ചാരക്കപ്പലിന് അനുമതി നിഷേധിക്കൽ, ശ്രീലങ്കയുമായി അടിയന്തര ചർച്ച ആവശ്യപ്പെട്ട് ചൈന


ശ്രീലങ്കൻ പതാക

കൊളംബോ: തങ്ങളുടെ അത്യാധുനിക ചാരക്കപ്പൽ യുവാൻ വാങ് 5-ന് തുറമുഖത്തണയാൻ അനുവാദം നൽകുന്നത് നീട്ടിവെച്ച ശ്രീലങ്കൻ നടപടിയെ ചോദ്യംചെയ്ത് ചൈന. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇന്ധനം നിറയ്ക്കാനും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനുമായി കപ്പലിനെ ശ്രീലങ്കയിലെ തന്ത്രപ്രധാനമായ ഹംബൻടോട്ട തുറമുഖത്ത് അടുക്കാൻ അനുമതി നൽകണമെന്നായിരുന്നു ചൈനയുടെ ആവശ്യം.

എന്നാൽ, ചൈനയുടെ ഈ ആവശ്യത്തിൽ ഇന്ത്യ ശ്രീലങ്കയെ ഉത്കണ്ഠ അറിയിച്ചു. തുടർന്നാണ് കപ്പൽ തുറമുഖത്ത് അടുക്കുന്നത് ശ്രീലങ്ക താത്‌കാലികമായി തടഞ്ഞത്. സാറ്റ്‌ലൈറ്റുകളെയും ഭൂഖണ്ഡാന്തര മിസൈലുകളെയും നിരീക്ഷിക്കാൻ സംവിധാനമുള്ളതാണ് കപ്പൽ. ഓഗസ്റ്റ് 11 മുതൽ 17 വരെ തുറമുഖത്ത് അടുക്കാനുള്ള അനുമതിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കപ്പൽ തുറമുഖത്ത് അടുക്കുന്നത് മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെക്കണമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ചൈനീസ് എംബസി ശ്രീലങ്കൻ അധികൃതരോട് വിഷയം അടിന്തരമായി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ കൊളംബോയിലെ ചൈനീസ് അംബാസഡർ ക്വി ഷെനോങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ശ്രീലങ്കയിലെ വാർത്താ പോർട്ടലുകൾ റിപ്പോർട്ടുചെയ്തു. പ്രസിഡൻറിന്റെ ഓഫീസ് ഇക്കാര്യം നിഷേധിച്ചു.

ആഭ്യന്തര കലാപത്തെതുടർന്ന് രാജിവെച്ച ശ്രീലങ്കയിലെ മുൻസർക്കാരാണ് കപ്പലിന് തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനൊപ്പം ഇന്ത്യൻ മാഹസമുദ്രത്തിൽ നിരീക്ഷണം നടത്താനും കപ്പൽ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ട്. ചൈനീസ് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ശ്രീലങ്ക ഹംബൻടോട്ട തുറമുഖം വികസിപ്പിച്ചിരുന്നത്.

കപ്പൽ തുറമുഖത്ത് അടുക്കുന്നത് തങ്ങളുടെ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഇന്ത്യ ശ്രീലങ്കയെ ശക്തമായ ഭാഷയിൽ അറിയിച്ചിരുന്നു. വിഷയം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുവരുകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്തം ബഗ്ച്ചി ന്യൂഡൽഹിയിൽ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ പ്രവേശനത്തെ നേരത്തേയും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. 2014-ൽ ചൈനീസ് മുങ്ങിക്കപ്പലിന് തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ശ്രീലങ്കയിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ചൈന ആ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പങ്കാളിയാണ്. എന്നാൽ, രാജ്യത്ത് അടുത്തയിടെയുണ്ടായ സാന്പത്തിക പ്രതിസന്ധിയെയും ആഭ്യന്തരകലാപത്തെയും തുടർന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയുടെ പ്രധാന സൗഹൃദ പങ്കാളിയാണ് ഇന്ത്യയിപ്പോൾ.

Content Highlights: Denying permission to spy ship China demands urgent talks with Sri Lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..