മന്ത്രിമാർ കൂട്ടത്തോടെ കൈവിട്ടു; വിവാദനിയമനം രാജിയിലെത്തിച്ചു


ബോറിസ് ജോൺസൺ | Photo: AP

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ബോറിസ് ജോൺസൺ പടിയിറങ്ങുന്നതിനു കാരണമായ രാജിപരമ്പരയ്ക്ക്് തുടക്കമിട്ടത് ധനമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കുന്ന ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദുമാണ്. ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ രാജി.

പിഞ്ചർവിവാദത്തിൽ ജോൺസൺ മാപ്പുപറഞ്ഞതോടെ കൂടുതൽ മന്ത്രിമാർ രാജിയുമായെത്തി. ഇന്ത്യൻ വംശജ പ്രിതി പട്ടേലും ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്സും ഉൾപ്പെടെ പ്രധാനമന്ത്രിയോട് അടുത്തുനിൽക്കുന്ന ഒരുകൂട്ടം മന്ത്രിമാർ അദ്ദേഹത്തെ സന്ദർശിച്ച് രാജിവെക്കുന്നതാണ് അഭികാമ്യമെന്ന് ബുധനാഴ്ച അറിയിച്ചിരുന്നു. അപ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ജോൺസൺ ഉറച്ചുനിന്നു. നോർത്തേൺ അയർലൻഡ് സെക്രട്ടറി ബ്രാൻഡൻ ലിവിസ് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചു. ഒപ്പം ഏഴുമന്ത്രിമാർകൂടി രാജിയറിയിച്ചു. പിന്നാലെ പുതിയ ധനമന്ത്രിയായി ചൊവ്വാഴ്ച സ്ഥാനമേറ്റ നദീം സാഹാവിയും വിദ്യാഭ്യാസമന്ത്രി മിഷേൽ ഡോൺലെനും രാജിഭീഷണിയുമായെത്തി. ഇതോടെയാണ് ജോൺസന്റെ രാജി അനിവാര്യമായത്.ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ 2019-ൽ വലിയ ഭൂരിപക്ഷത്തോടെയാണ് ജോൺസൺ അധികാരത്തിലെത്തുന്നത്. തന്നെ ജയിപ്പിച്ച ജനങ്ങളോടുള്ള കടമയും കടപ്പാടുമാണ് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ പ്രേരിപ്പിച്ചതെന്ന് ജോൺസൺ പറഞ്ഞു. ബ്രെക്സിറ്റ്, കോവിഡ് പ്രതിസന്ധി മറികടക്കൽ, യുക്രൈൻ വിഷയത്തിൽ റഷ്യക്കെതിരേയെടുത്ത നിലപാട് തുടങ്ങിയ കാര്യങ്ങൾ തന്റെ ഭരണനേട്ടമായും 58-കാരനായ ജോൺസൺ എടുത്തുപറഞ്ഞു.

ഇന്ത്യയുമായി വളരെ അടുത്തബന്ധം പുലർത്തിയ പ്രധാനമന്ത്രിയാണ് ജോൺസൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തെ സവിശേഷബന്ധം എന്നുവിശേഷിപ്പിക്കാറുള്ള ജോൺസന്റെ നേതൃത്വത്തിലാണ് ഇന്ത്യ-യു.കെ. ബന്ധം സുദൃഢമാക്കുന്ന ഇന്ത്യ-യു.കെ. സ്ട്രാറ്റെജിക് കരാർ ഉടലെടുക്കുന്നത്.

വിവാദങ്ങളുടെ കൂട്ടുകാരൻ

 • 2019 ജൂലായ് 24 -യു.കെ., യൂറോപ്യൻ യൂണിയൻ വിടുന്ന വിഷയമായ ബ്രെക്സിറ്റിൽ പാർലമെന്റ് സ്തംഭിച്ചതോടെ പ്രധാനമന്ത്രി തെരേസ മേയ് സ്ഥാനമൊഴിയുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നു
 • ഡിസംബർ 12 -യു.കെ.യിൽ പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ ജയം
 • 2020 മാർച്ച് 23 -കോവിഡ് പടരുന്നു. ദേശീയ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു
 • മേയ് 25 -കോവിഡ് യാത്രാനിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ രാജിഭീഷണി നേരിട്ട തന്റെ ഉപദേശകൻ ഡൊമിനിക് കമ്മിങ്‌സിനു പിന്തുണ നൽകിയ ജോൺസന്റെ നിലപാടിൽ വിമർശനം
 • 2021 മേയ് 28 -തന്റെ ഔദ്യോഗികവസതിയായ 10 ഡൗണിങ് സ്ട്രീറ്റിന്റെ നവീകരണപ്രവൃത്തികൾക്കായി 1.1 ലക്ഷം പൗണ്ട് അനുവദിച്ചത് വിവാദമാകുന്നു
 • നവംബർ 30 -കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുതിർന്ന ഉദ്യോഗസ്ഥർ വിരുന്നുസത്കാരത്തിൽ പങ്കെടുത്തതായി ആരോപണം
 • ഏപ്രിൽ 12 -ലോക്ഡൗണിൽ പാർട്ടി നടത്തിയതിന് ജോൺസന്‌ പിഴ. പ്രധാനമന്ത്രിസ്ഥാനത്തിരിക്കെ ഇത്തരത്തിൽ നിയമം ലംഘിക്കുന്ന ആദ്യയാൾ
 • 2022 മേയ് 25 -ലോക്ഡൗൺ ലംഘിച്ച് സർക്കാർ മദ്യസത്‌കാരപാർട്ടി നടത്തിയതിന്റെ വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥൻ സ്യൂ ഗ്രേ പുറത്തുകൊണ്ടുവരുന്നു
 • 2022 ജൂൺ ആറ് -താൻ അംഗമായിട്ടുള്ള കൺസർവേറ്റീവ് പാർട്ടി കൊണ്ടുവന്ന വിശ്വാസവോട്ടെടുപ്പിൽ ജോൺസൺ വിജയിക്കുന്നു
 • ജൂൺ 30 -ലൈംഗികാരോപണം നേരിട്ട ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചർ രാജിവെക്കുന്നു
 • ജൂലായ് ഏഴ് -ജോൺസന്റെ രാജിപ്രഖ്യാപനം

Content Highlights: Boris Johnson, The British prime minister who revelled in controversies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..