പന്തുരുളുന്നു


3 min read
Read later
Print
Share

ഏഷ്യാഡിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം ആദ്യദിനം പുരുഷൻമാരുടെ ഫുട്ബോളിൽ ഇന്ത്യ ചൈനയ്‌ക്കെതിരേ ഒൗദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം | Photo: Twitter/ Indian Football Team

: മഹാമാരിയുടെ കഷ്ടകാണ്ഡം കടന്നു. കാത്തിരിപ്പിന്റെ കാലം കഴിഞ്ഞു. ഏഷ്യയുടെ കായികഹൃദയം ഇന്നുമുതല്‍ ചൈനയിലെ ഹാങ്ചൗവില്‍ സ്പന്ദിച്ചുതുടങ്ങും. കോവിഡ് കാരണം ഒരുവര്‍ഷം നീട്ടിവെച്ച 19-ാം ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത് ശനിയാഴ്ചയാണെങ്കിലും ക്രിക്കറ്റ്, ഫുട്‌ബോള്‍ ഗ്രൗണ്ടുകൾ ചൊവ്വാഴ്ച ഉണരും.

ഹാങ്ചൗ സ്പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്‌ബോളില്‍ ഇന്ത്യയും മത്സരിക്കാനിറങ്ങും. രാഷ്ട്രീയവൈരം നിഴലിടുന്ന പോരാട്ടത്തില്‍ ആതിഥേയരായ ചൈനയാണ് എതിരാളി. ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം ജനങ്ങള്‍ കാത്തിരിക്കുന്ന പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് തുടങ്ങും.

ഒരുങ്ങാതെ ഇന്ത്യ

- 1951, 62 ഏഷ്യാഡുകളിൽ ഫുട്ബോളിൽ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ അത്യന്തം നാടകീയമായാണ് ഇക്കുറി ചൈനയിലെത്തുന്നത്. പതിനൊന്നാം മണിക്കൂര്‍വരെ സര്‍ക്കാരിനോടും ക്ലബ്ബുകളോടും കലഹിച്ച് ആളെണ്ണമൊപ്പിച്ച് ടീം ചൈനയിലെത്തിയത് മത്സരത്തിന്റെ തലേദിവസം. കളിക്കാരും കോച്ചും ആദ്യമായി തമ്മില്‍ കണ്ടതാവട്ടെ ഞായറാഴ്ച സന്ധ്യയ്ക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍. തന്ത്രങ്ങള്‍ മെനഞ്ഞത് ആകാശത്തു വെച്ചും. ഹോങ്‌കോങ് വഴിയുള്ള ഉറക്കമൊഴിച്ചുള്ള യാത്രകഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ടാണ് ടീം ഹാങ്ചൗവിലെത്തിയത്. കൃത്യം 24-ാം മണിക്കൂറില്‍ ആദ്യ മത്സരവും. ആറുമാസമായി പരിശീലനം നടത്തുന്ന ചൈനയ്ക്കെതിരേ ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് ഒരൊറ്റ ദിവസംപോലും പരിശീലനം നടത്താതെ.

മുഖംകറുപ്പിച്ച് ക്യാപ്റ്റനും കോച്ചും

ഫുട്ബോളിലെ ആശയക്കുഴപ്പത്തിലുമുള്ള നീരസം കോച്ച് ഇഗോർ സ്റ്റിമാച്ചും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മറച്ചുവെച്ചില്ല. ടീമിനെ അവസാനനിമിഷം തട്ടിക്കൂട്ടേണ്ടിവന്നതില്‍ ക്ലബ്ബുകളോടും ഐ.എസ്.എല്‍. സംഘാടകരോടും പരസ്യമായി പൊട്ടിത്തെറിച്ചാണ് സ്റ്റിമാച്ച് വിമാനം കയറിയത്. ‘നല്ല ടീം ഒരുക്കുന്നത് ചിലര്‍ തടസ്സപ്പെടുത്തി. ഇതിലുംഭേദം ഐ ലീഗിലെ കളിക്കാരെവെച്ച് ടീമുണ്ടാക്കി അവരെ പത്തുമാസം പരിശീലിപ്പിക്കുകയായിരുന്നു. ചോദിച്ചത് ഒരുമാസത്തെ ക്യാമ്പ്. ഒരു ടീമിനെ കിട്ടിയതുതന്നെ ഭാഗ്യം’ -സ്റ്റിമാച്ച് പറഞ്ഞു.

സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്ര കായികമന്ത്രാലയം ഫുട്ബോൾ ടീമിന് യാത്രാനുമതി നല്‍കിയത്. ഇതിനുപിന്നാലെ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ 22 അംഗ ടീമിന്റെ പട്ടിക തയ്യാറാക്കിയെങ്കിലും ഇതിൽ 13 കളിക്കാരെ വിട്ടുകൊടുക്കാൻ ക്ലബ്ബുകൾ തയ്യാറാവാതിരുന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അവസാനനിമിഷം സന്ദേശ് ജിംഗനെ വിട്ടുകിട്ടിയതാണ് ഏക ആശ്വാസം.

