സമ്മാനമായി ലഭിച്ചതും കസ്റ്റംസ് പിടിച്ചെടുത്തതുമായ ആഭരണങ്ങൾ
ബ്രസീലിയ: സൗദി അറേബ്യയിൽനിന്ന് സമ്മാനമായി ലഭിച്ച വിലപിടിപ്പുള്ള രത്നാഭരണങ്ങളും മറ്റും അഞ്ചുദിവസത്തിനുള്ളിൽ തിരികെനൽകണമെന്ന് ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയോട് കോടതി. ബൊൽസൊനാരോ പ്രസിഡന്റായിരുന്ന കാലയളവിൽ ലഭിച്ച എല്ലാ സമ്മാനങ്ങളെ സംബന്ധിച്ച് ഓഡിറ്റ് നടത്താനും കോടതി ആവശ്യപ്പെട്ടു. 32 ലക്ഷം ഡോളർ (ഏകദേശം 26.48 കോടി രൂപ), 75,000 ഡോളർ (ഏകദേശം 62 ലക്ഷം രൂപ) എന്നിങ്ങനെ വിലവരുന്ന രണ്ട് രത്നാഭരണങ്ങളാണ് ബൊൽസൊനാരോയുടെ കൈയിലുള്ളതെന്നാണ് റിപ്പോർട്ട്.
പൊതുഖജനാവുമായി ബന്ധപ്പെട്ട സാമ്പത്തികകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന ദി ഫെഡറൽ കോർട്ട് ഓഫ് അക്കൗണ്ട്‌സിന്റേതാണ്(ടി.സി.യു.) ഉത്തരവ്. 2019-ൽ യു.എ.ഇ.യിൽനിന്ന് സമ്മാനമായി ലഭിച്ച രണ്ട് തോക്കുകളും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് തിരികെയെത്തിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, അഭിഭാഷകർ മുഖേന ബൊൽസൊനാരോ ആരോപണം നിഷേധിച്ചു.
നിയമപ്രകാരം, തികച്ചും സ്വകാര്യവും താരതമ്യേന മൂല്യം കുറവുള്ളതുമായ സമ്മാനങ്ങൾ കൈവശം വെക്കാനുള്ള അധികാരമാണ് ബ്രസീൽ ഭരണാധികാരികൾക്കുള്ളത്. ഇതനുസരിച്ച് സമ്മാനങ്ങളുടെ അവകാശം പ്രസിഡന്റിന്റെ കൊട്ടാരത്തിനാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ യു.എസിൽ കഴിയുന്ന ബൊൽസൊനാരോ, ബ്രസീലിലെ ലുല ഡ സിൽവയുടെ ഇടതുപക്ഷസർക്കാരിനെതിരേ പ്രതിപക്ഷത്തെ നയിക്കാൻ ഉടനെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
Content Highlights: Brazilian Court Orders Jair Bolsonaro To Return Saudi Jewels Within 5 Days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..