വിദ്യാഭ്യാസനിഷേധം: 30 ലക്ഷം അഫ്ഗാൻപെൺകുട്ടികളുടെ ഭാവി ഇരുട്ടിൽ


താലിബാന്റെ വിദ്യാഭ്യാസനിഷേധം, അഫ്ഗാൻപെൺകുട്ടികളെ ബാലവിവാഹത്തിന് നിർബന്ധിതരാക്കുന്ന സ്ഥിതിയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ആക്രമണവും ചൂഷണവും വർധിച്ചു. മാർച്ച് 21-ന് സ്കൂളുകൾ തുറക്കാനിരിക്കേ, വിദ്യാഭ്യാസം നിഷേധിച്ചതിലെ ആശങ്കയിലാണിവർ.

പ്രതീകാത്മക ചിത്രം | Photo: AFP

കാബൂൾ: താലിബാന്റെ വിദ്യാഭ്യാസനിഷേധം 30 ലക്ഷം അഫ്ഗാൻപെൺകുട്ടികളുടെ ഭാവി ഇരുട്ടിലാക്കിയെന്ന് റിപ്പോർട്ട്. സ്കൂളിൽ പ്രവേശനം നേടുകയും പിന്നീട് താലിബാന്റെ വിലക്കുവീണതോടെ ഇരുളടഞ്ഞ അധ്യായമായിമാറുകയും ചെയ്തതാണ് ഇതിൽ മിക്കവരുടെയും ജീവിതം.

2021-ൽ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ താലിബാൻ നടത്തിവരുന്നത് ക്രൂരമായ നീതിനിഷേധമാണെന്ന് ‘സേവ് ദ ചിൽഡ്രൻ’ എന്ന മനുഷ്യാവകാശസംഘടനയെ ഉദ്ധരിച്ച് ടോളോ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

താലിബാന്റെ വിദ്യാഭ്യാസനിഷേധം, അഫ്ഗാൻപെൺകുട്ടികളെ ബാലവിവാഹത്തിന് നിർബന്ധിതരാക്കുന്ന സ്ഥിതിയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ആക്രമണവും ചൂഷണവും വർധിച്ചു. മാർച്ച് 21-ന് സ്കൂളുകൾ തുറക്കാനിരിക്കേ, വിദ്യാഭ്യാസം നിഷേധിച്ചതിലെ ആശങ്കയിലാണിവർ. തങ്ങൾക്ക് സ്കൂളുകളിൽ തിരികെ പ്രവേശനം നൽകണമെന്ന് പെൺകുട്ടികൾ താലിബാനോടാവശ്യപ്പെട്ടു. “ആറാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച ലോകത്തെ ഏക രാജ്യമാണ് അഫ്ഗാനിസ്താൻ. നല്ലഭാവിക്കായി പെൺകുട്ടികൾ പൊരുതുകയാണ്. കാരണം, അവർക്കറിയാം വിജയത്തിലേക്കുള്ള മികച്ചമാർഗം സ്കൂൾവിദ്യാഭ്യാസം നേടുക എന്നതാണ്” - സേവ് ദ ചിൽഡ്രൻ സംഘടനയുടെ അഫ്ഗാൻ ഡയറക്ടർ ഒലീവിയർ ഫ്രാഞ്ചി പറഞ്ഞു.

സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ചതിനുപിന്നാലെ, സർവകലാശാലാവിദ്യാഭ്യാസം നേടുന്നതിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും താലിബാൻ വിലക്കി. സന്നദ്ധപ്രവർത്തനവും മറ്റ് തൊഴിലിടങ്ങളും സ്ത്രീകൾക്ക് അപ്രാപ്യമാക്കി. ഉദ്യാനങ്ങൾ, വ്യായാമപരിശീലനകേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് പ്രവേശനവിലക്കേർപ്പെടുത്തി. അതേസമയം, സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് താലിബാൻ നടത്തുന്ന അവകാശലംഘനങ്ങൾ അഫ്ഗാനിസ്താനെ അന്താരാഷ്ട്രസമൂഹം ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് മുൻ ധനകാര്യമന്ത്രി ഹസ്‌റത് ഒമർ സഖിൽവാൽ ഓർമിപ്പിച്ചു.

Content Highlights: Denied education over 3 million Afghan girls face bleak future

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..