിൽക്കും... വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് വഴിയൊരുക്കിയതിന് നന്ദിപറയുംപോലെ...


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..