രാജകീയം രഹാനെ


2 min read
Read later
Print
Share

മാറ്റത്തിനു പിന്നിൽ

: കൊച്ചിയിൽനടന്ന മിനി ലേലത്തിൽ അടിസ്ഥാനവിലയായ 50 ലക്ഷത്തിന് അജിൻക്യ രഹാനെയെ ചെന്നൈ സൂപ്പർകിങ്‌സ് വാങ്ങുമ്പോൾ പലരും സംശയിച്ചു. വയസ്സൻപടയിലേക്ക് ഒരാളെക്കൂടി ചേർത്തുവെന്ന പരിഹാസവുമുണ്ടായി. അവരെ തെറ്റുപറഞ്ഞുകൂടാ. കഴിഞ്ഞസീസണിൽ കളിച്ച കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മോശം പ്രകടനംമൂലം റിലീസ് ചെയ്തതാണ് രഹാനെയെ. കൊൽക്കത്ത ഒരുകോടി രൂപയ്ക്ക് വാങ്ങിയ രഹാനെ ഏഴു കളിയിൽ നേടിയത് 133 റൺസ്. സ്‌ട്രൈക്കൈറ്റ് റേറ്റ് 103.90 മാത്രം.

2020-നുശേഷം ഐ.പി.എലിൽ ഒരു അർധസെഞ്ചുറിപോലുമില്ല. 2022-ൽ ടെസ്റ്റ് ടീമിൽനിന്നും ഒഴിവാക്കപ്പെട്ടു. ബി.സി.സി.ഐ.യുടെ സെൻട്രൽ കരാറിലും ഇല്ല. അങ്ങനെയൊരാളെയാണ് ചെന്നൈ വിളിച്ചെടുത്തത്.

ലേലത്തിനുമുമ്പ് കളിക്കാരുടെ ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ചെന്നൈ സി.ഇ.ഒ. കാശി വിശ്വനാഥൻ രഹാനെയുടെ കാര്യം കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ്ങിനോട് ചോദിച്ചു. പുണെ ടീമിലായിരിക്കെ രഹാനെയെ അറിയാവുന്ന ഫ്‌ളെമിങ് സമ്മതിച്ചു. ജിങ്‌സിനെ (രഹാനെയുടെ വിളിപ്പേര്) കിട്ടിയാൽ ഗംഭീരമാകുമെന്ന് ധോനിയും പറഞ്ഞു.

എന്നിട്ടും അവരുടെ പ്രാഥമിക പദ്ധതികളിൽ ഈ മുംബൈക്കാരൻ ഇല്ലായിരുന്നു. ബെൻ സ്റ്റോക്‌സിനു പരിക്കേറ്റതും മോയിൻ അലിക്കു സുഖമില്ലാതായതുമാണ് വഴിത്തിരിവായത്. മുംബൈക്കെതിരേ സ്വന്തം നാട്ടിൽ 27 പന്തിൽ 61 റൺസ് നേടി ടീമിൽ സ്ഥാനമുറപ്പിച്ചു. കൊൽക്കത്തയ്‌ക്കെതിരേ 29 പന്തിൽ 71 റൺസടിച്ചും രഹാനെ മുൻധാരണകളെ തിരുത്തി. ഈ സീസണിലെ 11 ഇന്നിങ്സിൽ രഹാനെ അടിച്ചത് 326 റൺസ്. സ്ട്രൈക്ക് റേറ്റ് 172.48!

