Photo: AFP
പുതിയൊരു കാർ അവതരിപ്പിക്കുമ്പോൾ സ്ഥിരം പറയുന്ന ഒരു കാര്യമുണ്ട്, ഇത്ര സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുമെന്ന്. ക്രിക്കറ്റ് ഫീൽഡിലേക്ക് വരുക. സൂര്യകുമാർ യാദവ് ആദ്യപന്ത് നേരിടുന്നു. എത്രാമത്തെ പന്തിലാവും ആദ്യഫോറും സിക്സും? ആദ്യപന്തിൽ തന്നെയാവാം. പൊട്ടിത്തെറിക്കാനാണ് സൂര്യ ക്രീസിലേക്ക് വരുന്നത്. 360 ഡിഗ്രിയിൽ കറങ്ങി ഗ്രൗണ്ടിന്റെ സകലകോണുകളിലേക്കും പന്തുകൾ പറക്കുകയായി.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വേക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സിന്റെ അവസാന ഓവർ. റിച്ചാർഡ് എൻഗരാവ ഒരു വൈഡ് യോർക്കറിന് ശ്രമിച്ചതാണ്. പക്ഷേ, അത് താഴ്ന്ന ഫുൾടോസായി ഓഫ്‌സൈഡിൽ വൈഡായിവരുന്നു. മുട്ടുകുത്തിനിന്ന് അതെത്തിപ്പിടിച്ച സൂര്യകുമാർ ബാക്ക്‌വേഡ് സ്‌ക്വയർലെഗിലൂടെ സിക്സിന് പറത്തി. ഓഫ്‌സൈഡിലെ വൈഡാണ് ലെഗ്‌സൈഡിൽ സിക്സായത്. ഏതു പന്തിനെയും എവിടേക്കും പറത്തിവിടാനുള്ള മാന്ത്രികബാറ്റാണ് സൂര്യയുടേത്.
സൂര്യകുമാറിന്റെ പ്രഭാവത്തിൽ ഇന്ത്യ ഗ്രൂപ്പുചാമ്പ്യൻമാരായാണ് ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഉറ്റുനോക്കുന്നത് സൂര്യകുമാറിനെയാണ്. സൂര്യ ജ്വലിച്ചാൽ ഇന്ത്യ ജയിക്കും.
സൂര്യകുമാറിന് ഇപ്പോൾ പ്രായം 32. പക്ഷേ, തന്റെ ആദ്യ രാജ്യാന്തര ട്വന്റി മത്സരം കളിച്ചത് കഴിഞ്ഞവർഷം മാർച്ച് 14-ന്. ഒന്നര വർഷംകൊണ്ട് ട്വന്റി 20 ക്രിക്കറ്റിന്റെ തലവര മായ്ച്ചു സൂര്യ. മിന്നൽവേഗത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്.
സിംബാബ്‌വേക്കെതിരേ അർധസെഞ്ചുറി നേടിയതോടെ ഒരു കലണ്ടർവർഷം ട്വന്റി 20 യിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. ഈ നേട്ടം മുമ്പ് കൈവരിച്ചത് പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ മാത്രം. റിസ്വാൻ കഴിഞ്ഞവർഷം ആയിരം തികച്ചത് 983 പന്തിലാണ്. സൂര്യകുമാറിന് പക്ഷേ, 550 പന്തുകളെ വേണ്ടിവന്നുള്ളൂ. റിസ്വാൻ ഓപ്പണറാണെങ്കിൽ രണ്ട് വിക്കറ്റ് പോയശേഷമാണ് സൂര്യകുമാറിന് ഇറങ്ങാനാവുന്നത്.
ക്രീസിൽ കറങ്ങിത്തിരിഞ്ഞ് ഗ്രൗണ്ടിന്റ എല്ലാ മൂലകളിലേക്കും പന്ത് പായിക്കാനുള്ള അസാധാരണ കഴിവുള്ള സൂര്യയെ മിസ്റ്റർ 360 ഡിഗ്രി എന്ന് ആളുകൾ വിളിക്കുന്നു. മുമ്പ് ആ വിശേഷണം ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവിലിയേഴ്‌സിന് മാത്രമായിരുന്നു. സിംബാബ്‌വേക്കെതിരായ മത്സരത്തിനുശേഷം ഒരു ചോദ്യത്തിന് സൂര്യകുമാർ നൽകിയ മറുപടി ഇങ്ങനെ, ‘360 ഡിഗ്രി താരം ഒന്നേയുള്ളൂ, അത് എ.ബി.യാണ്. ഞാൻ അദ്ദേഹത്തെപോലെ കളിക്കാൻ ശ്രമിക്കുന്നു’. എന്തായാലും വമ്പൻ ഇന്നിങ്‌സിനുശേഷം സൂര്യയെ അഭിനന്ദിച്ച് എ.ബി. ട്വീറ്റ് ചെയ്തു.
ഈവർഷം ഇതുവരെ ട്വന്റി 20 യിൽ സൂര്യകുമാർ നേടിയത് 1026 റൺസ്. ശരാശരി 44.60. സ്‌ട്രൈക്ക് റേറ്റ് 186.54.
കഠിനാധ്വാനമാണ് സൂര്യകുമാറിനെ ലോകത്തെ ഒന്നാംനമ്പർ ബാറ്ററാക്കിയത്. കൂറ്റൻ സ്‌ട്രൈക്ക് റേറ്റിനൊപ്പം സ്ഥിരതയും പുലർത്തുക എന്നത് പ്രയാസമേറിയതാണ്. പക്ഷേ, സൂര്യയ്ക്ക് അതിന് കഴിയുന്നു. നെറ്റ്‌സിൽ അദ്ദേഹം വലിയ അധ്വാനംചെയ്യുന്നു. അതുപോലെ ഫിറ്റ്‌നസ് നിലനിർത്താൻ പരമാവധിചെയ്യുന്നു. സൂര്യ ഉജ്ജ്വലഫോമിൽ കളിക്കുമ്പോൾ അത് കണ്ടിരിക്കുന്നത് ആനന്ദമാണ്.
-രാഹുൽ ദ്രാവിഡ്, ഇന്ത്യൻ കോച്ച്.
Content Highlights: suryakumar yadav in icc t20 world cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..