സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഗോകുലം എഫ്.സി. പ്രസിഡന്റ് വി.സി. പ്രവീൺ പറയുന്നു


3 min read
Read later
Print
Share

ക്ലബ്ബുകൾക്ക് സ്വന്തം മൈതാനം വേണം -കെ.എഫ്.എ.

കോഴിക്കോട്: തുടരെ മൂന്ന് ദേശീയ വനിതാ ലീഗ് കിരീടം, രണ്ടുതവണ ഐ ലീഗ് ചാമ്പ്യന്മാർ, ഡ്യൂറാൻഡ് കപ്പ് ജേതാക്കൾ. ആറുവർഷംകൊണ്ട് ഗോകുലം കേരളാ എഫ്.സി. നേടിയെടുത്തതാണ് ഇവയെല്ലാം. കേരളത്തിലെ മറ്റൊരു ഫുട്ബോൾ‍ ക്ലബ്ബിനും സ്വന്തമാക്കാൻ കഴിയാതിരുന്ന നേട്ടങ്ങൾ.

എന്നാൽ, വനിതാ ലീഗിൽ ഹാട്രിക് കിരീടം സ്വന്തമാക്കിയതിനു പിറകെ ക്ലബ്ബിനെ ഞെട്ടിച്ച് കോഴിക്കോട് കോർപ്പറേഷന്റെ ഒരു തീരുമാനം വന്നു. മത്സരങ്ങൾക്കും പരിശീലനത്തിനുമായി കോർപ്പറേഷൻ സ്റ്റേഡിയം ഗോകുലത്തിന് വാടകയ്ക്ക് നൽകിയ കരാർ പുതുക്കിനൽകേണ്ടതില്ലെന്ന്!

കരാറനുസരിച്ച് ഗോകുലം സ്റ്റേഡിയം പരിപാലിച്ചില്ലെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു. എന്നാൽ, അറ്റകുറ്റപ്പണികൾക്കായി ഒരു കോടിയോളം രൂപ ചെലവഴിച്ചെന്ന് ഗോകുലം മാനേജ്മെന്റ് പറയുന്നു. സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ ക്ലബ്ബ് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് മാനേജ്മെന്റ് നൽകുന്ന സൂചന. ഏതായാലും കേരളത്തിന്റെ അഭിമാനമായ ക്ലബ്ബിന്റെ ഭാവി തുലാസിലാണിപ്പോൾ.

ക്ലബ്ബിനായി വർഷം എട്ടുകോടിയോളം രൂപ ചെലവഴിക്കുന്നു. ഒട്ടേറെ മലയാളി താരങ്ങൾക്ക് അവസരം നൽകുന്നു. എന്നിട്ടും ഫുട്ബോളിൽ നിക്ഷേപം നടത്തുന്നവർക്ക് കേരളം നൽകുന്ന സന്ദേശം ഇതാണോയെന്ന് ഗോകുലം എഫ്.സി. പ്രസിഡന്റ് വി.സി. പ്രവീൺ ചോദിക്കുന്നു.

? കോർപ്പറേഷൻ തീരുമാനത്തെ എങ്ങനെ കാണുന്നു

ഞങ്ങളെ തീർത്തും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു കോർപ്പറേഷൻറേത്. രണ്ട് ഐ ലീഗ് കിരീടവും മൂന്ന് വനിതാ കിരീടവും നേടിയ ടീമാണ് ഗോകുലം. ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു. ഓരോ സീസണിലും കൂടുതൽ കേരള താരങ്ങൾക്ക് ഞങ്ങൾ അവസരം നൽകുന്നു. അഞ്ചുവർഷത്തിനിടെ, കേരളത്തിൽനിന്ന് കുറഞ്ഞത് 30 കളിക്കാർക്കെങ്കിലും ലീഗിലും എ.എഫ്‌.സി. മത്സരങ്ങളിലും അവസരം നൽകി.

അവരിൽ ഭൂരിഭാഗവും മലബാർ മേഖലയിലുള്ളവരാണ്. വനിതാ ലീഗിലെ ടീമിൽ ഏഴ് മലയാളികളുണ്ടായിരുന്നു. പക്ഷേ, കിരീടം നേടി നാട്ടിലെത്തിയപ്പോൾ അവർക്ക് കിട്ടിയത് സർക്കാരിന്റെ അഭിനന്ദനക്കുറിപ്പല്ല, കളിക്കാൻ സ്റ്റേഡിയമില്ല എന്ന വാർത്തയാണ്.