മാറ്റത്തിനു പിന്നിൽ

ധോനിയുടെ കീഴിൽ കളിക്കാർ അനുഭവിക്കുന്ന സുരക്ഷിതത്വബോധം രഹാനെയുടെ മാറ്റത്തിലെ ഒരു കാരണമായി. ചുമതലകൾ കൃത്യമായി നിർവചിക്കപ്പെടും. ബാറ്റിങ് നിരയിൽ നങ്കൂരമടിക്കേണ്ടയാൾ എന്ന ടാഗ് രഹാനെയിൽനിന്ന് മാറ്റുകയാണ് ആദ്യം ചെയ്തതെന്ന് ഫ്‌ളെമിങ് പറഞ്ഞിട്ടുണ്ട്. സ്വന്തം ശക്തിയനുസരിച്ച് ആസ്വദിച്ചുകളിക്കാൻ ഫ്‌ളെമിങ്ങും ധോനിയും നിർദേശിച്ചു. ഇടതുകൈമുട്ടിനെ പൊതിഞ്ഞുള്ള നീളൻ ആംഗാർഡ് രഹാനെ ഉപേക്ഷിച്ചതും നേട്ടമായെന്ന് അദ്ദേഹത്തിന്റെ മുൻ കോച്ച് പ്രവീൺ ആംറെ ചൂണ്ടിക്കാട്ടുന്നു. ഭാരമുള്ള നീളൻ ആംഗാർഡുകൾ ചിലപ്പോൾ ബാറ്റിങ്ങിന്റെ ഒഴുക്കിനെ ബാധിക്കാം. 35-കാരനായ രഹാനെ ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്നമട്ടിൽ ഫ്രീയായി കളിച്ചതും ഐ.പി.എലിലെ നേട്ടത്തിനു കാരണമായെന്ന്‌ വിലയിരുത്തുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ഈ സീസണിൽ മുംബൈയ്ക്കുവേണ്ടി 11 കളിയിൽ 634 റൺസ് നേടി ഇന്ത്യയുടെ ടെസ്റ്റ് ടീമിലും മടങ്ങിയെത്തിയിരിക്കുകയാണ് രഹാനെ. ശ്രേയസ് അയ്യർക്കു പരിക്കേറ്റപ്പോൾ ടീമിന് മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു.

കളിയുടെ താളം

ഫൈനലിൽ താൻ നേരിട്ട രണ്ടാമത്തെ പന്തുതന്നെ മിഡ് വിക്കറ്റിനു മുകളിലൂടെ പറത്തി രഹാനെ ടീമിന്റെ പ്രതീക്ഷനിലനിർത്തി. നാലാം സ്റ്റമ്പിലേക്ക് വന്ന പന്ത് ക്രോസ് ബാറ്റ് ഷോട്ടിലൂടെയാണ് ഗാലറിയിലെത്തിച്ചത്. ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം അതേ ബൗളറായ ജോഷ്വാ ലിറ്റിലിനെതിരേ അടിച്ച സ്‌ട്രെയ്റ്റ് സിക്‌സ് ഈ സീസണിലെ മികച്ച ഷോട്ടുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഫ്‌ളിക്കുകളും പുള്ളുകളും കവർഡ്രൈവുകളുമായി ഒരു കവിതപോലെയാണ് രഹാനെയുടെ പതിവുകളി. ഇത്തവണ എല്ലാം മാറി. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്തുകൾ പാഞ്ഞു. കൊൽക്കത്തയ്‌ക്കെതിരേ ഉമേഷ് യാദവ് ഓഫ്സ്റ്റമ്പിനു പുറത്തേക്കെറിഞ്ഞ പന്ത് ക്രീസിനു കുറുകെപ്പോയി വിക്കറ്റ് കീപ്പറുടെ പിന്നിലേക്ക് അടിച്ച സിക്‌സ് പെട്ടെന്ന് മറക്കാനാകില്ല. ഡിവില്ലിയേഴ്‌സിന്റെ സിഗ്നേച്ചർ ഷോട്ടാണിത്. അതേ കളിയിൽ കുൽവന്ത് ഖെജ്‌റോളിയുടെ ഓഫ്സ്റ്റമ്പിനു പുറത്തുവന്ന ലോ ഫുൾടോസ് നിന്നനിൽപ്പിൽ ബാറ്റ് ചരിച്ച് റിവേഴ്‌സ് സ്‌കൂപ്പിലൂടെ ഷോർട്ട് തേർഡ്മാനിലേക്ക് ബൗണ്ടറി നേടുമ്പോൾ സ്റ്റേഡിയം തരിച്ചുപോയി. ഇതുകണ്ട് സാക്ഷാൽ കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു. ‘ഞാൻ കണ്ടതിൽ മികച്ച ഷോട്ടുകളിലൊന്ന്.’

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..