യാത്രക്കാരെ വെട്ടിലാക്കി വീണ്ടും എയർ ഇന്ത്യ; അബുദാബി-തിരുവനന്തപുരം വിമാനം 24 മണിക്കൂറോളം വൈകി


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: REUTERS

ഷാർജ: എയർ ഇന്ത്യ എക്സ്്പ്രസ് 24 മണിക്കൂറോളം വൈകി വീണ്ടും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. വ്യാഴാഴ്ച രാത്രി 9.10-ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ എക്സ് 583 എയർ ഇന്ത്യ എക്സ്്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രി 7.45-നാണ് പറന്നത്. ഇരുനൂറിലേറെ ആളുകൾ ഈ വിമാനത്തിൽ യാത്രചെയ്യാനായി വ്യാഴാഴ്ച ഉച്ചയോടെ അബുദാബി വിമാനത്താവളത്തിലെത്തിയിരുന്നു. നിശ്ചിതസമയത്തുതന്നെ വിമാനം പുറപ്പെടുമെന്നുപറഞ്ഞാണ് യാത്രക്കാർക്ക് ബോർഡിങ് പാസ് അനുവദിച്ചത്. രോഗികളും കുട്ടികളും ഗർഭിണികളും പ്രായമായവരും മരണവിവരമറിഞ്ഞ് നാട്ടിലേക്കുപോകുന്നവരും യാത്രക്കാരിലുണ്ടായിരുന്നു.

സാങ്കേതികത്തകരാറുകാരണം യാത്ര വൈകുമെന്നുമാത്രമാണ് ആദ്യഘട്ടത്തിൽ യാത്രക്കാരെ അറിയിച്ചത്. പിന്നീട് രാത്രി 11.45, പുലർച്ചെ 3.30 എന്നിങ്ങനെ പുറപ്പെടുന്ന സമയം മാറ്റിമാറ്റി പറഞ്ഞതായി യാത്രക്കാരനായ തിരുവല്ല സ്വദേശി വരുൺ പറഞ്ഞു. പിന്നീട് യാത്രക്കാരെ രണ്ടുവിഭാഗങ്ങളായി തിരിച്ച് നിലവിൽ യു.എ.ഇ. വിസയുള്ളവർക്കുമാത്രമായി ഹോട്ടലിൽ വിമാനക്കന്പനി താമസസൗകര്യമൊരുക്കിയെന്ന് യാത്രക്കാർ ആരോപിച്ചു. സന്ദർശകവിസയിൽവന്ന് തിരിച്ചുപോകുന്നവർ, വിസ റദ്ദാക്കി പോകുന്നവർ എന്നിവരെയെല്ലാം ആഹാരംപോലും നൽകാതെ എ.സി.യുടെ കഠിനമായ തണുപ്പിൽ മണിക്കൂറുകളോളം കാത്തിരിപ്പുമുറിയിൽത്തന്നെ നിർത്തുകയായിരുന്നുവെന്ന് ആലപ്പുഴ സ്വദേശി ലതീഷ് പറഞ്ഞു.

ഇരിക്കാൻപോലും സൗകര്യമുണ്ടായിരുന്നില്ലെന്ന് കൊല്ലം സ്വദേശി സരിത പരാതിപ്പെട്ടു. മണിക്കൂറുകളോളമുള്ള നിൽപ്പുകാരണം ശാരീരിക അസ്വസ്ഥതകളുണ്ടായതായി സരിതയുടെ ഭർത്താവ് അഭിലാഷും ആരോപിച്ചു. ഇവർക്കൊപ്പം ചെറിയ കുട്ടിയുമുണ്ട്. ഷാർജയിൽനിന്നുള്ള ഈ കുടുംബം വ്യാഴാഴ്ച അഞ്ചുമണിയോടെ എയർപോർട്ടിലെത്തിയവരാണ്. കൊല്ലം കടയ്ക്കൽ സ്വദേശി റാഫിയും ഇതേ ബുദ്ധിമുട്ട് പങ്കുവെച്ചു. വിശന്നുവലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച പുലർച്ചെ എമിറേറ്റ്‌സ് എയർലൈൻസിൽ ജോലിചെയ്യുന്ന സ്വദേശി യുവതി കനിവുകാട്ടി ആഹാരം നൽകിയതായും യാത്രക്കാർ അറിയിച്ചു.

Content Highlights: abu dhabi thiruvananthapuram air india flight 24 hrs late

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..