ബെലാറസിലെ സൈനികാഭ്യാസം അവസാനിപ്പിക്കാതെ റഷ്യ


മോസ്കോ: യുക്രൈൻ അതിർത്തി സംഘർഷത്തിൽ പിന്നോട്ടില്ലാതെ റഷ്യ. ഇതിന്റെ സൂചന നൽകി യുക്രൈൻ അതിർത്തിക്കടുത്ത് തിങ്കളാഴ്ച അവസാനിക്കേണ്ട റഷ്യ-ബെലാറസ് സൈനിക പരിശീലനം നീട്ടി. യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വിമതരും യുക്രൈൻ സൈന്യവും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ബെലാറസ് പ്രതിരോധമന്ത്രി വിക്ടർ ഖ്രെനിൻ പറഞ്ഞു. റഷ്യയ്ക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധങ്ങൾ നടപ്പാക്കേണ്ട സമയമായതായി യുക്രൈൻ വിദേശമന്ത്രി ദമിത്രോ കുലേബ പ്രതികരിച്ചു. ആക്രമണത്തിനുള്ള സാധ്യത കൂട്ടുന്നതാണ് തീരുമാനമെന്ന് നാറ്റോയും ചൂണ്ടിക്കാട്ടി. 30,000 റഷ്യൻ പട്ടാളക്കാരാണ് ബെലാറസിലുള്ളത്. യുക്രൈനെ ആക്രമിക്കാൻ റഷ്യ ഇവരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും നാറ്റോ മുന്നറിയിപ്പ് നൽകി.

അതിനിടെ, കിഴക്കൻ അതിർത്തിയിൽ അടിയന്തര വെടിനിർത്തലിന് തയ്യാറാകണമെന്ന് റഷ്യൻ വിമതരോട് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സൊളാൻസ്കി ആവശ്യപ്പെട്ടു. സമാധാനപരമായ ഒത്തുതീർപ്പിലെത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സൊളാൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ കിഴക്കൻ യുക്രൈനിൽ വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട്‌ യുക്രൈൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, യുക്രൈൻ സൈന്യം രണ്ടു നാട്ടുകാരെ വെടിവെച്ചുകൊന്നതായി വിമതർ ആരോപിച്ചു. ആക്രമണം ശക്തമായ മേഖലയിൽനിന്ന്‌ റഷ്യയിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

നയതന്ത്രപരിഹാരത്തിനായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോണും പുതിനുമായി ഫോണിൽ സംസാരിക്കും.

യുക്രൈൻ പ്രശ്നത്തിൽ പുതിൻ തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്ന് യു.എസ്. വൈസ്‌പ്രസിഡന്റ് കമലാ ഹാരിസ് ജർമനിയിൽ പ്രതികരിച്ചു. യൂറോപ്പ് യുദ്ധത്തിനരികിലാണെന്നും അവർ പറഞ്ഞു.

1945-നുശേഷം യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ യുദ്ധത്തിന് റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോപിച്ചു. യുക്തിരഹിതമായാണ് പുതിൻ പ്രവർത്തിക്കുന്നതെന്നും ദുരന്തത്തിനടുത്താണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനുനേരെയുള്ള റഷ്യൻ ആക്രമണം ഏതു സമയത്തുമുണ്ടാകാമെന്ന് യു.എസ്. ആവർത്തിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..