റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പാലസ് ഓഫ് ഫാസിറ്റ്‌സിൽ നടന്ന സത്കാരത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും
മോസ്കോ: ഉഭയകക്ഷിസൗഹൃദം ഊട്ടിയുറപ്പിച്ച മൂന്നുദിവസത്തെ റഷ്യാ സന്ദർശനം അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബുധനാഴ്ച മടങ്ങി. രണ്ടുദിവസമായി നടത്തിയ ചർച്ചകളിൽ ഷിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും പാശ്ചാത്യരാജ്യങ്ങളെ വിമർശിച്ചു. എന്നാൽ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളൊന്നും ഷിയുടെ സന്ദർശനത്തിൽ ഉരുത്തിരിഞ്ഞില്ല.
യുക്രൈനിൽ സമാധാനമുണ്ടാക്കാൻ ഷി കഴിഞ്ഞമാസം മുന്നോട്ടുവെച്ച 12 ഇന പദ്ധതിയെ പുതിൻ വാഴ്ത്തി. അതു തള്ളിക്കളയുന്ന യുക്രൈനെയും പാശ്ചാത്യരാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു. ഷിയുടെ പരിഹാരപദ്ധതി അവ്യക്തമാണെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം. യുക്രൈനിൽ ആക്രമണം ശക്തിപ്പെടുത്താനായി സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന് പുതിന് സമയം നേടിക്കൊടുക്കുന്നതിനുള്ള തന്ത്രമാണതെന്നും അവർ ആരോപിക്കുന്നു.
യുക്രൈൻ മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഒപ്പുവെക്കാൻ ചൈനയെ ക്ഷണിച്ചെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നും പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. ഷിയുമായി കൂടിക്കാഴ്ചയ്ക്കു തയ്യാറാണെന്ന് സെലെൻസ്കി കഴിഞ്ഞമാസം പറഞ്ഞിരുന്നു.
പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് റഷ്യ പിൻമാറാതെ സമാധാന ചർച്ചയ്ക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യയുടേതായി യുക്രൈൻ അംഗീകരിക്കണമെന്നാണ് പുതിന്റെ ആവശ്യം.
എന്നാൽ, റഷ്യാ സന്ദർശനവേളയിൽ യുക്രൈൻ യുദ്ധത്തെക്കുറിച്ച് ഷി വളരെക്കുറച്ചേ പരാമർശിച്ചുള്ളൂ. യുദ്ധത്തിൽ നിഷ്‌പക്ഷനിലപാടാണ് ചൈനയുടേതെന്ന് അദ്ദേഹം പറഞ്ഞു. ചൈനാ-റഷ്യാ ബന്ധം പുതിയ യുഗത്തിലേക്കു കടക്കുകയാണെന്നും ഷി പറഞ്ഞു.
എന്നാൽ, ചൈനയുടേത് നിഷ്പക്ഷ ഇടപെടലായി കാണാനാവില്ലെന്ന് യു.എസ്. പറഞ്ഞു. യുക്രൈനു പരമാധികാരമുള്ള പ്രദേശങ്ങളിൽനിന്നു പിൻമാറി യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ ചൈന സമ്മർദം ചെലുത്തണമെന്ന് യു.എസ്. ആവശ്യപ്പെട്ടു.
ഉടമ്പടികളിൽ ഒപ്പിട്ടു
ഉഭയകക്ഷിവ്യാപാരം വർധിപ്പിക്കൽ, ഇടപാടുകൾക്ക് ഡോളറിനുപകരം യുവാനോ റൂബിളോ ഉപയോഗിക്കൽ, ഊർജ-ഭക്ഷ്യ സുരക്ഷാരംഗത്തെ സഹകരണം, റെയിൽപ്പാളമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനം തുടങ്ങിയവസംബന്ധിച്ചുള്ള ഉടമ്പടികളിൽ റഷ്യയും ചൈനയും ഒപ്പുവെച്ചു. സൈബീരിയയിൽനിന്ന് വടക്കുപടിഞ്ഞാറൻ ചൈനയിലേക്ക് വാതക പൈപ്പ്‌ലൈൻ ഇടാനും ധാരണയായി.
ജി-7 ഉച്ചകോടിക്ക് സെലെൻസ്കി
ഷിയുടെ റഷ്യാസന്ദർശനസമയത്ത് യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ ബുധനാഴ്ച പോളണ്ടിലേക്കു പോയി. ജി-7 സഖ്യത്തിലെ ആറുരാജ്യങ്ങളുടെ നേതാക്കളും യുക്രൈൻ സന്ദർശിച്ചെങ്കിലും ജപ്പാന്റെ പ്രധാനമന്ത്രി എത്തിയിരുന്നില്ല. ജി-7 ഉച്ചകോടി മേയിൽ ജപ്പാനിൽ നടക്കുന്ന സാഹചര്യത്തിൽ യുക്രൈൻ സന്ദർശനത്തിന് കിഷിഡയ്ക്കുമേൽ സമ്മർദമുണ്ടായിരുന്നു. ജി-7 ഉച്ചകോടിയിൽ വീഡിയോ ലിങ്ക് വഴി പങ്കെടുക്കുമെന്ന് സെലെൻസ്കി ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
യുക്രൈനിൽ ആക്രമണം: നാലു മരണം
ജപ്പാൻ പ്രധാനമന്ത്രി യുക്രൈൻവിട്ട് മണിക്കൂറുകൾക്കകം കീവിനു സമീപം റഷ്യയുടെ ഡ്രോൺ ആക്രമണം. റിഷ്ചീവിലെ ഹൈസ്കൂളിനും കുട്ടികളുടെ പാർപ്പിടങ്ങൾക്കുംനേരെ നടത്തിയ ആക്രമണത്തിൽ വിദ്യാർഥിയുൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലേറെപ്പേർക്കു പരിക്കേറ്റു. സ്കൂളും കുട്ടികളുടെ രണ്ടു പാർപ്പിടങ്ങളും ഭാഗികമായി തകർന്നു.
Content Highlights: Chinese President Xi Jinping returned on Wednesday after a three-day visit to Russia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..