ഇന്ത്യയിൽ നിക്ഷേപിച്ചില്ലെങ്കിൽ നഷ്ടബോധത്താൽ ദുഃഖിക്കും -പ്രധാനമന്ത്രി


1 min read
Read later
Print
Share

Narendra Modi and Mette Frederiksen | Photo: ANI

കോപ്പൻഹേഗൻ: ഇന്ത്യയിൽ നിക്ഷേപിക്കാൻ മടിച്ചുനിൽക്കുന്നവർ നഷ്ടബോധത്താൽ ദുഃഖിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്‌സനും പങ്കെടുത്തു.

ത്രിദിന യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാംദിവസമാണ് മോദി ഡെൻമാർക്ക്‌ തലസ്ഥാനമായ കോപ്പൻഹേഗനിൽ എത്തിയത്. വിമാനത്താവളത്തിൽ ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്‌സൻ അദ്ദേഹത്തെ സ്വീകരിച്ചു.

തിങ്കളാഴ്ച ജർമനി സന്ദർശിച്ച ശേഷമാണ് മോദി ഡെന്മാർക്കിൽ എത്തിയത്. ബുധനാഴ്ച പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യയിലേക്ക് മടങ്ങും.

സുസ്ഥിര വികസനത്തിന് ജർമനിയുടെ സഹായം

ജർമനിയിൽ ഒലാഫ് ഷോൾസ് ചാൻസലറായി അധികാരമേറ്റശേഷം ആദ്യമായാണ് മോദി സന്ദർശനം നടത്തിയത്.

ഇരുവരും ചേർന്ന് ആറാമത് ഇന്ത്യ-ജർമനി സർക്കാർതല സമ്മേളനത്തിന് അധ്യക്ഷതവഹിച്ചു. ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തത്തിനുള്ള സംയുക്ത പ്രസ്താവനയിൽ മോദിയും ഷോൾസും ഒപ്പുവെച്ചു. കാലവസ്ഥാ ലക്ഷ്യങ്ങൾക്കായി ഇന്ത്യക്ക് ജർമനി 1000 കോടി യൂറോയുടെ (ഏകദേശം 81,000 കോടി രൂപ) അധിക സഹായം നൽകും. 2030 ആകുമ്പോഴേക്കും 50 ശതമാനം പുനരുപയോഗ ഊർജത്തെ ആശ്രയിക്കുക, ഫോസിൽ ഇന്ധനങ്ങളിൽനിന്നല്ലാതെ 500 ജിഗാവാട്ട് വൈദ്യുതി ഉത്പാദനശേഷി കൈവരിക്കുക എന്നിവയാണ് അതിൽ പ്രധാനം. ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. മൂന്നാം ലോകരാജ്യങ്ങളിലെ വികസന പദ്ധതികൾ, വിവരകൈമാറ്റവും സൂക്ഷിക്കലും, പുനരുപയോഗ ഊർജ പങ്കാളിത്തം, കുടിയേറ്റം, കോർപ്പറേറ്റ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ സംബന്ധിച്ച കരാറുകളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..