കൊച്ചി
: 26 ദിവസത്തിനിടെ രണ്ട് ചാമ്പ്യൻഷിപ്പുകളിലായി ഇന്ത്യയ്ക്ക് ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങൾക്കുവരെ സാധ്യത. ചരിത്രത്തിൽ ഇതുവരെയില്ലാത്ത തിരക്കിൽ ഇന്ത്യ രണ്ട് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ പന്തുതട്ടുമ്പോൾ ഇന്ത്യൻ ഫുട്‌ബോൾ പ്രതീക്ഷകളിലേക്കുണരുന്നു. ഭുവനേശ്വറിൽ ജൂൺ ഒമ്പതുമുതൽ 18 വരെ ഇന്റർകോണ്ടിനെന്റൽ കപ്പിനും പിന്നാലെ ബെംഗളൂരുവിൽ ജൂൺ 21 മുതൽ ജൂലായ് നാലുവരെ സാഫ് കപ്പിനുമാണ് ഇന്ത്യ ആതിഥ്യമരുളുന്നത്.
ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനൻ, വനുവാതു, മംഗോളിയ ടീമുകളും ഇന്ത്യക്കൊപ്പം മത്സരിക്കുന്നു. സാഫ് കപ്പിൽ ഇന്ത്യയ്ക്കുപുറമേ ബംഗ്ലാദേശ്, ഭൂട്ടാൻ, കുവൈത്ത്, ലെബനൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ ടീമുകളുമുണ്ട്. രണ്ട് ചാമ്പ്യൻഷിപ്പുകൾക്കുമായി ഇന്ത്യൻ ടീമിന്റെ ക്യാമ്പ് ഭുവനേശ്വറിൽ പുരോഗമിക്കുന്നു. ഈ ചാമ്പ്യൻഷിപ്പുകൾ ഇന്ത്യൻ ഫുട്‌ബോളിന് വലിയ ഉണർവേകുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ കണക്കുകൂട്ടുന്നു.
ഐശ്വര്യമായി ലെബനൻ
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ലെബനനാണ് രണ്ടു ചാമ്പ്യൻഷിപ്പുകളിലെയും ശ്രദ്ധേയസാന്നിധ്യം. സാഫ് കപ്പിൽ ലെബനനിന് പുറമേ കുവൈത്തിനെയും ഇത്തവണ അതിഥിടീമായി ക്ഷണിച്ചിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള ലെബനനുമായുള്ള കളി ജയിച്ചാൽ ഫിഫ റാങ്കിങ്ങിൽ മുന്നേറാം. ജൂൺ ഒമ്പതിന് മംഗോളിയയുമായുള്ള മത്സരത്തോടെ കോണ്ടിനെന്റൽ കപ്പിന് തുടക്കമിടുന്ന ഇന്ത്യ 12-ന് വനുവാതുവുമായും 15-ന് ലെബനനുമായും കളിക്കും. പ്രാഥമിക റൗണ്ടിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകളാകും ഫൈനലിന് യോഗ്യതനേടുക.
സേഫാകാൻ സാഫ്
എട്ടുതവണ കിരീടം ചൂടിയ സാഫ് കപ്പിൽ ഇത്തവണയും കിരീടപ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ലെബനനാകും സാഫ് കപ്പിലും ഇന്ത്യയുടെ പ്രധാന എതിരാളി. കുവൈത്ത്, മാലദ്വീപ് ടീമുകളും മികച്ച താരങ്ങളുമായാണ് എത്തുന്നത്.
പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എ-യിൽ കുവൈത്തും നേപ്പാളും പാകിസ്താനുമാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യമത്സരത്തിൽ പാകിസ്താനെ നേരിടും. ഗ്രൂപ്പ് ബി-യിൽ ലെബനനിനൊപ്പം മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകളും മത്സരിക്കുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയാൽ ഫൈനലിൽ ഇന്ത്യ-ലെബനൻ മത്സരത്തിന് സാധ്യതയുണ്ട്.
പ്രതീക്ഷയോടെ കേരളം
ക്രൊയേഷ്യക്കാരനായ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഭുവനേശ്വറിൽ ഇന്ത്യയുടെ പരിശീലനം പുരോഗമിക്കുന്നു. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നീ മലയാളി താരങ്ങൾ 23 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സുനിൽ ഛേത്രി നായകനായ ടീമിൽ സന്ദേശ് ജിംഗാൻ, ഇഷാൻ പണ്ഡിത, ഗുർപ്രീത് സിങ് സന്ധു, പ്രീതം കോട്ടാൽ, ജീക്‌സൺ സിങ് ലിസ്റ്റൻ കോളാസോ, അനിരുദ്ധ് ഥാപ്പ തുടങ്ങിയവരുണ്ട്.
ഇതിലും വലിയ ടീമുകൾ വരും
ഇന്ത്യൻ ഫുട്‌ബോൾ മാറ്റങ്ങളുടെ പാതയിലാണ്. ലെബനൻ, കുവൈത്ത് എന്നീ ടീമുകളെ അതിഥികളായി സാഫ് കപ്പിൽ കൊണ്ടുവരുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. മികച്ച ടീമുകളുമായി കളിച്ചാലേ ഇന്ത്യക്ക് ഫിഫ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാകൂ. ഏഷ്യയിലെ മികച്ച ടീമുകൾക്കുപുറമേ യൂറോപ്യൻ ടീമുകളുമായി കളിക്കാനുള്ള സാഹചര്യങ്ങളും തേടിക്കൊണ്ടിരിക്കുന്നു. ഇതിലുംമികച്ച ടീമുകളാകും ഇനി കളിക്കാനെത്തുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..