? സ്റ്റേഡിയം കരാർ പ്രകാരം പരിപാലിച്ചില്ലെന്ന് കോർപ്പറേഷൻ പറയുന്നത്

സ്റ്റേഡിയത്തിൽ ഫ്ളഡ്‌ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് ഒരു പരാതി. ഒന്നാമതായി, ഈ സംവിധാനം ലോകത്ത് ആരും ഉപയോഗിക്കുന്നില്ല. മുഴുവൻ ബൾബുകളും മാറ്റിയാലും മുഴുവൻ സിസ്റ്റവും തകരാറിലായതിനാൽ രണ്ടുമാസത്തിനുശേഷം ബൾബുകളുടെ പ്രവർത്തനം നിലയ്ക്കും. ഒരു മഴക്കാലം കഴിയുമ്പോൾ കേടാകുന്ന ബൾബുകൾ എല്ലാക്കൊല്ലവും മാറ്റാൻ ബുദ്ധിമുട്ടാണ്.

ഐ ലീഗ് മത്സരങ്ങൾ ഇവിടെ നടന്നപ്പോഴെല്ലാം അധിക ലൈറ്റുകൾ ഉപയോഗിച്ചിരുന്നു. തകരാറുള്ള സംവിധാനം കൈമാറി അത് നന്നാക്കാൻ ആവശ്യപ്പെടുകയാണ് കോർപ്പറേഷൻ ചെയ്തത്.

സ്റ്റേഡിയം കെട്ടിടത്തിനുതന്നെ നിർമാണപ്പിഴവുകളുണ്ട്. നിർമാണത്തിലെ അപാകം കോർപ്പറേഷൻ ഞങ്ങളുടെപേരിൽ ആരോപിക്കുന്നു.

കൊൽക്കത്തയിലും ഒഡിഷയിലും ഗോവയിലുമെല്ലാം ഫുട്ബോൾ വളരാൻ സർക്കാരുകൾ സഹായിക്കുന്നു. ഇവിടെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നാണ് എന്റെ അപേക്ഷ.

? എന്താണ് ഭാവി പരിപാടികൾ

കോർപ്പറേഷൻ നടപടിക്കെതിരേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി. കോർപ്പറേഷൻ അധികാരികളുമായി സംസാരിക്കാൻ തയ്യാറാണ്. മറ്റ് പല സംസ്ഥാനങ്ങളിൽനിന്നും ക്ലബ്ബിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ തുടരാനാണ് ഇഷ്ടപ്പെടുന്നത്. അതിനുള്ള സാഹചര്യമില്ലെങ്കിൽ ക്ലബ്ബ് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരും.

ക്ലബ്ബുകൾക്ക് സ്വന്തം മൈതാനം വേണം -കെ.എഫ്.എ.

: ഐ ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങൾ ഗോകുലത്തിന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽത്തന്നെ കളിക്കാൻ കഴിയുമെന്ന് കേരളാ ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ.) പ്രസിഡന്റ് പി. അനിൽകുമാർ പറഞ്ഞു. വലിയ സ്റ്റേഡിയങ്ങൾ പരിപാലിക്കാൻ ക്ലബ്ബുകൾ വൻതുക മുടക്കേണ്ടിവരും. ഇതൊഴിവാക്കാൻ ഗോകുലം പോലുള്ള ക്ലബ്ബുകൾ പരിശീലനത്തിന് സ്വന്തം ഗ്രൗണ്ട് കണ്ടെത്തുകയാണ് വേണ്ടത്. മത്സരങ്ങൾ പ്രധാന സ്റ്റേഡിയത്തിലാക്കുകയും ചെയ്യാം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ക്ലബ്ബ് മത്സരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളും നടത്താനാവുംവിധം വികസിപ്പിക്കണം. അതിനുള്ള പ്രൊപ്പോസൽ നൽകാൻ കെ.എഫ്.എ. തയ്യാറാണ്.

പ്രശ്നം പരിഹരിക്കണം -യു. ഷറഫലി

: കോഴിക്കോട് കോർപ്പറേഷനും ഗോകുലം ക്ലബ്ബും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവണമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു. ഷറഫലി പറഞ്ഞു. കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച ടീമാണ് . അതുകൊണ്ട് ക്ലബ്ബ് നിലനിൽക്കേണ്ടത് കേരള ഫുട്ബോളിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്.

അറ്റകുറ്റപ്പണി നടത്തിയില്ല -മേയർ

സൂപ്പർ കപ്പ് ഫുട്ബോൾ സമയത്ത് സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടെങ്കിലും ഗോകുലം അധികൃതർ തയ്യാറായില്ലെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. കരാർ പ്രകാരം ഗോകുലം നടത്തേണ്ട ജോലികൾക്ക് പണം മുടക്കാൻ കോർപ്പറേഷന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..