ആബേക്ക്‌ അന്ത്യോപചാരം; ജപ്പാനിൽ പ്രതിഷേധം


Shinzo Abe

ടോക്യോ: ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക്‌ ഔദ്യോഗിക അന്ത്യോപചാരം നൽകാനുള്ള തീരുമാനം വിവാദത്തിൽ. തലസ്ഥാനമായ ടോക്യോയിൽ പ്രധാനമന്ത്രികാര്യാലയത്തിന് സമീപം പ്രതിഷേധത്തിനിടെ എഴുപതുകാരൻ ദേഹത്ത് സ്വയംതീകൊളുത്തി. സാരമായി പൊള്ളലേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ‘വ്യക്തിപരമായി തീർത്തും എതിർക്കുന്നു’ എന്നെഴുതിയ കുറിപ്പ് ഇദ്ദേഹത്തിൽനിന്ന് കണ്ടെടുത്തു.

സെപ്റ്റംബർ 27-നാണ് ഷിൻസോ ആബേക്ക്‌ ഔദ്യോഗിക വിടനൽകൽ നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പ്രതിപക്ഷ ആരോപണമാണ് പെട്ടെന്നുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്. ജപ്പാനിൽ ഔദ്യോഗിക അന്ത്യോപചാരത്തിന് കൃത്യമായ നിർവചനമോ രീതിയോ ഇല്ലാത്ത സാഹചര്യത്തിൽ വിഷയം പാർലമെന്റിൽ കൂടിയാലോചിക്കണമായിരുന്നു എന്നാണ് വാദം.പരിപാടി സംഘടിപ്പിക്കാൻ 1.2 കോടി ഡോളർ (ഏകദേശം 95.8 കോടി രൂപ) ചെലവുവരുമെന്നാണ് സർക്കാർ കണക്ക്. നേരത്തെ പറഞ്ഞതിനെക്കാൾ ഏറെ ഉയർന്ന തുകയാണിതെന്നതും എതിർപ്പിന് കാരണമായിട്ടുണ്ട്.

ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണെങ്കിലും ഷിൻസോ ആബേ പൂർണ ജനകീയനല്ല. ആബേയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് യുണിഫിക്കേഷൻ ചർച്ചുമായുള്ള ബന്ധം വിവാദവിഷയമാണ്. ജൂൺ എട്ടിന് ആബേ കൊല്ലപ്പെടാൻ കാരണമായതുപോലും ഈ ബന്ധമാണെന്ന് സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കവെ തെറ്റ്‌സുയ യാമാഗാമി എന്നയാളാണ് ഷിൻസോ ആബേയെ വെടിവെച്ചത്. ജൂലായിൽ സ്വകാര്യച്ചടങ്ങിൽ മൃതദേഹം സംസ്കരിച്ചു.

ലോകയുദ്ധാനന്തരം ഇതിനുമുൻപ് ജപ്പാൻ ഔദ്യോഗിക അന്ത്യോപചാരം നൽകിയിട്ടുള്ളത് 1967-ൽ മുൻ പ്രധാനമന്ത്രി ഷിഗേരു യോഷിദയ്ക്കാണ്. സെപ്റ്റംബർ 27-ന് ഷിൻസോ ആബേക്ക്‌ ആദരാഞ്ജലി അർപ്പിക്കാൻ യുഎസ്. വൈസ് പ്രസിഡന്റ് കമലാഹാരിസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് തുടങ്ങിയവർ എത്തുമെന്നാണ് സൂചന. ടോക്യോയിലെ ബുഡോക്കൻ മന്ദിരത്തിലാണ് പരിപാടി നടക്കുക.

Content Highlights: Controversy over former Japan PM Shinzo Abe's state funeral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..