Photo: Print
യു.എൻ.: ലോകജനസംഖ്യയുടെ 26 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. ലോകത്തെ 46 ശതമാനംപേർക്ക് ശൗചാലയ സൗകര്യമില്ലെന്നും യു.എന്നിന്റെ ലോക ജലവികസന റിപ്പോർട്ട് 2023 പറയുന്നു.
അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് റിപ്പോർട്ടിറക്കിയത്. വെള്ളം പ്രമേയമായി 45 വർഷത്തിനുശേഷമാണ് യു.എൻ. ഇത്രവലിയ സമ്മേളനം നടത്തുന്നത്. ബുധൻമുതൽ വെള്ളിവരെ നടക്കുന്ന സമ്മേളനത്തിൽ 171 രാജ്യങ്ങളിൽനിന്നായി 100 മന്ത്രിമാരും 20 സംഘടനകളും പങ്കെടുക്കുന്നുണ്ട്.
2030-ഓടെ ലോകത്തെ മുഴുവൻപേർക്കും കുടിവെള്ളവും ശൗചാലയവും ലഭ്യമാക്കുകയെന്ന യു.എന്നിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കടമ്പകളേറെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി പ്രതിവർഷം പരമാവധി ഒരുലക്ഷം കോടി ഡോളർ (ഏകദേശം 82.65 ലക്ഷം കോടി രൂപ) ചെലവാക്കേണ്ടിവരുമെന്ന് റിപ്പോർട്ടിന്റെ എഡിറ്റർ ഇൻ ചീഫ് റിച്ചാഡ് കോണർ പറഞ്ഞു.
വെള്ളത്തിന്റെ ഉപഭോഗം കഴിഞ്ഞ 40 വർഷത്തിനിടെ, ഓരോ വർഷവും ഒരു ശതമാനംവീതം കൂടി. ഉപഭോഗനിരക്ക് 2050 വരെ ഇതേതോതിൽ വർധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാവളർച്ച, സാമൂഹിക-സാമ്പത്തിക വികസനം, ഉപഭോഗരീതിയിലെ മാറ്റം എന്നിവയാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകജനസംഖ്യയുടെ 10 ശതമാനവും രൂക്ഷമായ ജലദൗർലഭ്യമുള്ള രാജ്യങ്ങളിലാണ് കഴിയുന്നതെന്നും റിപ്പോർട്ട് പറയുന്നു.
Content Highlights: 26 percent of the world does not have clean drinking water
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..