മഡ്രിഡ്: ലോകത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ റയൽ മഡ്രിഡിൽ വ്യാപക കൊഴിഞ്ഞുപോക്ക്. പ്രധാനതാരങ്ങളായ കരിം ബെൻസിമ, മാർക്കോ അസ്സെൻസിയോ, ഈഡൻ ഹസാർഡ് എന്നിവർ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു. ബാലൺദ്യോർ ജേതാവുകൂടിയായ ബെൻസിമ നീണ്ട 14 വർഷത്തിനുശേഷമാണ് റയൽ വിടുന്നത്. 2009-ൽ ഒളിമ്പിക് ലിയോണിൽനിന്ന് റയലിലെത്തിയ ബെൻസിമ ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാലിഗ കിരീടങ്ങളും സ്വന്തമാക്കി. മഡ്രിഡിനൊപ്പം 25 പ്രധാന ട്രോഫികൾ നേടിയെന്ന റെക്കോഡും മുൻ ഫ്രഞ്ച് താരമായ ബെൻസിമയുടെ പേരിലുണ്ട്. ക്ലബ്ബിനുവേണ്ടി 647 മത്സരങ്ങളിൽ കളിച്ച 35-കാരൻ 353 ഗോൾ നേടി.
റയൽ മഡ്രിഡിനൊപ്പം ഒമ്പതുവർഷം കളിച്ചാണ് സ്പാനിഷ് താരം മാർക്കോ അസ്സെൻസിയോ ക്ലബ്ബ് വിടുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് വിടുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബ് പി.എസ്.ജി.യിലേക്കാകും ചുവടുമാറ്റം. 27-കാരനായ അസ്സെൻസിയോ 2014-ൽ റയൽ മയ്യോർക്കയിൽനിന്നാണ് മഡ്രിഡ് ടീമിലെത്തിയത്. റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങൾ നേടി. 285 മത്സരങ്ങളിൽ 61 ഗോളുമടിച്ചു.
ക്ലബ്ബിലെത്തി നാലുവർഷത്തിന് ശേഷമാണ് ബെൽജിയം താരം ഈഡൻ ഹസാർഡ് റയൽ വിടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് ഏകദേശം 800 കോടി രൂപയ്ക്കാണ് 2019-ൽ റയൽ അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാൽ, തുടർച്ചയായ പരിക്ക് ഹസാർഡിന് തിരിച്ചടിയായി. ആകെ 76 മത്സരങ്ങളിൽ കളിച്ചു. ഏഴുഗോൾ നേടി. ഈ സീസണിൽ കളിച്ചത് ആറു മത്സരങ്ങൾ മാത്രം. ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ്, ലാലിഗ, കോപ്പ ഡെൽറേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയിൽ ജേതാവായി.
2024 ജൂൺവരെ ഹസാർഡിന് ക്ലബ്ബിനൊപ്പം കരാറുണ്ടായിരുന്നു. എന്നാൽ, അധിക ബാധ്യതയായതോടെ കരാറവസാനിപ്പിക്കാൻ ക്ലബ്ബ് തീരുമാനിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..