രഹസ്യരേഖ കൈകാര്യംചെയ്യുന്നതിൽ വീഴ്ച; ട്രംപിനെതിരേ കുറ്റപത്രം


2 min read
Read later
Print
Share

ഡൊണാൾഡ് ട്രംപ് | Photo: AP

മിയാമി: രഹസ്യരേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്ത കേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് യു.എസ്. നീതിന്യായവകുപ്പ്. ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിനൊടുവിൽ ട്രംപിനെതിരേയുള്ള കുറ്റപത്രം മിയാമി കോടതിയിൽ സമർപ്പിച്ചു. ഏഴുകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വൈറ്റ്ഹൗസ് വിട്ടശേഷവും ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടതടക്കമുള്ള രേഖകൾ സൂക്ഷിച്ച കേസിലാണ് നടപടി. യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് ട്രംപ്.

ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണം

ചൊവ്വാഴ്ച മിയാമിയിലെ കോടതിയിൽ ഹാജരാവാനാവശ്യപ്പെട്ട് തനിക്ക് സമൻസ് ലഭിച്ചതായി ട്രംപ് വ്യക്തമാക്കി. അന്ന് അദ്ദേഹം ഹാജരാകുമെന്ന് അഭിഭാഷകർ സ്ഥിരീകരിച്ചു. കുറ്റപത്രം സമർപ്പിച്ചെങ്കിലും ചുമത്തിയ ഏഴ് കുറ്റങ്ങളേതൊക്കെയെന്ന് നീതിന്യായവകുപ്പ് പരസ്യമാക്കിയിട്ടില്ല. എങ്കിലും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുൾപ്പെടെ കടുത്ത നിയമപ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സൂചന. ചുമത്തിയ ഏഴെണ്ണത്തിൽ ചാരവൃത്തിനിയമപ്രകാരമുള്ള കുറ്റവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ട്രംപിന്റെ അറ്റോർണി സി.എൻ.എന്നിനോട് പറഞ്ഞു. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിർണായക വിവരങ്ങളടങ്ങിയ രേഖകൾ സൂക്ഷിച്ചതും ഗൂഢാലോചനക്കുറ്റവും ട്രംപിനെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

വിചാരണയ്ക്ക് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ അഭിഭാഷകരുമായി പ്രോസിക്യൂട്ടർമാർ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മിയാമി കോടതിയിൽ ഹാജരാവാൻ സമൻസ് ലഭിച്ചുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ നടക്കുന്നത് വേട്ടയാണെന്നും ട്രംപ് ആവർത്തിച്ചു.

ബൈഡന്റെ പ്രതികാരം -ട്രംപ്

‘‘ബൈഡൻ ഭരണകൂടം പ്രതികാരം ചെയ്യുകയാണ്. ഇത് രണ്ടാം തവണയാണ് സർക്കാർ എനിക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തുന്നത്. ഒരു മുൻ അമേരിക്കൻ പ്രസിഡന്റിന് ഇത്തരമൊരവസ്ഥ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല”- ട്രംപ് പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ എ ലാഗോ വീട്ടിൽനിന്ന് രഹസ്യസ്വഭാവമുള്ള നൂറിലധികം സർക്കാർ രേഖകൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ.) റെയ്ഡിലൂടെ കണ്ടെടുക്കുന്നത്. ഇതിനു പിന്നാലെയാണ് നീതിന്യായവകുപ്പ് അന്വേഷണം ആരംഭിച്ചത്. െവെറ്റ്ഹൗസ് വിട്ടുപോകുമ്പോൾ മുന്നൂറിലധികം സുപ്രധാന സർക്കാർ രേഖകൾ ട്രംപ് അലക്ഷ്യമായി മാർ എ ലാഗോയിലേക്ക് കൊണ്ടുപോയെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. എന്നാൽ, ഈ രേഖകൾ രഹസ്യസ്വഭാവമുള്ളതല്ലെന്നാണ് ട്രംപിന്റെ നിലപാട്.

കഴിഞ്ഞ നവംബറിൽ ആരും നിയമത്തിനതീതരല്ലെന്നു പ്രഖ്യാപിച്ച അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ് അന്വേഷണത്തിനായി പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിനെ നിയമിച്ചതാണ് ട്രംപിനെതിരേയുള്ള അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രസിഡന്റെന്ന നിലയിലും രാജ്യത്തെ പൗരനെന്ന നിലയിലും ട്രംപിനെതിരേ വർഷങ്ങളായി നീതിനായവകുപ്പ് നടത്തുന്ന അന്വേഷണങ്ങളിൽ നിർണായകമാണ് ഈ കേസ്.

വേറെയും കേസുകൾ

നീലച്ചിത്രനടി സ്‌റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിൽ ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി ട്രംപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ അറ്റ്‌ലാന്റയിലും വാഷിങ്ടണിലും ട്രംപ് ക്രിമിനൽക്കേസുകളിൽ അന്വേഷണം നേരിടുന്നുമുണ്ട്. വിവിധകേസുകളിലായി നിലവിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ വിചാരണനേരിടുന്നത്, ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ ക്യാമ്പ്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ മുന്നിട്ടുനിൽക്കുന്നത് ട്രംപാണ്.

Content Highlights: chargesheet against donald trump

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..