യുവനിരയ്ക്ക് അവസരം

രോഷമുണ്ടെങ്കിലും ആശ വെടിഞ്ഞിട്ടില്ല കോച്ച് സ്റ്റിമാച്ച്. നല്ല പോരാട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് പറഞ്ഞു. ജിംഗനും ഛേത്രിയുമൊക്കെ ഉണ്ടെങ്കിലും കെ.പി. രാഹുൽ, രോഹിത് ഡാനു, അങ്കിത് ജാദവ് തുടങ്ങിയ യുവതാരങ്ങളുടെ കോര്‍ട്ടിലാണ് പന്ത്. എ.എഫ്.സി. അണ്ടര്‍ 23 യോഗ്യതാമത്സരത്തില്‍ ഒരൊറ്റ ഗോളിനാണ് ഇന്ത്യ ചൈനയോട് തോറ്റത്. ടീമിലെ വ്യത്യാസം കളിയിലും പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്. സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ഇവിടെ നിർണായകമാകും. ജിംഗനും ഛേത്രിയും ആക്രമണവും പ്രതിരോധവും കരുത്തുറ്റതാക്കുമെങ്കിലും മധ്യനിരയിൽ ആശങ്കയുണ്ട്.

ചൈന പോയാല്‍ പോട്ടെ

80-ാം റാങ്കുകാരായ ചൈനയെ തോല്‍പ്പിച്ചുതുടങ്ങുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞമാസംവരെ സ്റ്റിമാച്ച് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയൊരു അത്യാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ റാങ്കിങ്ങില്‍ താഴെയുള്ള ബംഗ്ലാദേശിനും മ്യാന്‍മാറിനുമെതിരായ മത്സരങ്ങളെക്കുറിച്ചേ കോച്ചും ടീമും ചിന്തിക്കുന്നുണ്ടാകൂ. ബംഗ്ലാദേശിനെതിരായ മത്സരം 21-നാണ്. മ്യാന്‍മാറിനെതിരായ മത്സരം 24-നും. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാല്‍ അടുത്ത റൗണ്ടിലെത്താം. വിജയസാധ്യത കുറഞ്ഞ ആദ്യമത്സരത്തില്‍ ഛേത്രിയെയും ജിംഗനെയും പുറത്തിരുത്തിയേക്കുമെന്ന് കോച്ച് സൂചിപ്പിച്ചു. ഏഷ്യന്‍ ഗെയിംസിലെ തുടര്‍ന്നുള്ള മത്സരങ്ങളും ക്ലബ്ബുകളോടുള്ള ബാധ്യതയും മാത്രമല്ല, വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാമത്സരവും മുന്നില്‍ കാണേണ്ടതുണ്ട് സ്റ്റിമാച്ചിന്. എന്നാല്‍, വിസാവിഷയത്തില്‍ കുടുങ്ങി പ്രതിരോധക്കാരായ ചിങ്‌ലെന്‍സനസിങ്ങും ലാല്‍ചുങ്‌നുംഗയ്ക്കും ഹാങ്ചൗവിലെത്താന്‍ കഴിയാത്തത് പ്രതിസന്ധിയാണ്.

പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ചൈന ആറുമാസമായി സെര്‍ബിയന്‍ കോച്ച് ദേജാ യുര്‍യേവിച്ചിയുടെ കീഴിൽ ഒരുക്കത്തിലാണ്. ദേശീയടീമിലെ അംഗളായ ഷു ചെന്‍ജിയും ദായി വെയ്ജുന്നും ടാന്‍ ലോങ്ങും അടക്കം ചൈനീസ് സൂപ്പര്‍ലീഗിലെ ഒട്ടേറെ താരങ്ങള്‍ ടീമിലുണ്ട്. ഇന്ത്യയെത്തന്നെയാണ് അവര്‍ പ്രധാന എതിരാളിയായി കാണുന്നത്. ജയിച്ചുതുടങ്ങാനുള്ള വലിയ സമ്മര്‍ദമുണ്ട് ടീമിന്.

വനിതകള്‍ 21-ന് തുടങ്ങും

വനിതാഫുട്‌ബോള്‍ മത്സരം 21-ന് തുടങ്ങും. റാങ്കിങ്ങില്‍ മുകളിലുള്ള ചൈനീസ് തായ്‌പെയ്, തായ്‌ലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി.യിലാണ് ഇന്ത്യ. 21-ന് ചൈനീസ് തായ്‌പേയ്‌ക്കെതിരേയാണ് ആദ്യമത്സരം. 24-ന് തായ്‌ലാന്‍ഡിനെ നേരിടും. ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകള്‍ നോക്കൗട്ടിലെത്തും.

വനിതകളുടെ ക്രിക്കറ്റും ചൊവ്വാഴ്ച തുടങ്ങും. പ്രാഥമികറൗണ്ടില്‍ ചൊവ്വാഴ്ച ഇന്‍ഡൊനീഷ്യ മംഗോളിയയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം 21-ന്. നേരിട്ട് ക്വാര്‍ട്ടറിലേക്ക് ബൈലഭിച്ച പുരുഷടീമിന്റെ ആദ്യമത്സരം ഒക്ടോബര്‍ മൂന്നിനാണ്.

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ

സ്വര്‍ണം-2 (1951, 62)

വെങ്കലം-1 (1970)

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..